2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഉത്തരേന്ത്യയില്‍ കൊടുംചൂട്; ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

ഝാന്‍സി (യു.പി): ഉത്തര്‍പ്രദേശില്‍ കൊടുംചൂടില്‍ ട്രെയിന്‍ യാത്രക്കാരായ നാല് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസില്‍ കോയമ്പത്തൂരിലേക്കുള്ള യാത്രക്കാരാണ് ഝാന്‍സിയില്‍ മരിച്ചത്.
ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുന്ദൂര്‍ പാച്ചിയപ്പന്‍ (80), ബാലകൃഷ്ണ രാമസ്വാമി (69), സുബ്ബരായ (71), ദൈവനായി (74) എന്നിവരാണ് മരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ ചൂടു താങ്ങാനാവാതെ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. രണ്ടാഴ്ചയായി ഉത്തരേന്ത്യയില്‍ തുടരുന്ന ഉഷ്ണ തരംഗമാണ് ദുരന്തത്തിന് കാരണമെന്നാണ് റെയില്‍വേ അറിയിച്ചത്.
ആഗ്രയില്‍നിന്ന് കോയമ്പത്തൂരിലേക്ക് എസ്-8, എസ്-9 സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്തവരാണ് മരിച്ചവര്‍. ഇന്നലെ ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണുണ്ടായിരുന്നത്.
കേരള എക്‌സ്പ്രസ് തിങ്കളാഴ്ച വൈകിട്ട് ഝാന്‍സിയില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പുതന്നെ മൂന്നുപേരും ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ നാലാമനും മരിച്ചു. യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ മെഡിക്കല്‍ സംഘത്തെ അയച്ചതായി റെയില്‍വേ വക്താവ് അജിത് കുമാര്‍ സിങ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നീരജ് അംബിഷ് അറിയിച്ചു. കോയമ്പത്തൂരില്‍നിന്ന് വാരണാസി, ആഗ്ര എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ 68 അംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്.
ആഗ്രയില്‍നിന്ന് കയറുമ്പോള്‍തന്നെ ട്രെയിനില്‍ അസഹനീയമായ ചൂടായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. ശ്വാസ തടസവും ശാരീരികാസ്വസ്ഥതയും ഉണ്ടായതായി യാത്രക്കാര്‍ പറഞ്ഞു. യാത്രാ സംഘത്തിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും 65ന് മുകളില്‍ പ്രായമുള്ളവരാണ്.
കഴിഞ്ഞയാഴ്ച കൊടുംചൂടില്‍ ഖാസിപൂര്‍ സ്വദേശി രാജേഷ് ഗുപ്തയെ കുശിനഗര്‍ എക്‌സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ ഒന്നിന് ജനസമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ സീതയെന്ന പെണ്‍കുട്ടിയെയും കൊടുംചൂടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News