2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

എം.എല്‍.എമാര്‍ക്ക് കോഴ; പ്രത്യേക സംഘത്തെ നിയോഗിച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് കോടികള്‍ കോഴ വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കര്‍ണാടക നിയമസഭാ സ്പീക്കറുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണത്തിന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
അന്വേഷണ സംഘത്തിന് 15 ദിവസത്തെ സമയപരിധിയും നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തല അന്വേഷണത്തെ എതിര്‍ത്ത്് ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പി നേതാക്കളായ ജഗതീഷ് ഷെട്ടാര്‍, ഗോവിന്ദ് കാജ്‌റോള്‍, ജെസി മധുസ്വാമി എന്നിവരാണ് അന്വേഷണത്തിനെതിരേ രംഗത്തെത്തിയത്.
സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സ്പീക്കര്‍ തന്നെ മറ്റൊരു അന്വേഷണ സമിതിയെ നിയമിക്കണമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കുമാരസാമി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയും എം.എല്‍.എയായ ശരണ ഗൗഡയും തമ്മിലുള്ള ഒഡിയോ ടേപ്പ് പുറത്തുവിട്ടത്. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അതിനുള്ള തെളിവാണിതെന്നും വ്യക്തമാക്കിയാണ് ഇദ്ദേഹം രണ്ട് ഒഡിയോ ടേപ്പുകള്‍ പുറത്തുവിട്ടത്.
കൂറുമാറാന്‍ ശരണ ഗൗഡയ്ക്ക് 10 കോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തിരുന്നു . ഒഡിയോ ടേപ്പുകള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ടേപ്പില്‍ നിയമസഭാ സ്പീക്കറുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. രാജിക്ക് സ്പീക്കര്‍ 50 കോടി ആവശ്യപ്പെട്ടെന്നാണ് ടേപ്പിലുള്ളത്.തനിക്കെതിരായ ആരോപണം സ്പീക്കര്‍ തള്ളിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.