2018 May 13 Sunday

ഉറുദികളില്‍ കേള്‍ക്കുന്നത്

പി.കെ മുഹമ്മദ്, സീനിയര്‍ ജേണലിസ്റ്റ് , പന്നിയങ്കര.

ദീനിനെ ഹയാത്താക്കുന്നതിലും സജീവതയോടെ നിലനിര്‍ത്തുന്നതിലും നാടന്‍ ഉറുദികളും നവീന മതപ്രഭാഷണങ്ങളും പഠനക്ലാസുകളുമൊക്കെ വഹിച്ചുവരുന്ന പങ്ക് വളരെ വലുതാണ്. പുതിയ ശൈലികളിലും അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചും ഇതു തുടരുകയും ചെയ്യും.  
എന്നാല്‍, ഈ രംഗത്തു സേവനമര്‍പ്പിക്കുന്ന നമ്മുടെ പല സ്‌നേഹിതന്മാരും ഭാഷാപ്രയോഗരംഗത്തു കാണിക്കുന്ന വിക്രിയകള്‍ സങ്കടമുളവാക്കുന്നു. വിവരമുള്ളവരെന്നു കരുതപ്പെടുന്ന ചിലര്‍പോലും വിവരക്കേടു പ്രകടിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് ചില പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക: ‘അമ്പിയാക്കന്മാര്‍, ഔലിയാക്കന്മാര്‍, മലാഇക്കത്തീങ്ങള്‍..’  
നബിമാര്‍ക്കാണല്ലോ അമ്പിയാ എന്നു പറയുക. നബി (ഏകവചനം), അമ്പിയാഅ് അഥവാ നബിമാര്‍ (ബഹുവചനം). ഇതിന്മേല്‍ ‘ക്കള്‍’ കെട്ടിവയ്‌ക്കേണ്ടതില്ല. അറബിയിലും മലയാളത്തിലുമുള്ള പിടിപ്പുകേട് ഒഴിവാക്കുന്നതല്ലേ നല്ലത്. ‘ഔലിയാക്കന്മാ’രുടെ അവസ്ഥയും ഇതുതന്നെയാണ്. വലിയ്യ് (ഏകവചനം), ഔലിയാ (ബഹുവചനം). ഇതിന്റെകൂടെയും ‘കള്‍’ വച്ചുകെട്ടേണ്ടതില്ല.
വന്ദിക്കപ്പെടുന്നവരെ ബഹുമാനപ്പെട്ട എന്നാണു സാധാരണ പറയാറുള്ളത്. ഇതു വളച്ചുകെട്ടില്ലാത്ത ശൈലിയാണ്. പക്ഷേ, ചിലരുടെ നാവില്‍ വരുന്നത് ‘ബഹുമാനമാക്കപ്പെട്ട’ എന്നാവും. സ്വന്തംനിലയില്‍ യാതൊരു ബഹുമാനത്തിനും അര്‍ഹതയില്ലാത്തയാള്‍ എന്ന അര്‍ഥത്തില്‍ ഒരാളെ ‘ബഹുമാനമാക്കപ്പെടു’കയാണ്. എന്തിനിങ്ങനെ  വന്ദ്യരായ വ്യക്തികളെ നിന്ദിക്കുന്നു.സ്‌റ്റേജുകളില്‍ മാത്രമല്ല; ചില പേജുകളിലും ഇത്തരം വികൃതികള്‍ കാണുന്നുണ്ട്. അനാവശ്യപദങ്ങള്‍ അസ്ഥാനത്തു പ്രയോഗിക്കുകയാണ്. ശ്രദ്ധക്കുറവാണിതിനു കാരണം. ചിലപ്പോള്‍ ‘അവകള്‍’ എന്ന് അച്ചടിച്ചുകാണാറുണ്ട്. അവ എന്നു പറഞ്ഞാല്‍ കിട്ടുന്ന ആശയത്തിന് എന്തിന് ‘കള്‍’ കലര്‍ത്തണം. അക്ഷരങ്ങളും അച്ചടിക്കുന്ന മഷിയും നഷ്ടം!
‘ആക്കപ്പെടുന്ന’വ വേറെയുമുണ്ട്. ‘പുണ്യമാക്കപ്പെട്ട കഅ്ബ’ എന്നതിനു പകരം ‘പുണ്യകഅ്ബ’ പോരേ. ‘ആദരവായ റസൂല്‍’ എന്നതിനേക്കാള്‍ ആദരണീയരായ റസൂല്‍ എന്നാവില്ലേ കൂടുതല്‍ ശരി.
 നമ്മുടെയാളുകള്‍ പല അബദ്ധങ്ങളും വരുത്തുന്നത് അശ്രദ്ധകൊണ്ടാണ്. നന്നായി മനസിലാക്കേണ്ട പല കാര്യങ്ങളും, പ്രത്യേകിച്ചു ഭാഷാരംഗത്തെ വാക്പ്രയോഗങ്ങള്‍ പലരും കാര്യമായെടുക്കാറില്ല. ഉദാഹരണം കഅ്ബയെ ‘ത്വവാഫ്’ ചെയ്യല്‍. ത്വവാഫ് എന്നു പറഞ്ഞാല്‍ ഏതു മുസ്്‌ലിമിനും മനസിലാകും. എന്നാല്‍പോലും സംസ്‌കൃതത്തിലെ പ്രദക്ഷിണം ചെയ്യല്‍ എന്നു കാച്ചിവിടും. പ്രദക്ഷിണവും ത്വവാഫും ഒന്നാണോ.
വിശുദ്ധ കഅ്ബയെ ഇടതുവശത്താക്കിക്കൊണ്ട് ഇടംവയ്ക്കുന്നതാണു ത്വവാഫ്. പ്രദക്ഷിണം വലംവയ്ക്കലാണ്.  ത്വവാഫിന്റെ നേരേ എതിരാശയമാണ് ഹജ്ജ് പഠനക്ലാസിലും മറ്റും വിദ്വാന്മാര്‍ എഴുന്നള്ളിക്കുന്നത്. പല പ്രഗല്ഭരും എഴുതുന്നതും അതുതന്നെ. അച്ചടിച്ചുവരുന്നതു സുബദ്ധമാണെന്നാണല്ലോ സാധാരണക്കാര്‍ ധരിച്ചുവച്ചിട്ടുള്ളത്. പ്രദക്ഷിണം ക്ലോക്ക്‌വൈസ് ആണ്. ത്വവാഫ് ആന്റി ക്ലോക്ക്‌വൈസും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.