
സിങ്കപ്പൂര്‍: ഉഷ്ണ മേഖലയില്‍ ജനിച്ച ലോകത്തിലെ ആദ്യത്തെ ധ്രുവക്കരടി ‘ഇനൂക്ക’ഓര്‍മയായി. പ്രയാധിക്യത്താലുള്ള അസുഖങ്ങളാല്‍ പ്രയാസപ്പെട്ട 27 വയസുള്ള ഇനൂക്കയുടെ അന്ത്യം സിങ്കപ്പൂര്‍ ദേശീയ മൃഗശാലയിലായിരുന്നു. ധ്രുവ പ്രദേശങ്ങളില്‍ ജനിക്കുന്ന കരടികളില്‍ നിന്ന് വ്യത്യസ്തമായി മൃഗശാലയിലായിരുന്നു ഇനൂക്ക ജനിച്ചത്. ധ്രുവക്കരടികളുടെ ശരാശരി ആയുസ് 25 വയസാണ്. ധ്രുവ പ്രദേശങ്ങളില്‍ ജീവിക്കാന്‍ അനുവദിക്കാതെ മൃഗശാലയില്‍ ധ്രുവ കരടിയെ വളര്‍ത്തുന്നതിനെതിരേ നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സന്ധി വാതം, ചെവിയിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ ഇനൂക്കയെ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ജീവന് നിലനിര്‍ത്താനായി പരമാവധി ചികിത്സകള്‍ ലഭ്യമാക്കിയെന്ന് വന്യജീവി സംരക്ഷണ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ചെങ് വെന്ഹോര് പറഞ്ഞു.1990 ഡിസംബര്‍ 26നാണ് ഇനൂക്ക ജനിച്ചത്. ഇന്യൂട്ട് ഭാഷയില്‍ ഇനൂക്ക എന്നാല്‍ നിശബ്ദ വേട്ടക്കാരന് എന്നാണ് അര്‍ഥം. പ്രത്യേകം തയാറാക്കിയ തണുത്ത പ്രദേശമാണ് ഇതിനായി മൃഗശാല അധികൃതര്‍ ഒരുക്കിയിരുന്നത്. 1978ല്‍ സിങ്കപ്പൂര്‍ ദേശീയ മൃഗശാലയിലേക്ക് ആദ്യമായി ധ്രുവ കരടികളെ കൊണ്ട് വരാനുള്ള നീക്കം നിരവധി മൃഗസ്നേഹികളും സന്നദ്ധ സംഘടനകളും എതിര്‍ത്തിരുന്നു.