2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഉമര്‍ ഖാലിദിനെ വെടിവച്ചയാള്‍ ഹരിയാനയില്‍ ശിവസേന സ്ഥാനാര്‍ഥി

 

ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഹരിയാനയില്‍ ശിവസേന സ്ഥാനാര്‍ഥി. കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന 29 കാരനായ നവീന്‍ ദലാല്‍ ബഹാദുര്‍ഗഡ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
പശുസംരക്ഷണ സേനാംഗമായി സ്വയം വിശേഷിപ്പിക്കുന്ന നവീന്‍ ദലാല്‍ ആറുമാസം മുന്‍പാണ് ശിവസേനയില്‍ ചേര്‍ന്നത്. രാജ്യസ്‌നേഹത്തിലും പശുസംരക്ഷണത്തിലുമുള്ള ശിവസേനയുടെ നയങ്ങളില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്ന് നവീന്‍ പറഞ്ഞു.
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ സംസാരിക്കുകയും പശുക്കളുടെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തതിനാലാണ് നവീനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ശിവസേന നേതാവ് വിക്രം യാദവ് പറഞ്ഞു. ഈ മാസം 21നാണ് ഹരിയാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് ഉമര്‍ഖാലിദിനു നേരെ വെടിവയ്പുണ്ടായത്.
പാര്‍ലമെന്റിന് തൊട്ടടുത്തുള്ള അതീവസുരക്ഷാ മേഖലയില്‍ വച്ചായിരുന്നു വധശ്രമം ഉണ്ടായത്. കേസില്‍ അറസ്റ്റിലായ നവീന്‍ ജാമ്യത്തിലിറങ്ങിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.