2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

എം.പി ഫണ്ട് ഉപയോഗിച്ച് സി.പി.ഐ നേതാവിന്റെ വീട്ടു വളപ്പിലേക്ക് പൈപ്പിടാന്‍ ശ്രമമെന്നാരോപണം

 

ചാവക്കാട്: പുന്നയില്‍ എം.പി ഫണ്ട് ഉപയോഗിച്ച് സി.പി.ഐ നേതാവിന്റെ വീട്ടു വളപ്പിലേക്ക് ശുദ്ധജല വിചരണ പൈപ്പിടാന്‍ ശ്രമമെന്നാരോപിച്ച് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ തടഞ്ഞു. ചാവക്കാട് നഗരസഭ അഞ്ചാം വാര്‍ഡ് പുന്ന ക്ഷേത്രത്തിനു വടക്കു ഭാഗത്താണ് സംഭവം. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ നിലവിലുള്ള ഭൂമിയിലൂടെയാണ് പുതിയ പൈപ്പിടാന്‍ ശ്രമിച്ചത്. വാര്‍ഡിലെ നഗരസഭാ കൗണ്‍സിലര്‍ ഷാഹിത മുഹമ്മദിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പൈപ്പിടല്‍ ശ്രമം തടഞ്ഞത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കരാറുകാരന്‍ പണി നിറുത്തി വെച്ചു. സി.എന്‍. ജയദേവന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ആറ് ലക്ഷത്തോളം ചെലവിട്ട് പുന്ന മേഖലയില്‍ രണ്ടിടത്തായി 600 മീറ്റര്‍ വീതം ദൂരത്തില്‍ പുതിയ പൈപ്പിടാന്‍ അനുമതിയുണ്ടായത്. വാര്‍ഡ് കൗണ്‍സിലര്‍ പോലും അറിയാതെ നഗരസഭയുടെ ഒത്താശയോടെയാണ് സി.പി.ഐ പ്രാദേശിക നേതാവിന്റെ വീടും, ബന്ധു വീടുമായി രണ്ടു വീടുകള്‍ മാത്രമുള്ള ഭാഗത്തേക്ക് 600 മീറ്റര്‍ അകലത്തില്‍ പുതിയ പൈപ്പിടാന്‍ തെരഞ്ഞെടുത്തതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. പുന്നയില്‍ നിരവധി കുടംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മിക്ക സ്ഥലങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോള്‍ എം.പി ഫണ്ട് ദൂരൂപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ ആരോപിച്ചു. മേഖലയില്‍ അനുവദിച്ച ഒരു പദ്ധതി സെയ്താലി കോളനിയിലേക്കാണ്. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ഈ ഭാഗത്ത് 600 മീറ്റര്‍ കൊണ്ട് മാത്രം പൈപ് ലൈന്‍ എത്തുകയില്ലെന്നും ആക്ഷേപമുണ്ട്.
ഇപ്പോള്‍ സി.പി.ഐ പ്രാദേശിക നേതാവിന്റെ വീട്ടു മുറ്റത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന പൈപ്പുകള്‍ എടുത്തു സൈയ്താലി കോളനിയിലെ കുടുംബങ്ങള്‍ക്ക് പൂര്‍ണമായി വെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ സീകരിക്കണമെന്ന് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദ് ആവശ്യപ്പെട്ടു. പുന്ന ക്ഷേത്രത്തിനു സമീപം നഞ്ച ഭൂമി മൊത്തമായെടുത്ത് എടുത്ത് അഞ്ച് സെന്റ് വീതം തിരിച്ച് വില്‍പ്പന നടത്തുകയും വീട് വെക്കാനാണന്ന കാരണം കാണിച്ച് പാടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ നേരത്തെ തടഞ്ഞിരുന്നു. ഈ എതിര്‍പ്പ് വകവെക്കാതെ കുറേ ഭാഗം നികത്തിയിരുന്നു. പരാതി ഉയര്‍ന്നതോടെ അനധിക്യതമായി പാടംനികത്തുന്നത് തടഞ്ഞ് വില്ലേജ് അധിക്യതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഈ ഭൂമിയിലൂടെയാണ് പുതിയ പൈപ്പിടല്‍ നടന്നത്. പാടം നികത്തിയാണ് വീട് വെച്ചതെന്ന പരാതിയില്‍ സ്റ്റോപ് മെമ്മോയുള്ളതിനാല്‍ ഇവിടെ പണിത രണ്ടു വീടുകക്ക് നഗരസഭ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ല. അതേ സമയം പുന്നയില്‍ ശുദ്ധജല പൈപ്പിടുന്നത് നഗരസഭയുടെ ഒത്താശയോടെയാണെന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പറഞ്ഞു. വിഷയത്തില്‍ നഗരസഭക്ക് യാതൊരു റോളുമില്ലെന്നും രാഷ്ട്രീയ വിദ്വേഷമാണ് നഗരസഭയെ ആക്ഷേപിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.