2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഉറിയില്‍ സൈനികതാവളത്തില്‍ ഭീകരാക്രമണം; 17 സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കശ്മിരിലെ സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 19 സൈനികര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഉറി മേഖലയിലെ കരസേനയുടെ 12ാം ബ്രിഗേഡിന്റെ ആസ്ഥാനത്ത് പ്രവേശിച്ച നാലു ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം വധിച്ചു. ശ്രീനഗര്‍-മുസഫറാബാദ് ഹൈവേക്കരികിലാണു സൈനികകേന്ദ്രം. സൈനിക ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ള ഓഫിസില്‍ കഴിഞ്ഞദിവസം അതിരാവിലെ 5.30ഓടേയാണ് ആക്രമണം നടന്നത്. പ്രദേശത്ത് കൂടുതല്‍ അക്രമികള്‍ എത്തിയിട്ടുണ്ടാവുമെന്ന നിഗമനത്തില്‍ സുരക്ഷാസൈന്യം രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഉഗ്രശബ്ദത്തോടുകൂടിയ സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ വ്യോമ മാര്‍ഗം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഭീകരരില്‍ നിന്നു നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബാരാമള്ളയില്‍ നിന്നുള്ള സൈനിക കമാന്റോകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സൈനിക കേന്ദ്രത്തിലേക്കു പട്ടാളവേഷത്തിലെത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ടെന്റിന് തീപിടിച്ചാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഭൂരിഭാഗം സൈനികരും മരിച്ചത്. പട്ടാളക്കാര്‍ ഷിഫ്റ്റ് മാറുന്നതിന് അല്‍പം മുന്‍പാണ് ആക്രമണമുണ്ടായത്. ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് ഇന്നലത്തേത്. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും കരസേന മേധാവി ദല്‍ബീര്‍സിങ്ങും കശ്മിര്‍ സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് റഷ്യ, അമേരിക്ക സന്ദര്‍ശനം മാറ്റിവച്ച് ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഉറിയില്‍ ആക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ള ഭീകരരാണെന്നു സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍ പാകിസ്താനില്‍ നിര്‍മിച്ചവയാണെന്ന് ഡി.ജി.എം.ഒ ലഫ്. ജനറല്‍ രണ്‍ബീര്‍സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താന്‍ ഡി.ജിഎം.ഒയുമായി താന്‍ സംസാരിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.