2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഉത്തരാഖണ്ഡ്: വിമതര്‍ അയോഗ്യരായി തുടരുമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ക്ക് ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് സുപ്രിംകോടതി. അയോഗ്യരാക്കപ്പെട്ട നടപടി ചോദ്യം ചെയ്ത് സമീപിച്ച ഒന്‍പത് വിമത എം.എല്‍.എമാരുടെ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി വിധി പ്രസ്താവിച്ചത്.
അതേസമയം അയോഗ്യത സംബന്ധിച്ച ഇവരുടെ ഹരജി പരിഗണിക്കാന്‍ തയാറാണെന്ന് അറിയിച്ച കോടതി കേസ് ജൂലൈ 12ലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ ഇന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. കോടതി നിരീക്ഷണത്തില്‍ രാവിലെ 11നും ഉച്ചയ്ക്ക് ഒന്നിനുമിടയിലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി രണ്ടു മണിക്കൂര്‍ നേരത്തേക്ക് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കിയിട്ടുണ്ട്. ഈ നേരം ഗവര്‍ണറായിരിക്കും ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നതെന്നും കോടതി അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഒന്‍പത് വിമത എം.എല്‍.എമാര്‍ക്ക് അയോഗ്യത തുടരുമെന്ന കോടതി വിധിയോടെ ഭരണം കയ്യാളാമെന്ന ബി.ജെ.പിയുടെ സ്വപ്നം ഏതാണ്ട് അസ്തമിച്ച മട്ടാണ്. നിലവില്‍ 28 അംഗങ്ങളുള്ള പാര്‍ട്ടിക്ക് ഒരു വിമത അംഗത്തിന്റെ പിന്തുണ ലഭിച്ചാല്‍ത്തന്നെ ഭരണം നേടാനാവില്ല.
സുപ്രിംകോടതി വിധി വിശ്വാസവോട്ടെടുപ്പ് നേരിടുന്ന ഹരീഷ് റാവത്തിന് ആശ്വാസം നല്‍കിയിട്ടുണ്ട്. 62 അംഗ നിയമസഭയില്‍ 31 അംഗങ്ങളുടെ പിന്തുണയാണ് വിശ്വാസപ്രമേയം പാസാകാന്‍ വേണ്ടത്.

ഒളികാമറ: സി.ബി.ഐ മുമ്പാകെ
ഹാജരാകാന്‍ ഹരീഷ് റാവത്ത്
കൂടുതല്‍ സമയം തേടി
ഡെറാഡൂണ്‍: വിമത എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ഒളികാമറ വിവാദത്തില്‍ കുടുങ്ങിയ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് സി.ബി.ഐ മുന്‍പാകെ ഹാജരായില്ല. ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് റാവത്ത് അപേക്ഷ സമര്‍പ്പിച്ചു.
താന്‍ നാര്‍കോ അനാലിസിസിന് തയാറാണെന്നും എന്നാല്‍ നിലവില്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനാല്‍ സി.ബി.ഐ മുമ്പാകെ ഹാജരാകാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് റാവത്ത് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.