
മഞ്ചേരി: ഊര്‍ങ്ങാട്ടിരി ഓടക്കയം വെറ്റിലപ്പാറ നെല്ലിയായി ആദിവാസി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്കി. കഴിഞ്ഞ 16ന് ഉണ്ടായ ഉരുപൊട്ടലില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം ഏഴുപേരാണ് മരിച്ചിരുന്നത്.
നെല്ലിയായി സുന്ദരന്‍ (50), ഭാര്യ സരോജിനി (48), നെല്ലിയായി ചേന്ദന്റെ ഭാര്യ മാത (70), ഉണ്ണികൃഷ്ണന്റെ ഭാര്യ അമ്പിളി (20), അമ്പിളിയുടെ സഹോദരി ഷിംന (12) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നാല് ലക്ഷം രൂപവീതം നല്‍കിയത്. നെല്ലിയായി ചിരുത (68), മകന് ഉണ്ണികൃഷ്ണന് (35) എന്നിവര്‍ക്ക് അവകാശികള്‍ ഇല്ല. നടപടി പൂര്‍ത്തിയാക്കി ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചുനല്‍കും.
പുല്പറ്റയില് വെള്ളക്കെട്ടില്‍ വീണുമരിച്ച മുഹമ്മദ് സുനീറി (26)ന്റെ കുടുംബത്തിനും തുക കൈമാറി. ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ നെല്ലിയായി മാതക്ക് ചികിത്സാസഹായമായി 4300 രൂപയും ചെറിയ ചേന്നന് 4800 രൂപയും സുമതിക്ക് 12,700 രൂപയും നല്കി. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് വീടുവച്ച് നല്‍കും. ഇതിനായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തി. നടപടി പൂര്‍ത്തിയാക്കി വൈകാതെ പ്രവൃത്തി തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു. ഏറനാട് താലൂക്കിലെ പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാരിന്റെ അടിയന്തര സഹായവിതരണം നടന്നുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്കും കുറഞ്ഞത് രണ്ടുദിവസം വെള്ളം ഇറങ്ങാതെനിന്ന വീടുകളിലെ താമസക്കാര്‍ക്കും 10,000 രൂപയും വിതരണം ചെയ്യുന്നുണ്ട്. 3119 കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായധനം അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചു. പാസ്ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കാന്‍ കാലതാമസം വരുത്തിയ കുടുംബങ്ങള്‍ക്ക് നടപടിക്രമം പൂര്‍ത്തിയാക്കി ധനസഹായം വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
വീട് പൂര്‍ണമായും ഭാഗികമായും തകര്‍ന്നവരുടെ നഷ്ടം കണക്കാക്കാനും വിതരണംചെയ്യാനും തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപംനല്കിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ പുനരധിവാസം നടപ്പാക്കുകയാണ് ലക്ഷ്യം.