2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

എം.ടി: കാലത്തിന്റെ കാതലില്‍ കടഞ്ഞെടുത്ത മോഹനസൃഷ്ടി

പി.ഖാലിദ് 8589984479

കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനു സുവര്‍ണപദങ്ങളാല്‍ ആലേഖനം ചെയ്ത അധ്യായം തീര്‍ത്ത പ്രതിഭാധനനാണ് എം.ടി വാസുദേവന്‍ നായര്‍. ഓരോ മലയാളിയും അവന്റെ സ്വകാര്യ അഹങ്കാരമായി താലോലിക്കുന്ന പ്രതിഭയുടെ അര്‍ക്കദീപ്തി. അത്തരമൊരു പ്രകാശഗോപുരത്തെ ഇന്നത്തെ ഇന്ത്യന്‍ ഗ്രഹണകാലത്ത് ഞാഞ്ഞൂളുകള്‍ക്കു കൊത്തി വിഷമേല്‍പ്പിക്കാനാകില്ല. അതിന്റെ സുവര്‍ണ ശോഭ മങ്ങുകയുമില്ല.
എഴുത്തുകാര്‍ സ്വപ്നങ്ങളാല്‍ വനകല്ലോനികളും പ്രേമസ്വര്‍ഗങ്ങളും തീര്‍ത്തുകൊണ്ടിരുന്ന അറുപതുകളില്‍ വിറകൊള്ളുന്ന അക്ഷരങ്ങളുമായി പുതിയ ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് എം.ടി. തിരസ്‌കൃതന്റെ നെടുവീര്‍പ്പുകളും നിശ്ശബ്ദനിലവിളികളും ആത്മനിന്ദയുടെ കയ്പ്പും മലയാളി ആദ്യമായി അറിഞ്ഞത് എം.ടി തീര്‍ത്ത കഥാപാത്രങ്ങളിലൂടെയായിരുന്നു. കനലെരിയുന്ന നെഞ്ചുമായി വന്ന കഥാപാത്രങ്ങള്‍ മലയാളിയുടെ രാവുകളെ നിദ്രാവിഹീനങ്ങളാക്കി.
ഏകാന്തപഥികരായ നിസ്സഹായരുടെ ആത്മനൊമ്പരങ്ങള്‍ മലയാളി അവന്റെ കരള്‍കുമ്പിളാക്കിയാണ് എം.ടിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. എത്തുമ്പോഴേയ്ക്കും വിട്ടുപോകുന്ന രാത്രി ബസ്, കാലെടുത്തുവയ്ക്കാനാകുമ്പോഴേക്കും അടയുന്ന വാതിലുകള്‍, കടവിലോടിക്കിതച്ചെത്തുമ്പോഴേയ്ക്കും അകന്നുപോകുന്ന കടത്തുവള്ളം, അറുപതുകളിലെ ചെറുപ്പക്കാരന്റെ അവസാനത്തെ പ്രതീക്ഷകളും അസ്തമിക്കുന്നതിന്റെ നേര്‍ചിത്രങ്ങളായിരുന്നു ഇവയൊക്കെയും.
അറുപതു മുതല്‍ക്കുള്ള തീക്ഷ്ണയൗവനങ്ങളുടെ നിര്‍ഭാഗ്യങ്ങള്‍ ഇത്രയും ഭാവതീവ്രമായി പകര്‍ത്തിയ മറ്റൊരു എഴുത്തുകാരന്‍ ഇന്ത്യന്‍ സാഹിത്യനഭോമണ്ഡലത്തില്‍ വേറെയില്ല. മലയാളിയുടെ ഭാവുകത്വത്തെ മാറ്റിപ്പണിതുവെന്ന നന്മയും എം.ടിയുടെ സുകൃതജന്മം കൈരളിക്കു നല്‍കി. മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമായി എം.ടി അവരില്‍ നിറഞ്ഞു. എം.ടി നല്‍കിയ ബിംബകല്‍പനകളിലൂടെയും ഭാഷാപ്രയോഗത്തിലൂടെയുമാണു മലയാളി അവന്റെ ഓര്‍മകളെ വീണ്ടെടുത്തത്.
തങ്ങളുടെതന്നെ ജീവിതം ഉപേക്ഷിച്ചുകൊണ്ടാണു മലയാളികള്‍ പലരും ജീവിതത്തിന്റെ അര്‍ഥം തേടിയലഞ്ഞത്. ഉപേക്ഷിക്കപ്പെട്ട ജീവിതം ഓര്‍മകളിലൂടെ അവര്‍ ജീവിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ മറവികള്‍ക്കെതിരേയുള്ള കലാപവും കൂടിയായിരുന്നു എം.ടിയുടെ സൃഷ്ടികളത്രയും. സേതുവും അപ്പുണ്ണിയും ബാപ്പുട്ടിയും വാസുവും ഗോവിന്ദന്‍കുട്ടി എന്ന അബ്ദുല്ലയും ഓരോ മലയാളിയുടെയും ഉള്ളില്‍ ഇന്നും ജീവിക്കുന്നത് അതിനാലാണ്. തകര്‍ന്ന സ്വപ്നങ്ങളുമായി തകര്‍ന്ന തറവാടുകളുടെ ഇരുളടഞ്ഞ മുറികളില്‍ നെടുവീര്‍പ്പോടെ കഴിഞ്ഞുകൂടിയ എത്രയെത്ര നിര്‍ഭാഗ്യവതികളെ മരുമക്കത്തായത്തിന്റെ ദുരന്തകഥാപാത്രങ്ങളായി എം.ടി മലയാളികള്‍ക്കു വരച്ചുകാണിച്ചു.
അക്ഷരങ്ങളുടെ നൈവേദ്യമായിരുന്നു എം.ടിയുടെ ഓരോ രചനയും. തുഞ്ചന്‍സ്മാരകത്തെ കാവി പൂശാനനുവദിക്കാതെ എല്ലാവര്‍ക്കും നിര്‍ഭയരായി കടന്നുവരാവുന്ന കലയുടെ ദേവാലയമാക്കി അതിന്റെ കാവല്‍ക്കാരനായി നിലകൊള്ളുന്ന അഗ്നിദേവനാണ് എം.ടിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അവിടെ നിത്യവും വിളക്കുവയ്ക്കണമെന്ന കാവി ജ്വരബാധിതരുടെ ആവശ്യം നിരാകരിച്ചതിന്റെ അരിശംതീര്‍ക്കുകയാണ് ഇപ്പോള്‍ അദ്ദേഹത്തിനു നേരേ.
സാഗരഗര്‍ജവിമര്‍ശനങ്ങളെ പോലും എം.ടി നേരിട്ടത് എഴുതിയ വാക്കുകളേക്കാള്‍ പ്രഹരശേഷിയുള്ള മൗനംകൊണ്ടായിരുന്നു. രാധാകൃഷ്ണന്മാര്‍ക്കും അതുതന്നെയായിരിക്കണം മറുപടിയെന്ന് അപേക്ഷിക്കട്ടെ. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച ഒരു തകര അടുത്ത വെയിലിനു വാടും. കാലം മായ്ക്കാത്ത വാചകമോ വാക്കോ ഇത്തരം മുഖസ്തുതിക്കാര്‍ക്ക് ഒരിക്കലെങ്കിലും എഴുതാനാകുമോ. ഉരിയാടാനാകുമോ. കാലത്തിന്റെ കാതലില്‍ തീര്‍ത്ത മോഹന കൊത്തുപണിയാണ് എം.ടി വാസുദേവന്‍നായരെന്നു തലമുറകള്‍ ഏറ്റുപാടുന്ന ഒരു കാലം വരും. അന്ന് വിസ്മൃതിയുടെ മണ്ണില്‍ അമര്‍ന്നിട്ടുണ്ടാകും ഇന്നത്തെ സംഘഗാനക്കാര്‍.
ഇന്ത്യയുടെ സാഹിത്യ,സാംസ്‌കാരിക,വിദ്യാഭ്യാസരംഗങ്ങളില്‍ രത്‌നഖചിതമായ സംഭാവനകളര്‍പ്പിച്ച മഹാമനീഷികളെ കാണാമറയത്തേയ്ക്കു തള്ളി ചരിത്രത്തെയും വിദ്യാഭ്യാസത്തെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളുടെ ഭാഗമായിട്ടുവേണം കേരളത്തിലും ഈയിടെയായി നടന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതാപ്രകടനങ്ങളെ കാണാന്‍. ചരിത്രം തിരുത്തിയെഴുതുക, നിര്‍ഭയരായ എഴുത്തുകാരെ അപമാനിക്കുക, വിദ്യാഭ്യാസരംഗമാകെ കാവിമയമാക്കുക, അക്കാദമിക് സ്ഥാപനങ്ങളെ വര്‍ഗീയവത്കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാറിനെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്ന പ്രശസ്തരായ പ്രമുഖര്‍ക്കെതിരേ വ്യക്തിഹത്യ നടത്തുന്ന പ്രവണത കൂടി ബി.ജെ.പി ആരംഭിച്ചിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. മോദി വിരുദ്ധരായ എഴുത്തുകാര്‍ക്കും ചരിത്രകാരന്മാര്‍ക്കുമെതിരേ സാമൂഹികമാധ്യമങ്ങളില്‍ ട്രോളിങ് നടത്തി ആക്രമിക്കുന്ന പദ്ധതി ബി.ജെ.പി നേതൃത്വം സംഘ്പരിവാര്‍ വിഭാഗത്തെ ഏല്‍പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയെ സംബന്ധിച്ച നിരക്ഷരതയായിരിക്കാം കോഴിക്കോട്ട് പത്രസമ്മേളനത്തിലൂടെ തന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുവാന്‍ ബി.ജെ.പി സെക്രട്ടറിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
കാലം മാറും. അന്നു രാധാകൃഷ്ണന്മാരെ ആരോര്‍ക്കാന്‍. അന്നും എം.ടി വാസുദേവന്‍നായര്‍ സൂര്യതേജസായി മലയാളിയുടെ മനസിലുണ്ടാകും. ഇന്ത്യയുടെ സാംസ്‌കാരികചക്രവാളത്തില്‍ പ്രതിഭയുടെ സ്വര്‍ണരേണുക്കള്‍ വാരിവിതറി കടന്നുപോയ മഹാരഥന്മാരെ ക്ഷണിക ജീവികളായവര്‍ക്കെങ്ങനെ മായ്ക്കാനാകും. 1991 ല്‍ ജര്‍മനിയില്‍ നടന്ന ഇന്ത്യാ ഫെസ്റ്റിവലിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ പ്രതിനിധിയായി അയച്ചത് ചിന്ന മൗലാനാ സാഹിബിനെയായിരുന്നു. സരസ്വതിദേവിയുടെ ഏതു ചിത്രത്തിലും കാണാവുന്ന രുദ്രവീണ വായിക്കാന്‍ ഒരേ ഒരു ഉസ്താദ് മാത്രമേ ഇന്ത്യയിലുണ്ടായിരുന്നുള്ളു; ഉസ്താദ് അസദ് അലിഖാന്‍.
പണ്ഡിറ്റ് രവിശങ്കര്‍ വായിച്ചിരുന്ന സിതാറിന് രൂപം നല്‍കിയത് അമീര്‍ ഖുസ്രുവായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ ഇന്നത്തെ അസഹിഷ്ണുതയുടെ വക്താക്കള്‍ ഓര്‍ക്കണം. ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയായുടെ ദര്‍ഗയില്‍ വച്ചാണ് ഇതു രൂപകല്‍പന ചെയ്തത്. ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിയും ഇതേ ദര്‍ഗയിലാണു ജന്മം കൊണ്ടത്. ഹിന്ദി ഭാഷയിലെ ഏറ്റവും വലിയ കവി അമീര്‍ഖുസ്രുവായിരുന്നുവെന്ന സത്യം മായ്ക്കാനാകുമോ ഇന്നത്തെ ഫാസിസത്തിന്റെ ഉപാസകര്‍ക്ക്. ഇന്ത്യയുടെ മഹിത പാരമ്പര്യത്തെ എത്ര മൂടിവച്ചാലും കാലം അതെല്ലാം പുറത്തെടുക്കുകതന്നെ ചെയ്യും. എം.ടിയും അതേ മഹിതപാരമ്പര്യത്തിലെ പ്രധാനകണ്ണിയാണ്.
എന്തുകൊണ്ടാണ് താങ്കളുടെ കൃതികളിലൊക്കെയും മുസ്‌ലിംകഥാപാത്രങ്ങള്‍ നന്മ നിറഞ്ഞവരാകുന്നുവെന്നത് ഒരു മാധ്യമപ്രവര്‍ത്തകന്‍ എം.ടിയോടു ചോദിച്ചപ്പോള്‍ എം.ടി പറഞ്ഞ മറുപടി- ‘ഞാന്‍ കണ്ട, ഇടപെട്ട മുസ്‌ലിംകളെല്ലാം നന്മനിറഞ്ഞവരായിരുന്നുവെന്നാണ്. പ്രശസ്ത സാഹിത്യകാരനായിരുന്ന എന്‍.പി മുഹമ്മദിന്റെ മയ്യിത്തിനരികില്‍ നെഞ്ചുപൊട്ടി കരഞ്ഞ എം.ടിയെ ആര്‍ക്കാണു മറക്കാന്‍ കഴിയുക.
ഇന്നു സംഘ്പരിവാര്‍ സംഘഗാനം പോലെ നരേന്ദ്രമോദിയെ സ്തുതിഗീതങ്ങളാല്‍ പുകഴ്ത്തുകയാണ്. ഇന്ദ്രനോടൊക്കും ഭവാന്‍ ചന്ദ്രനോടൊക്കും ഭവാന്‍ എന്ന കൂട്ടഗാനം ആലപിക്കുകയാണവര്‍. പക്ഷേ, നരേന്ദ്രമോദി ജോര്‍ജ്ജ് ചാപ്പ് മാന്‍ എന്ന വിശ്രുത എഴുത്തുകാരന്‍ പറഞ്ഞ പൊള്ളുന്ന ഒരു വാചകം ഓര്‍ക്കുന്നതു നല്ലതായിരിക്കും. ‘മുഖസ്തുതിക്കാരന്‍ സുഹൃത്തുക്കളെപ്പോലെ തോന്നിക്കും. ചെന്നായ്ക്കള്‍ നായ്ക്കളാണെന്നു തോന്നിപ്പിക്കുമ്പോലെ.’
കാലം മായ്ക്കാത്ത എം.ടിയുടെ വാക്കുകള്‍ ഇന്നും മലയാളിയുടെ നെഞ്ചിനകത്ത് പൊള്ളുകയാണ്. മലയാളിയുടെ ഭാഷയെത്തന്നെ ഏറെ സ്വാധീനിച്ചവയാണ് എം.ടിയുടെ രചനകള്‍. ഓരോ വായനക്കാരനും തന്റെ അനുഭവപരിസരങ്ങളെയാണല്ലോ എം.ടി അടയാളപ്പെടുത്തുന്നതെന്നോര്‍ത്ത് ഓരോ പുസ്തകത്തെയും നെഞ്ചോടു ചേര്‍ത്തു. ഇന്ന് യുവജനങ്ങളടക്കമുള്ളവര്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ഹരിതാഭയും പുഴകളും ഗ്രാമഭംഗിയും തിരികെ പിടിക്കാന്‍ കലാപം നടത്തുന്നുവെങ്കില്‍ അതിനവര്‍ക്കു കൂട്ടായിത്തീരുന്നത് എം.ടിയുടെ രചനകളാണ്. വ്യാപകമായിക്കൊണ്ടിരിക്കുന്ന നഗരസംസ്‌കൃതിക്കെതിരേ തന്റെ എഴുത്തിലൂടെ ഏകാംഗപട്ടാളമായി അദ്ദേഹം പൊരുതി.
എഴുത്തിന്റെ ഭാഷയെ നവീകരിക്കുകയും അതു കാലത്തിന്റെ കമനീയരൂപങ്ങളാക്കി മാറ്റുകയും ചെയ്ത അനുഗൃഹീത എഴുത്തുകാരാ, താങ്കളും താങ്കളുടെ സൃഷ്ടികളും വിസ്മൃതമാകുന്ന ഒരു കാലം വരുമായിരിക്കാം. അന്നു പക്ഷേ, അവസാനത്തെ മലയാളിയും ഭൂമുഖത്തുനിന്നു മറഞ്ഞുപോയിട്ടുണ്ടാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.