2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉത്രാടപ്പാച്ചിലില്‍ നഗരം വീര്‍പ്പുമുട്ടി

കോഴിക്കോട്: ഉത്രാടത്തിനു വിയര്‍ത്തോടിയാല്‍ തിരുവോണം കെങ്കേമമാക്കാമെന്ന പഴമൊഴി അക്ഷരാര്‍ഥത്തില്‍ നെഞ്ചേറ്റുകയായിരുന്നു കോഴിക്കോട്ടുകാര്‍. ഉത്രാടപ്പാച്ചിലില്‍ ഇന്നലെ നഗരം വീര്‍പ്പുമുട്ടി. തിരുവോണത്തിനു സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാനും അവസാനവട്ട ഷോപ്പിങ്ങിനുമായി എത്തിയവരുടെ തിരക്കായിരുന്നു ഇന്നലെ നഗരം മുഴുവന്‍ ദൃശ്യമായത്. വൈകിട്ടോടെ തിരക്ക് കൂടിവന്നു. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി നഗരത്തില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഉത്രാടദിനമായ ഇന്നലെ രാവിലെ മുതല്‍ മിഠായിത്തെരുവിലും മാനാഞ്ചിറയിലും പാവമണി റോഡിലും പാളയം മാര്‍ക്കറ്റിലും സൂചികുത്താനിടമില്ലാത്ത വിധം തിരക്ക് വര്‍ധിച്ചു. നഗരം പലപ്പോഴും ഗതാഗത കുരുക്കിലമരുകയും ചെയ്തു. പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാനം പിടിച്ച വഴിവാണിഭക്കാര്‍ക്കും ഇന്നലെ കച്ചവടം തകൃതിയായിരുന്നു. മഴയില്ലാതിരുന്നതും തെരുവ് കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ വിലക്കിഴിവും ഓഫറുകളും ഒരുക്കിയ വന്‍കിട ഷോപ്പിങ് മാളുകളും വലുതും ചെറുതുമായ ഷോറൂമുകളും ഓണം മേളകളും ഉപഭോക്താക്കളെക്കൊണ്ട് നിറഞ്ഞു. തുണിക്കടകളില്‍ റെക്കോഡ് വില്‍പനയാണ് നടന്നത്. പുലര്‍ച്ച അഞ്ചോടെ സജീവമായ പാളയത്തെ പച്ചക്കറി വിപണിയും പൂക്കച്ചവടവും രാത്രി വരെ നീണ്ടു. വൈകിട്ട് പാളയം മാര്‍ക്കറ്റില്‍ എത്തിപ്പെടാന്‍ തന്നെ ജനം പ്രയാസപ്പെട്ടു. സദ്യക്കുള്ള പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്ക് പാളയം പച്ചക്കറി മാര്‍ക്കറ്റിലും പരിസരത്തുമായിരുന്നു. പൂവില്‍പ്പനയുടെ അവസാന ദിവസമായ ഇന്നലെ പൂകച്ചവടക്കാര്‍ക്കും നല്ല കൊയ്ത്തായിരുന്നു. എത്ര വിലകൊടുത്തും പൂ വാങ്ങാന്‍ തിക്കും തിരക്കും കാണാമായിരുന്നു.
ഓണത്തിനു വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി ഏതാനും ദിവസം മുന്‍പ് ആരംഭിച്ച മേളകളിലും ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീയുടെ ഓണച്ചന്ത, കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ ഓണ വിപണി, ഓണം കൈത്തറി എക്‌സ്‌പോ, ഓണം-പെരുന്നാള്‍ ഖാദി മെഗാ എക്‌സ്‌പോ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസിലെ ഖാദി ഓണം-പെരുന്നാള്‍ മേള, കൈരളി ഓണം ഫെയര്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കായിരുന്നു. പ്രധാന മേളകളെല്ലാം തന്നെ ഇന്നലെ സമാപിച്ചു. മാനാഞ്ചിറ മുതല്‍ പാവമണി റോഡ് വരെ വഴിവാണിഭക്കാര്‍ കൈയടക്കി വച്ചിരിക്കുകയാണ്. വഴിയോരത്ത് 100 മുതല്‍ 2,000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ വില്‍പനയ്ക്കുണ്ടായിരുന്നു.
ചുരിദാര്‍, സാരി, ഉടുപ്പുകള്‍, ടോപ്പുകള്‍ എന്നിവയൊക്കെ അധികമായി വിറ്റുപോയി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന വസ്ത്രശേഖരവുമായാണ് കച്ചവടക്കാര്‍ എത്തിയിരുന്നത്. ഷോപ്പിങ് മാളുകളിലും വലിയ തോതില്‍ തിരക്ക് അനുഭവപ്പെട്ടു. തിയറ്ററുകളിലും ബീച്ചിലും മാനാഞ്ചിറ സ്‌ക്വയറിലും സരോവരം ബയോപാര്‍ക്കിലും പതിവിലുമേറെ ആളുകള്‍ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം വിശ്രമ കേന്ദ്രങ്ങള്‍ കൂടുതല്‍ ജനിബിഡമാകും.
നിരീക്ഷണത്തിനും ഗതാഗത നിയന്ത്രണത്തിനുമുള്‍പ്പെടെ അധികമായി പൊലിസ് സംവിധാനവും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. തിരുവോണത്തലേന്ന് കുടുംബസമേതം ആളുകള്‍ ഷോപ്പിങ്ങിനിറങ്ങിയതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഗതാഗതകുരുക്കില്‍ നിശ്ചലമായി. നഗരത്തിലെ പ്രധാന റോഡുകളിലും നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇടങ്ങളിലും ഏറെ നേരം നീണ്ട ഗതാഗതസ്തംഭനമാണുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.