2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഉന്മാദത്തില്‍ ഉലയുന്നവര്‍

 

 

ഡോ. അനീസ് അലി 9544001717

മെയ് 24- ലോക സ്‌കീസോഫ്രീനിയ ദിനം. ലോകത്ത് നൂറില്‍ ഒരാളെയെങ്കിലും ബാധിക്കുന്ന,  കേരളത്തില്‍ മൂന്നു ലക്ഷത്തിലേറെ പേരെ ബാധിച്ച മനോരോഗത്തിന്റെ ഉള്ളറകളെക്കുറിച്ച്

ഒരുവശത്ത് ആക്രോശവും പരാക്രമവുമായി ജനങ്ങളെ വിറളിപിടിപ്പിക്കുന്നയാള്‍. മറുവശത്ത് ശാന്തനും സൗമ്യനുമായി അധികം സംസാരിക്കാതെ ഒതുങ്ങിക്കൂടി നില്‍ക്കുന്നയാള്‍. ഇവര്‍ രണ്ടുപേരും ഒരേ തൂവല്‍പക്ഷികള്‍. ഒരോ രോഗത്തിന്റെ പിടിയില്‍ ഞെരിയുന്നവര്‍. സ്‌കീസോഫ്രീനിയ (ഉന്മാദരോഗം) എന്ന മനോദൗര്‍ബല്യത്തിന്റെ രണ്ടു മുഖങ്ങളാണിത്. മനോരോഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണവും ഒട്ടേറെ ഉപവിഭാഗങ്ങളുള്ളതുമാണ് സ്‌കീസോഫ്രീനിയ. അതുകൊണ്ടുതന്നെ ഏറ്റവും ഗൗരവമേറിയ മനോരോഗമായും ഇതു പരിഗണിക്കപ്പെടുന്നു.

രോഗം, തിരിച്ചറിയപ്പെടാതെ
രോഗം തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് മിക്ക മനോരോഗങ്ങളുടെയും ആദ്യവെല്ലുവിളി. സ്‌കീസോഫ്രീനിയയും ഇതില്‍ നിന്നു ഭിന്നമല്ല. സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു സ്‌കീസോഫ്രീനിയ രോഗിക്കു കഴിയാതെ വരുന്നു. എന്നാല്‍, അതു രോഗം കാരണമാണെന്നു അയാളോ ബന്ധുക്കളോ സമൂഹമോ തിരിച്ചറിയുന്നുമില്ല. കുറേക്കാലം ഇങ്ങനെ മുന്നോട്ടുപോകുമ്പോള്‍ എന്തോ ചില തകരാറുകള്‍ ഉണ്ട് എന്നു ബോധ്യപ്പെടുന്നു. അപ്പോഴും ഗ്രഹദോഷമോ ദൈവശാപമോ അമാനുഷിക ശക്തികളോ മറ്റാരുടെയെങ്കിലും കുതന്ത്രമോ ആണെന്നു ധരിച്ചുവശാകും. ഒടുവില്‍ രോഗം ഏറ്റവും സങ്കീര്‍ണമായി നിയന്ത്രണാതീതമാകുമ്പോഴാണ് ഡോക്ടറുടെ അടുത്തെത്തുക.

mirror-1a

രോഗം ഒരു കുറ്റമല്ല
ഏതൊരു ശാരീരിക രോഗം പോലെത്തന്നെയാണ് മാനസിക രോഗവും. വയറുവേദനക്ക് ഒരു കാരണമുണ്ട് എന്നു പറയുന്ന പോലെ മനോരോഗത്തിനും ഒരു കാരണമുണ്ടാകും. ആ കാരണം കണ്ടെത്തി പരിഹരിച്ചാല്‍ മനോദൗര്‍ബല്യങ്ങളും നിയന്ത്രിക്കാന്‍ കഴിയും. സ്‌കീസോഫ്രീനിയ രോഗത്തെ തിരിച്ചറിഞ്ഞതും ആ പേരു നല്‍കിയനും ബ്ലൂലര്‍ എന്ന മന:ശാസ്ത്ര ഗവേഷകനാണ്. സമൂഹത്തില്‍ തികച്ചും സാധാരണണമായി മാറിയ രോഗം നൂറുപേരില്‍ ഒരാളെയെങ്കിലും ബാധിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ മൂന്നുലക്ഷത്തോളം പേര്‍ക്ക് ഇത്തരം ലക്ഷണങ്ങളുണ്ട്. 20-30 പ്രായക്കാരായ യുവതീയുവാക്കളെ ഇത് വളരെയധികം ബാധിക്കുന്നു. ഗവേഷണങ്ങള്‍ മുന്നോട്ടുപോവുകയും വിവിധ ചികിത്സാ രീതികള്‍ രൂപപ്പെടുകയും ചെയ്തതോടെ സ്‌കീസോഫ്രീനിയ രോഗികളില്‍ 30-40 ശതമാനം പേരെങ്കിലും മുക്തിനേടുന്നുണ്ട്. ഇതേപോലെ 30-40 ശതമാനം പേര്‍ തുടര്‍ച്ചയായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും മാനസികാരോഗ്യം നിലനിര്‍ത്തുന്നവരാണ്.

സംശയം മുതല്‍ അശരീരി വരെ
മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതത്വമാണ് ജീവശാസ്ത്രപരമായി ഈ രോഗത്തിന്റെ പ്രധാന കാരണം. നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്റെ അളവ് കൂടുന്നതാണ് ഇതില്‍ പ്രധാനം. കുടുംബ പാരമ്പര്യം, ജീവിതസാഹചര്യവും സംഘര്‍ഷവും, സാമൂഹികാവസ്ഥ, മറ്റു മന:ശാസ്ത്ര ഘടകങ്ങള്‍ തുടങ്ങിയവയും കാരണമാകാം. പെട്ടെന്നൊരു ദിവസം ബാധിക്കുന്ന രോഗമല്ല സ്‌കീസോഫ്രീനിയ. ഇത് ക്രമേണ പിടിമുറുക്കുകയാണ്.

അസുഖത്തിന് ഒരു സ്വഭാവം മാത്രമല്ല, ഒരായിരം മുഖങ്ങളുണ്ട്. ചില പ്രധാന രോഗലക്ഷണങ്ങള്‍

1- ഒന്നിനും താത്പര്യമില്ലായ്മ: മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുമാറുക, പഠനം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താത്പര്യക്കുറവും.
2-സംശയ സ്വഭാവം: എല്ലാവരും തന്നെപ്പറ്റി സംസാരിക്കുന്നു. തന്നെ ആക്രമിക്കാനും തകര്‍ക്കാനും മറ്റൊരാള്‍ ശ്രമിക്കുന്നു. ഭാര്യയ്ക്ക് ഭര്‍ത്താവിന് അവിഹിത ബന്ധം, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു തുടങ്ങിയ സംശയങ്ങള്‍. അതിനെ ചുറ്റിപ്പറ്റി സംഘര്‍ഷഭരിതമാകുന്ന മനസ്.
3- മിഥ്യാനുഭവങ്ങള്‍: മറ്റാരും കേള്‍ക്കാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക, മറ്റാരും കാണാത്തത് കാണുക തുടങ്ങിയ മിഥ്യാധാരണകള്‍.
4- നിരര്‍ഥക പ്രകടനങ്ങള്‍: അദൃശ്യവ്യക്തികളുമായി സംസാരിച്ചുകൊണ്ടിരിക്കുക. പരസ്പര ബന്ധമില്ലാത്ത സംസാരം. കണ്ണാടി നോക്കി ചേഷ്ടകള്‍ കാണിക്കുക.

 

schizophrenia

ബഹുമുഖ ചികിത്സ
രോഗത്തിനു പലമുഖം എന്നു പറഞ്ഞപോലെത്തന്നെ സ്‌കീസോഫ്രീനിയയുടെ ചികിത്സയും ബഹുമുഖമാണ്. ഔഷധ ചികിത്സ, മന:ശാസ്ത്ര ചികിത്സ, ബോധവത്ക്കരണം, പുനരധിവാസം തുടങ്ങിയവ പ്രധാനം. രോഗമാണെന്ന കാര്യം സമ്മതിക്കാതെ വിധിയെ പഴിക്കുകയും മറ്റു കാരണങ്ങള്‍ തേടിപ്പിടിക്കുകയുമാണ് പലരും ആദ്യം ചെയ്യുക. ഇങ്ങനെ ചികിത്സ വൈകുന്നത് രോഗമുക്തി നേടാനുള്ള സാധ്യത കുറയ്ക്കുന്നു. രോഗിയെ കൊണ്ടുപോയി ചികിത്സിച്ചാല്‍ മാത്രം പോരാ, കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും സമീപനവും മാറണം. നാം ആഗ്രഹിക്കുന്നപോലെ രോഗിക്ക് പെരുമാറാന്‍ കഴിയാത്തത് അയാളുടെ രോഗം കൊണ്ടാണെന്ന് തിരിച്ചറിയുക. പെരുമാറ്റത്തിലെ അസ്വാഭാവികതകള്‍ക്ക് അയാളെ കുറ്റപ്പെടുത്തുന്നതിനു പകരം അയാളിലെ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. സൈക്കോ തെറാപ്പി, ഫാമിലി തെറാപ്പി തുടങ്ങിയവയും ചികിത്സയിലെ സുപ്രധാന ഘടകങ്ങളാണ്.
മനോദൗര്‍ബല്യമുള്ളവരെ ഒറ്റപ്പെടുത്തുന്നതിനു പകരം അതില്‍ നിന്ന് അവരെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിനു മുന്‍കൈയെടുക്കുന്ന ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമാണ്. ഇന്ത്യയില്‍ സ്‌കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ (സ്‌കാര്‍ഫ് -ചെന്നൈ), റിച്മണ്ട് ഫെലോഷിപ്പ് ബാംഗ്ലൂര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. രോഗിക്ക് ശരിയായ ചികിത്സ നല്‍കുക, അവരെ അകറ്റി നിര്‍ത്താതെ കൈപിടിച്ച് കൂടെ നിര്‍ത്തുക എന്ന സമീപനം നമുക്കിടയിലും വളര്‍ന്നുവരണം. അതാണ് സ്‌കീനോഫ്രീനിയ ദിനാചരണത്തിന്റെ ലക്ഷ്യവും.

(രാമനാട്ടുകര കൈതക്കുണ്ട മന:ശാന്തി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റ് ആണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News