2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഉയിഗുര്‍ തടങ്കലില്‍ 20 ലക്ഷം പേര്‍

യു.എസ് മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

 

വാഷിങ്ടണ്‍: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ എട്ടു ലക്ഷം മുതല്‍ 20 ലക്ഷം വരെ ഉയിഗുര്‍ മുസ്‌ലിംകളുണ്ടെന്നു യു.എസ്. ഉയിഗുറുകളെ ഇത്തരത്തില്‍ ലോകവ്യാപകമായി അടിച്ചമര്‍ത്തുന്നതിനെ ചൈന പിന്തുണയ്ക്കുന്നുണ്ടെന്നും യു.എസ് മനുഷ്യാവകാശ വിഭാഗം സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി സ്‌കോട്ട് ബസ്ബി യു.എസ് കോണ്‍ഗ്രസില്‍ പറഞ്ഞു.
2017 ഏപ്രില്‍ 17 മുതല്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തടങ്കലുകളില്‍ ചുരുങ്ങിയത് എട്ടു ലക്ഷം പേരുണ്ടെന്നും ഇത് 20 ലക്ഷത്തില്‍ കൂടുതലാകാന്‍ സാധ്യയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കെതിരേയും യാതൊരു കുറ്റവും ചുമത്തിയിട്ടില്ല. തടങ്കലിലുള്ളവര്‍ എവിടെയാണുള്ളതെന്നതു സംബന്ധിച്ചു കുടുംബങ്ങള്‍ക്കു ധാരണയുമില്ല. ഇസ്‌ലാം മതം ഉപേക്ഷിച്ചു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയെന്നതാണ് തടവിലിടുന്നതിന്റെ ലക്ഷ്യം. തടങ്കല്‍ ക്യാംപുകള്‍ക്കു പുറത്തുള്ള ഉയിഗുറുകളുടെ ജീവിതവും മികച്ച രീതിയിലല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അയല്‍ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പോലും സായുധ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം മാത്രമേ അനുവദിക്കുന്നുള്ളൂ. ചൈനീസ് സര്‍ക്കാര്‍ പ്രതിനിധികളെ ഉയിഗുറുകളുടെ വീടുകളില്‍ നിര്‍ബന്ധിച്ചു താമസിപ്പിക്കുന്നുണ്ട്.
ആയിരക്കണക്കിനു മസ്ജിദുകള്‍ തകര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്തു. ഇതില്‍ ചിലതു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫിസുകളായി മാറി. ഷിന്‍ജിയാങ്ങില്‍നിന്നു രക്ഷപ്പെട്ടു മറ്റു സ്ഥലങ്ങളിലേക്കു പോകാന്‍ ഉയിഗുറുകളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളിലുള്ള ഉയിഗുറുകളെയും കസാഖ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും ചൈനയിലേക്കു മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു. ഇവര്‍ തിരിച്ചെത്തിയാല്‍ പീഡനം, തടങ്കല്‍ ഉള്‍പ്പെടെയുള്ളവയാണ് നേരിടേണ്ടിവരിക. മുസ്‌ലിംകള്‍ക്കതെിരേ ചൈനയുടെ അടിച്ചമര്‍ത്തര്‍ ഷിന്‍ജിയാങ്ങില്‍ മാത്രം ഒതുങ്ങുന്നതല്ല.
ഇവിടെനിന്നു മൈലുകള്‍ അകലെയുള്ള ഹൂയി മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരേയും പീഡനം നടക്കുന്നുണ്ട്. സമാനമായ രീതിയില്‍ ടിബറ്റന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലുമുണ്ട്. ഷിന്‍ജിയാങ്ങില്‍ ഉപയോഗിക്കുന്ന നിരവധി നടപടികള്‍ സ്വയംഭരണ പ്രദേശമായ ടിബറ്റിലും നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കാനായി അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നതെന്നു യു.എസ് സെനറ്റര്‍ കോറി ഗാര്‍ഡ്‌നര്‍ പറഞ്ഞു. ചൈന ലോകവ്യാപകമായി നടത്തുന്ന ആസൂത്രിത ആക്രമണങ്ങളാണിതെന്നു സെനറ്റര്‍ എഡ് മാര്‍ക്ക് പറഞ്ഞു. ഉയിഗുര്‍ തടങ്കലുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ നിഷേധിച്ചെങ്കിലും, പിന്നീട് ഇവ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണെന്നു ചൈന ന്യായീകരിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.