2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഉത്തരവ് തിരുത്തി തടിയൂരി സര്‍ക്കാര്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് സീറ്റുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവ് തിരുത്തി തടിയൂരി സര്‍ക്കാര്‍. എം.ബി.ബി.എസ് പ്രവേശനത്തിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണത്തിനായി മെഡിക്കല്‍ സീറ്റ് വര്‍ധനവിന് അപേക്ഷിക്കാന്‍ സ്വാശ്രയ കോളജുകള്‍ക്ക് നല്‍കിയ അനുമതി വിവാദമായതോടെയാണ് അതു പിന്‍വലിച്ച് സര്‍ക്കാര്‍ തടിയൂരിയത്.
മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ആദ്യം ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളെ ഒഴിവാക്കി ഉത്തരവിറക്കി. വിവാദമായപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളെ കൂടി ഉള്‍പ്പെടുത്തി വീണ്ടും ഉത്തരവിറക്കി. എന്നാല്‍ ഇന്നലെ വൈകീട്ടോടെ സ്വാശ്രയ കോളജുകള്‍ക്കുള്ള അനുമതി മുഴുവനായും റദ്ദാക്കി തടിയൂരി, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മാത്രമായി ചുരുക്കി പുതിയ ഉത്തരവിറക്കുകയായിരുന്നു. ആക്ഷേപമുള്ളവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിക്കാമെന്ന വിശദീകരണവും ഇതോടൊപ്പം ഇറക്കി.

ആദ്യം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകള്‍ക്കും ഒപ്പം പ്രവേശനം നിരോധിച്ച രണ്ടു മെഡിക്കല്‍ കോളജുകള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി സി.ഡി ദിലീപ് ഉത്തരവിറക്കിയത്. ഡി.എം മെഡിക്കല്‍ കോളജ്, വയനാട്, ഗോഗുലം മെഡിക്കല്‍ കോളജ്, വെഞ്ഞാറമൂട്, പി.കെ ദാസ് വാണിയാംകുളം, കേരള മെഡിക്കല്‍ കോളജ്, ചെര്‍പ്പുളശ്ശേരി, മലബാര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട്, ശ്രീ നാരായണ എറണാകുളം, എസ്.ആര്‍ മെഡിക്കല്‍ കോളജ്, വര്‍ക്കല, എസ്.യു.ടി വട്ടപ്പാറ എന്നീ മെഡിക്കല്‍ കോളജുകളിലാണ് ചൊവ്വാഴ്ച രാത്രി സീറ്റ് കൂട്ടി ഉത്തരവിറക്കിയത്. ന്യൂനപക്ഷ കോളജുകള്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകള്‍ക്ക് അര്‍ഹതയില്ലെന്നായിരുന്നു ഇതിന് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

ഇതില്‍ പാലക്കാട് കേരള മെഡിക്കല്‍ കോളജും വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലും ഈ വര്‍ഷവും മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇവിടെ 2016ല്‍ മാത്രമാണ് പ്രവേശനം നടന്നത്. സൗകര്യമില്ലാത്തതിനാല്‍ പിന്നീട് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനം തടയുകയും ഇവിടെ 2016ല്‍ പ്രവേശിച്ച കുട്ടികളെ മറ്റു കോളജുകളിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ കോഴ ആരോപണത്തില്‍പെട്ട മെഡിക്കല്‍ കോളജാണ് വര്‍ക്കല എസ്.ആര്‍.

പ്രവേശനം ഇല്ലാത്ത കോളജിനു പോലും അനുമതി നല്‍കിയതോടെ ന്യൂനപക്ഷ കോളജ് മാനേജ്‌മെന്റുകള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ തൃശൂര്‍- അമല, ജൂബിലി, എറണാകുളം- മലങ്കര ഓര്‍ത്തോഡക്‌സ് സിറിയന്‍ ചര്‍ച്ച്, തിരുവല്ല- പുഷ്പഗിരി, തൊടുപുഴ- അല്‍ അസര്‍, കൊല്ലം- അസീസിയ, തിരുവല്ല- ബിലീവേഴ്‌സ് ചര്‍ച്ച്, പെരിന്തല്‍മണ്ണ- എം.ഇ.എസ്, കോഴിക്കോട്- കെ.എം.സി.ടി, പാലക്കാട്- കരുണ, കണ്ണൂര്‍- മെഡിക്കല്‍ കോളജ്, പത്തനംതിട്ട- മൗണ്ട് സിയോണ്‍, കാരക്കോണം- സി.എസ്.ഐ കോളജ്, കൊല്ലം- ട്രാവന്‍കൂര്‍ എന്നീ മെഡിക്കല്‍ കോളജുകളിലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. എന്നാല്‍ വൈകീട്ടോടെ എല്ലാ സ്വാശ്രയ കോളജുകള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കി സര്‍ക്കാര്‍ കോളജുകള്‍ക്ക് മാത്രമായി ചുരുക്കി തടിയൂരുകയായിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കല്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ സ്വാശ്രയ കോളജുകള്‍ക്ക് സീറ്റുകള്‍ കൂട്ടാന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടില്ല. ഇതോടൊപ്പം സാമ്പത്തിക സംവരണത്തിന് 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും തീരുമാനമെടുത്തിരുന്നില്ല. മാത്രമല്ല, സ്വാശ്രയ കോളജുകളില്‍ ഒരേ ഫീസ് ഘടന മാത്രമേ പാടുള്ളൂ, ക്രോസ് സബ്‌സിഡി പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യവുമുണ്ട്. ഇത് കൂടുതല്‍ കുരുക്കിലേയ്ക്ക് പോകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വൈകീട്ടോടെ സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചതെന്നാണ് സൂചന.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News