2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഉറക്കം കെടുത്തുന്ന കിനാവുകള്‍

നൂര്‍ജഹാന്റെ കിനാവുകള്‍
By അമീന്‍ പുറത്തീല്‍
പേരക്ക ബുക്‌സ്
വില 60.00

 

ഉമറുല്‍ ഫാറൂഖ് പി.പി

നമ്മെ രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും കൂടിചെയ്യുമ്പോഴാണ് ഒരു സാഹിത്യസൃഷ്ടിയെ ഉത്തമ കലാസൃഷ്ടിയെന്നു പറയാന്‍ കഴിയുകയുള്ളൂ. അത്തരം സൃഷ്ടികള്‍ മാത്രമേ കാലദേശാന്തരങ്ങളെ അതിജയിക്കുകയുള്ളൂ. നമ്മുടെ ധിഷണയെ ഒരിക്കല്‍പോലും വികസിപ്പിക്കാന്‍ കഴിയാത്താ എഴുത്തുകളെ ഒരിക്കലും സര്‍ഗസൃഷ്ടിയെന്നു വിളിക്കാന്‍ കഴിയില്ല. ഇങ്ങനെ രസിപ്പിക്കുകയും കൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് അമീന്‍ പുറത്തീല്‍ എന്ന യുവകഥാകൃത്തിന്റെ പ്രത്യേകത. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് ആവര്‍ത്തിച്ചുചോദിക്കുന്ന വേദവാക്യത്തില്‍ പ്രചോദിതനായതു കൊണ്ടായിരിക്കാം അമീന്‍ ചിന്തയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ട് കലാസൃഷ്ടി നടത്തുന്നത്. ഒരുപാട് മൂല്യങ്ങളെ പിന്തുടരുന്ന കഥാകൃത്ത് അതു തന്റെ രചനയില്‍ തുടരുന്ന കഥാകൃത്ത് അതു തന്റെ രചനയില്‍ ഉള്‍പ്പെടുത്തുക സ്വാഭാവികം മാത്രം. ഇതിനൊക്കെ അദ്ദേഹം തിരഞ്ഞെടുത്തതാകട്ടെ നന്നേ ചെറിയ കഥകള്‍ അഥവാ കുറുങ്കഥകളാണ്. രണ്ടുവരി കഥകളില്‍ പോലും വലിയ ചിന്തകളെ വായനക്കാരന്റെ മനസിലേക്ക് ഇട്ടുകൊടുക്കാനുള്ള അമീന്റെ കഴിവ് സമ്മതിച്ചേ പറ്റൂ. ഇത്തരം നൂറില്‍പരം കഥകളുടെ സമാഹാരമാണ് ‘നൂര്‍ജഹാന്റെ കിനാവുകള്‍’.

ഒരു മികച്ച വായനാനുഭവം തരുന്ന ദാര്‍ശനിക വരികളാണു പുസ്തകത്തിലുടനീളം. തുള്ളിക്ക് ഒരു കുടം കണക്കെ അനുവാചകമനസുകളിലേക്കു പെയ്തിറങ്ങുന്ന വാക്കുകളുടെ മഴത്തുള്ളികള്‍. അതു നമ്മുടെ മനസിലെ വല്ലാതെ കോള്‍മയിര്‍ കൊള്ളിക്കുന്നു. മൂര്‍ച്ചയേറിയ സാമൂഹിക വിമര്‍ശനത്തിന്റെ ആക്ഷേപഹാസ്യങ്ങളാണിവ. മിക്ക കഥകളിലും ചിലന്തി, ഗൗളി, പൂച്ച, മീന്‍, ഉറുമ്പ്, തേനീച്ച, വണ്ട്, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ പ്രകൃതിയിലെ ജീവജാലങ്ങളാണു കഥാപാത്രമായി വരുന്നത്.
പ്രവാസത്തിന്റെ എല്ലാ പ്രയാസങ്ങളിലൂടെയും സഞ്ചരിച്ച ഒരു എഴുത്തുകാരനാണ് അമീന്‍. അതുകൊണ്ടു തന്നെ പ്രവാസം കഥാകാരനു കേവലമൊരു ഇതിവൃത്തമല്ല-ചുട്ടുപൊള്ളുന്ന നൊമ്പരമാണ്. വിദേശ പൗരനെന്ന കഥ മാത്രം മതി പ്രവാസികളുടെ നിസഹായതയുടെ, ഒറ്റപ്പെടലിന്റെ വേദന മനസിലാക്കാന്‍. പ്രവാസം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതില്‍നിന്നു മോചനമില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കഥയാണ് ‘ബത്തക്ക’ എന്ന കഥ. പ്രവാസികളുടെ ദുര്‍വ്യയത്തെയും പൊങ്ങച്ചത്തെയും കണക്കറ്റു കളിയാക്കുന്ന കഥയാണ് ‘കുടുംബം’.
സ്‌നേഹവതിയെന്ന കഥ ഇപ്പോഴത്തെ പ്രൈവസ്റ്റ് ഹോസ്പിറ്റലിലെ എല്ലാ കൊള്ളരുതായ്മകളെയും ഒളിപ്പിച്ചുവച്ച കഥയാണ്. ഡോക്ടര്‍ എന്ന കഥയും തഥൈവ. കീശ എന്ന കഥ എത്ര ലളിതമായാണ് ഇപ്പോഴത്തെ വിദ്യാഭ്യാസക്കച്ചവടത്തിന്റെ പൊയ്മുഖം വരച്ചിടുന്നത്. ഫാഷിസത്തിന്റെ കരാളഹസ്തങ്ങളില്‍ അമരുന്ന ഇന്ത്യയെ കുറിച്ചുള്ള കഥാകാരന്റെ അസ്വസ്തതകളാണ് ഫാസിസം, മോടി, ഭാരതം തുടങ്ങിയ കഥകളിലൂടെ നമുക്കു വായിക്കാന്‍ സാധിക്കുന്നത്. ന്യൂജെന്‍ തലമുറയുടെ വികൃതികളെ കണക്കറ്റു കളിയാക്കുന്ന കഥകളാണ് ടൈറ്റാനിക്, അക്ഷരത്തെറ്റ്, അമ്മൂമ്മയും കുഞ്ഞും, പെന്റിയം അഞ്ച് മനക്കണക്ക് എന്നിവ.
കണ്ണൂരിന്റെ കഥാകാരന് എങ്ങനെയാണു പരസ്പരം വെട്ടിനുറുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പകയുടെ, ക്രൂരതയുടെ കഥകള്‍ പറയാതിരിക്കുക! രാഷ്ട്രീയ പാര്‍ട്ടികളുടെ തിട്ടൂരം അനുസരിച്ചു വിധി നടപ്പാക്കുന്ന അണികളുടെ കഥ ‘പ്രതി’ വളരെ തന്മയത്വത്തോടെയാണു വരച്ചിടുന്നത്. സ്‌കോറുകള്‍ എന്ന കഥ സമര്‍ഥമായാണു രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുനേരെയുള്ള നമ്മുടെ നിര്‍വികാരതയെ ചോദ്യം ചെയ്യുന്നത്. പാനൂര്‍, ബോംബ് തുടങ്ങിയ കഥകളും ഇതേ പ്രമേയത്തെ അനുവാചകരില്‍ ഒട്ടു വിരസമാവാതെ അവതരിപ്പിക്കുന്നു.
സ്ത്രീധനത്തിന്റെ കഷ്ടതയില്‍പെട്ടു തകരുന്ന കുടുംബങ്ങളുടെ ചിത്രം ‘കുഞ്ഞാമിന’യിലൂടെ വരച്ചിടുന്നുണ്ട്. ‘സ്ത്രീധനം’ എന്ന കഥ അതു വാങ്ങിക്കുന്നവരുടെ പൗരുഷത്തിനുനേര്‍ക്കുള്ള ചാട്ടുളിയാണ്. ഒരു ജനകീയ വിചാരണ എന്ന കഥയാകട്ടെ നമ്മുടെ ഈ സാമൂഹിക വിപത്തിനെ കൊണ്ടുനടക്കുന്നവരുടെ തൊലിയുരിഞ്ഞുപോകുന്ന പരിഹാസമാണ്. ചുരുക്കത്തില്‍ കണ്‍മുന്നില്‍ കാണുന്ന അനീതിക്കെതിരേ, അതിക്രമത്തിനെതിരേ മൂര്‍ച്ചയേറിയ തൂലിക കൊണ്ടു പടവെട്ടുന്നു.
വായനക്കാരുടെ മനസ് പൂരിപ്പിക്കേണ്ട കഥകളാണ് അമീന്റേതെന്ന് അവതാരികയില്‍ കഥാകൃത്ത് പി.കെ പാറക്കടവ് പറയുന്നുണ്ട്. അതെ ‘നൂര്‍ജഹാന്റെ കിനാവുകള്‍’ ഉറങ്ങുമ്പോള്‍ കണ്ട കിനാവുകളല്ല, നമ്മുടെ ഉറക്കംകെടുത്തുന്ന ഈ നെറികെട്ട കാലത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളിലേക്കു തിരിച്ചുപിടിച്ച കണ്ണാടിയാണു പുസ്തകത്തിലെ ഓരോ കഥകളും. കവിതപോലെ സുന്ദരമായ കഥാവിഷ്‌കാരം നടത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു. പ്രതിഭയുടെ തിളക്കം കാച്ചിക്കുറുക്കിയെടുത്ത ഓരോ കഥകളിലും കാണാന്‍ കഴിയും. ‘നൂര്‍ജഹാന്റെ കിനാവുകള്‍’ പുതിയൊരു വായനാസുഖം തരുമെന്നതില്‍ സംശയമില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.