2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഉ.കൊറിയ: ഏകകണ്ഠമായി യു.എന്‍ ഉപരോധം


കരടുപ്രമേയം മയപ്പെടുത്തി; റഷ്യയും ചൈനയും പിന്താങ്ങി
ഉ.കൊറിയക്കെതിരേ ഐക്യരാഷ്ട്ര സഭയുടെ ഒന്‍പതാം ഉപരോധം

യുനൈറ്റഡ് നാഷന്‍സ്: ഉ.കൊറിയക്കെതിരേ ശക്തമായ ഉപരോധങ്ങളുമായി വീണ്ടും ഐക്യരാഷ്ട്ര സഭ. കഴിഞ്ഞയാഴ്ച നടന്ന ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്കെതിരേ അമേരിക്ക യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച ഉപരോധ പ്രമേയം 15 അംഗ കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് പാസായത്. ഉ.കൊറിയയെ പിന്താങ്ങിയിരുന്ന റഷ്യയും സഖ്യരാജ്യമായ ചൈനയും പ്രമേയത്തെ പിന്തുണച്ചതാണ് ഏറെ ശ്രദ്ധേയം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടന്നത്. നേരത്തെ അംഗരാജ്യങ്ങള്‍ക്കു നല്‍കിയ കരടുപ്രമേയത്തില്‍നിന്നു വ്യത്യസ്തമായി മയപ്പെടുത്തിയ പ്രമേയമാണ് കഴിഞ്ഞ ദിവസം രക്ഷാസമിതിയില്‍ വോട്ടിനിട്ടത്. ചൈനയുടെയും റഷ്യയുടെയും പിന്തുണ നേടാനാണ് നേരത്തെ തയാറാക്കിയിരുന്ന പ്രമേയം അമേരിക്ക മയപ്പെടുത്തിയത്.
ഇന്ധന വിലക്ക്, ഉ.കൊറിയയുടെ പ്രധാന വരുമാനസ്രോതസായ വസ്ത്ര ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കു നിരോധനം എന്നിവയാണ് പുതിയ ഉപരോധത്തിലെ പ്രധാന നിര്‍ദേശങ്ങള്‍. കല്‍ക്കരി കഴിഞ്ഞാല്‍ രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതി ചരക്ക് വസ്ത്ര ഉല്‍പന്നങ്ങളാണ്. ഇതില്‍ 80 ശതമാനവും ചൈനയിലേക്കാണ് കയറ്റിയയക്കുന്നത്. നിരോധനം ഏര്‍പ്പെടുത്തിയ മറ്റൊരു ഇനമായ പ്രകൃതിവാതകങ്ങളും ഇതര ഇന്ധനങ്ങളും ഭൂരിഭാഗവും ചൈനയില്‍നിന്നാണ് ഉ.കൊറിയയിലെത്തുന്നത്. വരുമാന മാര്‍ഗങ്ങള്‍ അടച്ച് ആയുധ സമ്പുഷ്ടീകരണത്തിനും ഉല്‍പാദനത്തിനുമുള്ള വഴികള്‍ തടയുകയാണ് ഉപരോധംകൊണ്ട് ലക്ഷ്യമിടുന്നത്.
കരടുപ്രമേയത്തിലുണ്ടായിരുന്ന, ഉ.കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെയും സര്‍ക്കാരിന്റെയും സ്വത്തുക്കള്‍ മരവിപ്പിക്കുക, നയതന്ത്ര പ്രമുഖരുടെ വിദേശയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ കര്‍ക്കശമായ നടപടികളാണ് യു.എസ് പിന്‍വലിച്ചത്.
ഉ.കൊറിയക്കെതിരേ ഇത് ഒന്‍പതാം തവണയാണ് ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തുന്നത്. 2006ല്‍ നടന്ന ഉ.കൊറിയയുടെ ആണവ പരീക്ഷണത്തെ തുടര്‍ന്നായിരുന്നു യു.എന്നിന്റെ ആദ്യ ഉപരോധം. ഇതിനു ശേഷം ലോക രാജ്യങ്ങളുടെയും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സമിതികളുടെയും മുന്നറിയിപ്പ് വകവയ്ക്കാതെ നിരവധി തവണ ഉ.കൊറിയ മിസൈല്‍ വിക്ഷേപണങ്ങളും അഞ്ചു തവണ ആണവ പരീക്ഷണങ്ങളും നടത്തി.
ആണവ പരീക്ഷണത്തിനുപിറകെ യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയാണ് ഉ.കൊറിയക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യു.എന്നില്‍ മുന്നോട്ടുവച്ചത്. ഇതിനു പിന്തുണയുമായി ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍, കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ ദുരന്തങ്ങള്‍ വിളിച്ചുവരുത്തുകയേ ചെയ്യൂവെന്നും നയതന്ത്രപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നുമാണ് ഇതിനോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പ്രതികരിച്ചത്. സ്വയം പ്രതിരോധത്തിനാണ് ഉ.കൊറിയയുടെ ആണവ പരീക്ഷണമെന്നായിരുന്നു പുടിന്റെ വാദം.
ഇതേ നിലപാട് തന്നെയായിരുന്നു ചൈനക്കുമുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളും ഉപരോധത്തെ വീറ്റോ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഉ.കൊറിയ നിരന്തരം പ്രകോപനങ്ങളുമായി രംഗത്തെത്തിയത് ഇരുരാജ്യങ്ങളെയും ചൊടിപ്പിച്ചിരുന്നു. എന്നാല്‍, കടുത്ത ഉപരോധനീക്കത്തോടാണ് ഇരുരാജ്യങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നത്. യു.എന്‍ ഉപരോധത്തെ ഉ.കൊറിയയുടെ അയല്‍രാജ്യങ്ങളായ ജപ്പാനും ദ.കൊറിയയും പ്രശംസിച്ചു.

 

ഉപരോധം നിയമവിരുദ്ധം: ഉ.കൊറിയ

പ്യോങ്‌യാങ്: യു.എന്‍ ഉപരോധത്തെ ഉ.കൊറിയ പൂര്‍ണമായും തള്ളി. തങ്ങളെ ഉപരോധിച്ചുകൊണ്ടുള്ള പ്രമേയം നിയമവിരുദ്ധമാണെന്ന് യു.എന്നിലെ ഉ.കൊറിയന്‍ അംബാസഡര്‍ പ്രതികരിച്ചു.
വിഷയത്തെ ബുദ്ധിപരമായി സമീപിക്കാതെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ഏറ്റുമുട്ടലിനാണ് അമേരിക്ക മുതിര്‍ന്നിരിക്കുന്നത്. കൊറിയന്‍ ജനാധിപത്യ റിപബ്ലിക്കിന്റെ ഭാവി നടപടികള്‍ യു.എസിന് കൂടുതല്‍ വേദന സൃഷ്ടിക്കും. ചരിത്രത്തില്‍ ഇതുവരെ അമേരിക്ക അനുഭവിക്കാത്തതായിരിക്കുമിത്-ഉ.കൊറിയന്‍ അംബാസഡര്‍ ഹാന്‍ തായ് സോങ് മുന്നറിയിപ്പ് നല്‍കി.

 

 

മുന്‍ ഉപരോധങ്ങള്‍ക്ക് എന്തു സംഭവിച്ചു ?

പുതിയ ഉപരോധത്തെ കൂടുതല്‍ പ്രകോപനങ്ങള്‍ കൊണ്ടായിരിക്കും ഉ.കൊറിയ നേരിടുക എന്നാണ് മുന്‍ അനുഭവങ്ങള്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉണ്ടായ ഉപരോധങ്ങള്‍ക്കു സംഭവിച്ചത് ഇങ്ങനെയാണ്:
2016 നവംബര്‍ 30: ഉ.കൊറിയയുടെ ഒന്നാമത്തെ കയറ്റുമതി ഇനമായ കല്‍ക്കരി ചൈനയ്ക്കു വില്‍ക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രതികരണം: 2017 മെയ് 14ന് പുതുതായി വികസിപ്പിച്ച ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ റോക്കറ്റ് വിക്ഷേപിച്ചു.
2017 ജൂണ്‍ രണ്ട്: വിദേശ ചാരസംഘത്തിന്റെ തലവന്‍ അടക്കം ഉ.കൊറിയയുടെ 14 പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും നാല് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു.
പ്രതികരണം: ജൂലൈ നാലിന് ഉ.കൊറിയ ആദ്യ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചു.
ഓഗസ്റ്റ് ആറ്: ഉ.കൊറിയയുടെ കല്‍ക്കരി, ഇരുമ്പയിര് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. രാജ്യത്ത് വിദേശ നിക്ഷേപം നിയന്ത്രിച്ചു.
പ്രതികരണം: സെപ്റ്റംബര്‍ മൂന്നിന് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി ഉ.കൊറിയ തിരിച്ചടിച്ചു.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.