2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉത്തർ പ്രദേശ് മുഖ്യമന്ത്രി പദം തീവ്ര ഹിന്ദുത്വത്തിന്റെ സന്ദേശം നൽകുന്നു  – പ്രേമചന്ദ്രൻ എം പി

അഹമ്മദ് പാതിരിപ്പറ്റ
ദോഹ: തെരഞ്ഞെടുക്കപ്പട്ട 303 നിയമസഭാ അംഗങ്ങളുണ്ടായിട്ടും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിമാരേയും പുറത്തു നിന്നുള്ളവര്‍ക്ക് ഭരണനേതൃത്വം ഏല്‍പ്പിച്ചതിലൂടെ ഇന്ത്യ തീവ്ര ഹിന്ദുത്വ രാജ്യമാണെന്ന സന്ദേശം നല്കാനാണ് ബി ജെ പിയും ആര്‍ എസ് എസും ശ്രമിക്കുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. കെ എം സി സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ വസന്തം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 
ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി ജെ പി നേടിയ വിജയം ഇന്ത്യയിലെ ഗുരുതരമായ രാഷ്ട്രീയ പ്രശ്‌നമാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ബി ജെ പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളുടെ പ്രതിരോധിക്കണമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. 
 
മുസ്‌ലിം സമുദായത്തില്‍ നിന്നും ഒരാളെ പോലും മത്സരിപ്പിച്ചില്ലെന്ന് മാത്രമല്ല അത് അഭിമാനമായി എടുത്തു പറയുന്നതിനോടൊപ്പം വര്‍ഗ്ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച സാമുദായിക വിഭജനനയം ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. 
 
നരേന്ദ്ര മോദി സര്‍ക്കാറിന്റെ മതാധിഷ്ഠിത രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികളുടെ മഹാസഖ്യം രൂപപ്പെടേണ്ടതുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ മികച്ച പങ്കുവഹിക്കേണ്ട സി പി എം ഉള്‍പ്പെടെയുളള ഇടതുപക്ഷ പാര്‍ട്ടികളുടെ നിലപാട് പലപ്പോഴും ബി ജെ പിയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്കുന്നതോ ശക്തി പകരുന്നതോ ആണ്. ബീഹാറിലും ഉത്തര്‍പ്രദേശിലും സി പി എം സ്വീകരിച്ച നിലപാടുകള്‍ ചില മണ്ഡലങ്ങളിലെങ്കിലും ബി ജെ പിക്ക് ഗുണകരമാവുകയാണ് ചെയ്തത്. ഈ തിരിച്ചറിവില്‍ നിന്നാണ് തെരഞ്ഞെടുപ്പ് സഖ്യത്തിന് പുറമെ കോണ്‍ഗ്രസുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കാമെന്ന സി പി ഐയുടെ പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ സിപി എം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 
സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ശക്തനായ ഒരു മുഖ്യമന്ത്രിയും മികച്ച ഭരണവും പ്രതീക്ഷിച്ച ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും പിണറായി അധികാരത്തിലെത്തിയതോടെ അവസാനിച്ചു. പൊലീസുകാരേയും ഉദ്യോഗസ്ഥന്മാരേയും മന്ത്രിമാരെ പോലും പിണറായിക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. 
 
ടി പി സെന്‍കുമാറിന് അനുകൂലമായി സുപ്രിം കോടതി നടത്തിയ വിധി യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയിലുള്ള കോടതിയുടെ അവിശ്വാസം രേഖപ്പെടുത്തല്‍ കൂടിയാണ്. എം എം മണിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പൊളിറ്റ് ബ്യൂറോ അംഗത്തെ ഉള്‍പ്പെടെ പുറത്താക്കിയ പാരമ്പര്യമുള്ള സി പി എം മണിയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയന്ത്രിക്കേണ്ട പല ഘട്ടങ്ങളിലും എം എം മണിയെ മുഖ്യമന്ത്രി നിയന്ത്രിക്കാതെ വിട്ടതാണ് കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിന്റെ കാരണമെന്നും ഇതില്‍ മുഖ്യമന്ത്രിക്കാണ് ധാര്‍മ്മിക ഉത്തരവാദിത്വമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 
 
കേന്ദ്രത്തേയും നരേന്ദ്രമോദിയേയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളും പാക്കിസ്ഥാന്‍ ചാരന്മാരുമാക്കുന്നതു പോലെ സി പി എമ്മിനെതിരെ സംസാരിക്കുന്നവരെ മുഴുവന്‍ ബി ജെ പിയും ആര്‍ എസ് എസ്സുമായി മുദ്ര കുത്താന്‍ ശ്രമിക്കുകയാണ്. ഈ പ്രവര്‍ത്തനം അപകടകരമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇത്തരത്തില്‍ എല്ലാവരേയും ആര്‍ എസ് എസ് ആക്കാന്‍ ശ്രമിക്കുന്നത് ഇത്തരം പാര്‍ട്ടികളുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ 49 ശതമാനത്തോളമുള്ള കേരളത്തില്‍ രാഷ്ട്രീയ നേട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി പി എം തീക്കൊള്ളികൊണ്ടുള്ള ഇത്തരം തല ചൊറിയലുകള്‍ നടത്തുന്നത്. ആര്‍ എസ് പി ഇപ്പോഴും പൂര്‍ണ്ണമായും ഇടതുപക്ഷ പ്രസ്ഥാനമാണെന്നും സി പി എമ്മിനോടൊപ്പമുള്ളവര്‍ മാത്രമാണ് ഇടതുപക്ഷമെന്ന ചിന്ത ശരിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തില്‍ സി പി എം സ്വീകരിക്കുന്ന നിലപാടുകള്‍ അതിസമ്പന്ന വിഭാഗത്തിന് അനുകൂലമായതാണെന്ന് ആരോപിച്ച എന്‍ കെ പ്രേമചന്ദ്രന്‍ നിരവധി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ യു ഡി എഫിലേക്ക് വരുന്നുണ്ടെന്നും പറഞ്ഞു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആര്‍ എസ് പിയും കേരള കോണ്‍ഗ്രസും ഉള്‍പ്പെടുന്ന വിശാല മതേതര ജനാധിപത്യ മുന്നണിക്ക് കേരളത്തില്‍ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.