2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഉള്ളിലെ പ്രളയത്തില്‍ ഉരുകിയൊലിച്ച് വേലായുധന്‍

ആഷിഖ് അലി ഇബ്രാഹിം

മുക്കം: വെള്ളം ഇറങ്ങിയെങ്കിലും ഉള്ളിലെ പ്രളയത്തില്‍ ഉരുകിയൊലിച്ച് വേലായുധന്‍. ഒരൊറ്റ രാത്രികൊണ്ട് ജീവിതത്തില്‍ സ്വരുക്കൂട്ടിവച്ച സര്‍വതും നഷ്ടപ്പെട്ട വേദനയാണ് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് ഇല്ലിതോട് വേലായുധന്‍ പങ്കുവയ്ക്കുന്നത്.
തെങ്ങുകയറ്റ തൊഴിലാളിയായ ഇദ്ദേഹം അഞ്ചു സെന്റ് സ്ഥലത്തു കെട്ടിയുയര്‍ത്തിയ കൂര ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചളിയും മണ്ണും നിറഞ്ഞ് മരങ്ങള്‍ വീണ് ഉപയോഗശൂന്യമായിരിക്കുകയാണ്.
ഏതു സമയത്തും നിലംപൊത്താവുന്ന വീട്, അകത്ത് മുട്ടോളം ചളി, രണ്ടു മുറികളും അടുക്കളയും ഇനി വൃത്തിയാക്കിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ ചളിക്കുളം, കുളിമുറിയും കക്കൂസും തകര്‍ന്നുവീണു, വീടിനു മുകളില്‍ മരങ്ങളും വീണു, മുറ്റത്തും പിന്നാമ്പുത്തും കൂറ്റന്‍ കല്ലുകള്‍, പട്ടിണി മാറ്റാന്‍ വളര്‍ത്തിയ കോഴികളുടെ കൂടുകള്‍ ഒലിച്ചുപോയി സമീപത്തെ പറമ്പില്‍… ഇതാണ് നിലവില്‍ വേലായുധന്റെ വീട്ടിലെ അവസ്ഥ.
വ്യാഴാഴ്ച പുലര്‍ച്ചെ ഇല്ലിതോടിനു മുകളില്‍ ഉരുള്‍പൊട്ടിയാണ് കുറ്റന്‍ പാറക്കഷ്ണങ്ങളും മരങ്ങളും വേലായുധന്റെ വീടിനടുത്തേക്ക് ഒഴുകിയെത്തിയത്. തൊട്ടുമുകളിലെ പറമ്പിലെ തേക്കില്‍തട്ടി കുത്തൊഴുക്കിന്റെ ഗതി മാറിയതിനാല്‍ വീട് ഒലിച്ചുപോകാതെ ബാക്കിയായി.
ഭാര്യ ജാനു പുല്ലൂരാംപാറയിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയതിനാല്‍ 68കാരനായ വേലായുധന്‍ വീട്ടില്‍ തനിച്ചായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വേലായുധന്‍ വെള്ളം കലിതുള്ളി വരുന്നതുകണ്ട് വീടിനു പുറകിലേക്കോടുകയായിരുന്നു. അതിലെയും വെള്ളമെത്തിയതിനെ തുടര്‍ന്ന് ഓടി വീടിന്റെ പിറകിലെ ഉയര്‍ന്ന പറമ്പിലെ കയ്യാലയില്‍ കയറിനിന്നു.
പിന്നീട് നാട്ടുകാരാണ് വേലായുധനെ രക്ഷപ്പെടുത്തിയത്. വീട്ടില്‍ തനിച്ചായതിനാലാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും രോഗിയായ ഭാര്യ വീട്ടിലുണ്ടായിരുന്നെങ്കില്‍ രക്ഷപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ഹൃദയം തകര്‍ന്ന വേദനയോടെയാണ് വേലായുധന്‍ വീട്ടിലേക്കു മടങ്ങിയത്. എന്നാല്‍ രോഗിയായ ഭാര്യയെയും കൊണ്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായതയോടെ നില്‍ക്കുകയാണ് ഈ വയോധികന്‍.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.