2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

എം.എല്‍.എയുടെ മകനുമായി കൂടിക്കാഴ്ച നടത്തിയെന്ന് യദ്യൂരപ്പ

 

ബംഗളൂരു: ജനതാദള്‍-എസ് എം.എല്‍.എ നാഗനഗൗഡ കണ്ഡകൂറിന്റെ മകനുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ. ദേവ്ദുര്‍ഗിലെ ഗസ്റ്റ്ഹൗസില്‍ വച്ചാണ് നാഗനഗൗഡയുടെ മകന്‍ ശരണഗൗഡയെ കണ്ടത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ശരണഗൗഡ തന്നെ കാണാനെത്തിയതെന്നും യദ്യൂരപ്പ പറഞ്ഞു.
താനുമായുള്ള സംഭാഷണം ശരണഗൗഡ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതിലെ പ്രധാനഭാഗങ്ങള്‍ ഒഴിവാക്കിയാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇത് കുമാരസ്വാമിയുടെ ഗൂഢാലോചനയാണ്. അദ്ദേഹമാണ് ശരണഗൗഡയെ അയച്ചതെന്നും യദ്യൂരപ്പ പറഞ്ഞു.
ശരണഗൗഡയുമായി സംസാരിച്ചെന്നത് സത്യമാണ്. എന്നാല്‍ എല്ലാകാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. സ്പീക്കറെ വിലയ്‌ക്കെടുക്കുമെന്ന് പറഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്പീക്കര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. അദ്ദേഹം സത്യസന്ധനാണ്. സത്യസന്ധമല്ലാത്ത കാര്യങ്ങളാണ് കുമാരസ്വാമി ആരോപിക്കുന്നതെന്നും യദ്യൂരപ്പ പറഞ്ഞു.

ജനതാദള്‍ എം.എല്‍.എ. നാഗനഗൗഡയെ കൂറുമാറ്റാന്‍ യദ്യൂരപ്പ അദ്ദേഹത്തിന്റെ മകന് 10 കോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെയും കുമാരസ്വാമിയുടെയും ആരോപണം.
തെളിവായി ശബ്ദരേഖയും അവര്‍ പുറത്തുവിട്ടിരുന്നു. ശബ്ദരേഖ വ്യാജമാണെന്നും ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും നേരത്തെ നിലപാടെടുത്ത യദ്യൂരപ്പ മണിക്കൂറുകള്‍ക്കകമാണ് അത് തിരുത്തിയത്. യദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ ദേശീയ തലത്തില്‍ത്തന്നെ ഞെട്ടിച്ചു.
കോടികള്‍ നല്‍കി സര്‍ക്കാരുകളെ അട്ടിമറിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.

യദ്യൂരപ്പ അഞ്ചുകോടി
തന്നെന്ന് കോലാര്‍ എം.എല്‍.എ

ബംഗളൂരു: ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാനാവശ്യപ്പെട്ട് യദ്യൂരപ്പയുടെ നിര്‍ദേശപ്രകാരം തനിക്ക് അഞ്ചുകോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ജെ.ഡി.എസ് നേതാവും കോലാര്‍ എം.എല്‍.എയുമായ ശ്രീനിവാസ് ഗൗഡ രംഗത്ത്. ഓപറേഷന്‍ താമരയുടെ ഭാഗമായി സര്‍ക്കാരിനെ മറിച്ചിടാന്‍ 30 കോടിയായിരുന്നു വാഗ്ദാനം. ഇതില്‍ അഞ്ചുകോടി തന്നെങ്കിലും മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശപ്രകാരം മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോക് വഴി പണം തിരിച്ചു നല്‍കിയെന്നും ശ്രീനിവാസ് പറഞ്ഞു. തനിക്ക് പണം നല്‍കിയത് ബി.ജെ.പി നേതാക്കളായ അശ്വന്ത് നാരായണ, സി.പി യോഗേശ്വര്‍, വിശ്വനാഥ് എന്നിവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനോട് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.