2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഉത്തരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനെതിരായ ഹൈക്കോടതി ഉത്തരവില്‍ സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി. അതേസമയം ഈ മാസം 29ന്  നടക്കാനിരുന്ന വിശ്വാസവോട്ടെടുപ്പ് കോടതി റദ്ദാക്കി.

 

ഹരീഷ് റാവത്ത് സര്‍ക്കാരിനോട് 29ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനോട് കോടതി കൂടുതല്‍ വിശദീകരണം തേടി.

 

രാഷ്ട്രപതി ഭരണം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഇന്നും സുപ്രിം കോടതി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സര്‍ക്കാറിന് ഭൂരിപക്ഷം നല്‍കാന്‍ അവസരം നല്‍കാതിരുന്നതെന്ന ചോദ്യവുമായി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സുപ്രിം കോടതി ഉന്നയിച്ചത്.

 

കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തുടരും. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി കഴിഞ്ഞ 22നായിരുന്നു സുപ്രിം കോടതി  ഇടക്കാല സ്‌റ്റേ ചെയ്തത്.

 

സ്റ്റേ കാലാവധി ഇന്നവസാനിക്കാനിരിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരാണ് സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്. കഴിഞ്ഞ 21നാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

 

ഉത്തരാഖണ്ഡില്‍ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്തായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാറിന് തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

ഇതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതിയും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ബജറ്റിനെത്തുടര്‍ന്നുള്ള വിവാദത്തിനിടെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെയാണ് സംസ്ഥാനത്തു ഭരണപ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.