2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉത്തരേന്ത്യന്‍ മാധ്യമങ്ങളിലും  കേരളത്തിനെതിരേ പ്രചാരണം രൂക്ഷം

സുനി അല്‍ഹാദി

 
കൊച്ചി: കൊവിഡ്-19 പടരുന്നതുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ ഉത്തരേന്ത്യന്‍ മാധ്യമങ്ങളിലും പ്രചാരണം രൂക്ഷം. ഇന്ത്യയില്‍ ഏറ്റവും രൂക്ഷമായി കൊവിഡ് പടരുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ മാധ്യമങ്ങളുടെ ചുവടുപിടിച്ചാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താക്കള്‍ നടത്തുന്ന പ്രതിദിന കൊവിഡ്-19 വാര്‍ത്താ സമ്മേളനങ്ങളിലും കേരളത്തിന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.കേരളത്തിലെ ഡോക്ടര്‍ക്ക്  വൈറസ് ബാധിച്ചുവെന്നതും, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരോഗ്യ പ്രവര്‍ത്തകന് വൈറസ് ബാധിച്ചുവെന്നതുമൊക്കെ ദേശീയ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.ഏറ്റവുമൊടുവില്‍, കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് തടവുകാര്‍ക്കുമെല്ലാം ഹൈക്കോടതി ഏപ്രില്‍ 30വെര ജാമ്യം അനുവദിച്ചതും വന്‍വാര്‍ത്താ പ്രാധാന്യം നേടി.
ഇതോടെ,കേരളത്തില്‍ വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണെന്ന പരിഭ്രാന്തി സംസ്ഥാനത്തെ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലും നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കിടയിലും പടര്‍ന്നുപിടിച്ചിരുന്നു.
ഗള്‍ഫില്‍ കൊവിഡ്-19 ബാധിച്ചതോടെ മലയാളികള്‍ പലരും മടങ്ങിയതും ഇങ്ങനെ മടങ്ങിയ ചിലര്‍ക്ക് പിന്നീട് വൈറസ്ബാധ സ്ഥിരീകരിച്ചതുമെല്ലാം ഭീതിയോടെയാണ്  ഈ തൊഴിലാളികള്‍ നോക്കിക്കാണുന്നതും. മാര്‍ച്ച് പകുതിയോടെ തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ പരിഭ്രാന്തി പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു.
തുടര്‍ന്നാണ് സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ വന്‍തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്.സംസ്ഥാനത്തുനിന്ന് ബംഗാളിലേക്കും മറ്റുമുള്ള ട്രെയിനുകളില്‍ തിങ്ങിനിറഞ്ഞാണ് ഇവര്‍ യാത്ര ചെയ്തതും. മടക്ക യാത്രക്ക് സീറ്റ് പിടിക്കാന്‍  ട്രെയിനില്‍ ചാടിക്കയറവെ പശ്ചിമബ ബംഗാള്‍ സ്വദേശി മുബാറഖ് മിയാഖ് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍പെട്ട് മരണമടഞ്ഞ സംഭവംവരെയുണ്ടായി. മാര്‍ച്ച് 22മുതല്‍ ട്രെയിന്‍ ഗതാഗതം അപ്രതീക്ഷിതമായി നിര്‍ത്തിവച്ചതോടെ അസ്വസ്ഥത ഇരട്ടിച്ചു. പ്രധാനമന്ത്രി 21ദിവസം ‘അടച്ചുപൂട്ടല്‍’ പ്രഖ്യാപിച്ചതോടെ പലരും കൂടുതല്‍ അസ്വസ്ഥരാവുകയും ചെയ്തു. ജോലിയും കൂലിയുമില്ലാതെ ഇവിടെ തുടരേണ്ടിവരുമെന്നത് അസ്വസ്ഥത ഇരട്ടിയാക്കി. അതിനിടെ, ലോക്ക്ഡൗണ്‍ നീളുമെന്ന അഭ്യൂഹങ്ങളും ഇവര്‍ക്കിടയില്‍ അശാന്തിവിതച്ചു. അവര്‍ക്കിടയില്‍ പ്രചരിക്കുന്ന മൊബൈല്‍ സന്ദേശങ്ങളും മറ്റും പൊലിസ്  നിരീക്ഷിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളമുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ ഇപ്പോഴും അസ്വസ്ഥമാണ്. ഉത്തരേന്ത്യന്‍, ബംഗാള്‍ ഭക്ഷണം നല്‍കുന്നതിനൊപ്പം ഫലപ്രദമായ കൗണ്‍സിലിങ്ങിനും  സംവിധാനമൊരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.