2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഉന്നതങ്ങളില്‍ നേട്ടവുമായി ഇന്ത്യ വീണ്ടും

 

ന്യൂഡല്‍ഹി: ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി.ആര്‍.ഡി.ഒ) എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി സി- 45 ബഹിരാകാശത്തെത്തിച്ചു. ഒരു വിക്ഷേപണത്തിലൂടെ മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങള്‍ എത്തിച്ചാണ് സി-45 ലൂടെ ഐ.എസ്.ആര്‍.ഒ ചരിത്രനേട്ടം കൈവരിച്ചത്.

436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍നിന്ന് 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതായിരുന്നു ആദ്യ ദൗത്യം. ഇതിനുശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ 220 കിലോ ഭാരമുള്ള ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളി. വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പി.എസ്.എല്‍.വിയുടെ നാലാംഘട്ടം(അവേശഷിക്കുന്ന ഭാഗം) നില്‍പ്പുറപ്പിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായാണിതെന്ന് ഐ.എസ്.ആര്‍.ഒ പറഞ്ഞു.

മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍നിന്ന് സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് പായ്ക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയര്‍ പഠിക്കാനുള്ള എ.ആര്‍.ഐ.എസ് എന്നിവ.
പ്രതിരോധ ഗവേഷണ- നിരീക്ഷണങ്ങളെ സഹായിക്കുക എന്നതാണ് മുഖ്യ ഉപഗ്രഹമായ എമിസാറ്റിന്റെ ദൗത്യം. ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് വിഭാഗത്തില്‍പെടുന്ന ഇത് ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരല്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാജ്യം പൂര്‍ണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളില്‍ വരും. അതിര്‍ത്തി നിരീക്ഷണത്തിനും റഡാര്‍ സന്ദേശങ്ങള്‍ പിടിച്ചെടുക്കാനും ഉപഗ്രഹം സഹായിക്കും.
ഇന്നലെ രാവിലെ 9.27നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 47-ാം ദൗത്യമാണ് ഇത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.