2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഉത്തരാഖണ്ഡ്: ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രിം കോടതിയുടെ ഇടക്കാല സ്‌റ്റേ. ഈ മാസം 27 വരെയാണ് സ്‌റ്റേ. എന്നാല്‍  27 വരെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് മറ്റൊരു സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും സുപ്രിം കോടതി ഉത്തരവിട്ടു. 26നകം കക്ഷികള്‍ക്ക് വിധിപകര്‍പ്പ് നല്‍കണമെന്നും കോടതി പറഞ്ഞു.

ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറാണ് ഇടക്കാല സ്‌റ്റേക്ക് ഉത്തരവിട്ടത്.

ഇന്നലെയാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരാഖണ്ഡില്‍ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്തായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പ്രതികരണം. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാറിന് തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

ബജറ്റിനെത്തുടര്‍ന്നുള്ള വിവാദത്തിനിടെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെയാണ് സംസ്ഥാനത്തു ഭരണപ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനാണ് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതെന്നാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രിം കോടതിയെ അറിയിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.