2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരേ ന്യൂസിലന്‍ഡും ആസ്‌ത്രേലിയയും

 

സിഡ്‌നി: ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസ്താവനയെച്ചൊല്ലി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ഉടക്കി ന്യൂസിലന്‍ഡും ആസ്‌ത്രേലിയയും. ഉര്‍ദുഗാന്റെ പ്രസ്താവനയില്‍ വിശദീകരണം തേടി ആസ്‌ത്രേലിയയിലെ തുര്‍ക്കി അംബാസഡറെ വിളിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസ് അറിയിച്ചു.
ഉര്‍ദുഗാന്റെ പ്രസംഗം വളരെ മോശമായ പ്രസ്താവനയാണെന്നും ഈ വിഷയത്തില്‍ തുര്‍ക്കിയുടെ അഭിപ്രായം തേടുമെന്നും മോറിസ് വ്യക്തമാക്കി.

തുര്‍ക്കിയില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉര്‍ദുഗാന്റെ വിവാദ പ്രസ്താവന.
ആക്രമണം ഇസ്‌ലാമിനും തുര്‍ക്കിക്കും എതിരാണെന്നും ഇസ്‌ലാം വിരുദ്ധ ആസ്‌ത്രേലിയക്കാര്‍ കടുത്ത വിലനല്‍കേണ്ടിവരുമെന്നുമായിരുന്നു ഉര്‍ദുഗാന്‍ പ്രസംഗിച്ചത്.

കുറ്റക്കാരനെ ന്യൂസിലന്‍ഡ് ശിക്ഷിച്ചില്ലെങ്കില്‍ തുര്‍ക്കി അത് ചെയ്യുമെന്നും ഉര്‍ദുഗാന്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ആക്രമണത്തില്‍ തുര്‍ക്കി പൗരന്മാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഉര്‍ദുഗാന്റെ പ്രസ്താവന.

കൂട്ടക്കൊലയെ രാഷ്ട്രീയവല്‍കരിക്കുകയാണ് ഉര്‍ദുഗാന്‍ ചെയ്തതെന്നു കഴിഞ്ഞദിവസം ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്ററും ആരോപിച്ചിരുന്നു.

ഈയാഴ്ച തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ഉച്ചകോടിയിലേക്ക് പീറ്ററെയും ക്ഷണിച്ചിട്ടുണ്ട്. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.