2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഉറ്റവരുടെ മൃതദേഹം ഇവര്‍ എന്തുചെയ്യണം

ടി.കെ ജോഷി

കണ്ണൂര്‍: ബല്‍റാം തറൈ എന്ന ഒഡിഷക്കാരനു മുന്നില്‍ രണ്ടുവഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ അനുജന്റെ എംബാം ചെയ്ത മൃതദേഹവുമായി പരിചയമില്ലാത്ത നഗരത്തില്‍ ഒരു രാത്രിയും പകലും തങ്ങുക. അല്ലെങ്കില്‍, നാട്ടില്‍ കണ്ണീരൊഴുക്കി കഴിയുന്ന ഉറ്റവര്‍ക്കും ഉടയവര്‍ക്കും അന്ത്യചുംബനം നല്‍കാനുള്ള അവസരംപോലും നല്‍കാനാകാതെ പയ്യാമ്പലത്തെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുക.

അതില്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാന്‍ ബല്‍റാം തറൈ നിര്‍ബന്ധിതനായി. അങ്ങനെ പയ്യാമ്പലത്ത് ബനുദാര്‍ തറൈയുട മൃതശരീരം ചാമ്പലായി.
ഇനി മൂന്നാംനാള്‍ ഒരു പിടി അസ്ഥിയും പെറുക്കി അന്ത്യകര്‍മ്മങ്ങള്‍ക്കായി നാട്ടിലേക്കു ട്രെയിന്‍കയറണം. അതുവരെ ഒരുപാട് ഓര്‍മകളുമായി ഇവിടെ കഴിയണം.
ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹവും ചുമന്നു കിലോമീറ്ററുകള്‍ നടക്കേണ്ടിവന്ന മാഞ്ചിയെ ആരും മറന്നിട്ടുണ്ടാവില്ല. ഒഡിഷയിലെ ഒരു ശരാശരി കുടുംബത്തിന്റെ അവസ്ഥയാണെന്നാണ് മാഞ്ചിയിലൂടെ തുറന്നുകാട്ടപ്പെട്ടത്, ഒപ്പം ഭരണകൂടത്തിന്റെ നിസംഗതയും. അതേസമയം, ഉറ്റവര്‍ മരിച്ചാല്‍ മൃതദേഹം തോളിലേറ്റി നടക്കാന്‍ പോലുമാകാതെ ഇന്നാട്ടിലെ ഏതെങ്കിലും ശ്മശാനത്തില്‍ കത്തിച്ചുകളയാന്‍ വിധിക്കപ്പെടുന്ന ഒരു കൂട്ടമാളുകളുണ്ട് ഇവിടെ, കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍.
കേരളത്തില്‍ അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചാല്‍ ഇവിടത്തെ സര്‍ക്കാരോ അവരുടെ നാട്ടിലെ സര്‍ക്കാരോ തിരിഞ്ഞുനോക്കില്ല. ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു ആംബുലന്‍സില്‍ മൃതദേഹമെത്തിക്കാന്‍ ചോദിക്കുന്ന ചാര്‍ജ് ഒന്നേകാല്‍ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്. അതുതാങ്ങാന്‍ അവര്‍ക്കാവില്ല.
നാട്ടില്‍നിന്നു ബന്ധുക്കളെത്തി ഇവിടെ സംസ്‌കരിക്കാമെന്നു വച്ചാലും താങ്ങാനാവാത്ത ചെലവാണ്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഒരു ദിവസത്തേക്ക് 1500 മുതല്‍ 3000 രൂപ വരെ നല്‍കണം. ട്രെയിനില്‍ കൊണ്ടുപോകാന്‍ ചെലവു വളരെ കുറവാണ്. അതിനു മൃതദേഹം എംബാം ചെയ്ത് ആ സര്‍ട്ടിഫിക്കറ്റ് റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ ഓഫിസിലേയ്ക്കു ഫാക്‌സ് ചെയ്യണം. എംബാം ചെയ്യണമെങ്കില്‍ ഫീസ് 50,000 രൂപയാണ്.

അതെങ്ങനെയെങ്കിലും സംഘടിപ്പിച്ചു കൊടുത്താലും രക്ഷയില്ല. എംബാം ചെയ്തു കഴിഞ്ഞാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കില്ല. അതുമായി പോയി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫിസില്‍നിന്ന് അനുമതി കിട്ടിയാലും നാട്ടിലേക്കു വണ്ടിയുള്ള ദിവസമേ കൊണ്ടുപോകാന്‍ കഴിയൂ. അനുജന്റെ മൃതദേഹം എംബാം ചെയ്തു കിട്ടിയാലും ട്രെയിനില്‍ കയറ്റാന്‍ ഒരു രാത്രിയും പകലും കാത്തിരിക്കേണ്ട ഗതികേടിലായിരുന്നു ബല്‍റാം. അത് അയാള്‍ക്ക് ആലോചിക്കാന്‍ കൂടി വയ്യാത്ത കാര്യമായിരുന്നു. ബല്‍റാം പിന്നെന്തു ചെയ്യും. ബല്‍റാമിനെപ്പോലുള്ള പാവം അന്യസംസ്ഥാന തൊഴിലാളികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യുമെന്നത് ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.