2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഉത്തമസമൂഹത്തിന്റെ സവിശേഷ ഗുണങ്ങള്‍

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി

‘ഉത്തമമായതിലേക്ക് ക്ഷണിക്കുകയും നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും ചീത്ത കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകള്‍ നിങ്ങളില്‍ ഉണ്ടായിരിക്കണം.

അവര്‍ വിജയം പ്രാപിച്ചവര്‍ തന്നെയാണ്’ (ആലുഇംറാന്‍ 104). ‘മനുഷ്യരുടെ നന്മക്കായി എഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമസമുദായമായിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നല്ലത് കല്‍പ്പിക്കുകയും ചീത്ത വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.

വേദക്കാര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നെങ്കില്‍ അതവര്‍ക്ക് ഗുണകരമായിരുന്നേനെ! (എന്നാല്‍) സത്യവിശ്വാസികളായ ചിലര്‍ അവരിലുണ്ട്. അവരില്‍ (വേദക്കാരില്‍) അധികമാളുകളും അതിക്രമികള്‍ തന്നെയാണ്'(ആലുഇംറാന്‍ 110).

മുഹമ്മദീയ സമുദായത്തിനു അല്ലാഹു കനിഞ്ഞു നല്‍കിയ അതിമഹത്തായ വിശേഷണമാണ്  ‘നിങ്ങളാണ് ഏറ്റവും ഉത്തമ സമുദായം’ എന്ന  സര്‍ട്ടിഫിക്കറ്റ്. അല്ലാഹുവിന്റെ ഈ പ്രശംസ കൈവരിക്കുവാന്‍ ആവശ്യമായ പ്രധാനയോഗ്യതകള്‍ പ്രസ്തുത ആയത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒന്നാമതായി പറയുന്നത്  നമ്മള്‍ ‘സദാചാരം കല്‍പ്പിക്കുന്നവരായിരിക്കണം’ എന്നാണ്. ഇത് എല്ലാവര്‍ക്കും വളരെ  എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.

നിസ്‌കരിക്കുവിന്‍, നോമ്പ് നോല്‍ക്കുവിന്‍, സകാത്ത് നല്‍കുവിന്‍, ഹജ്ജ്  ചെയ്യുവിന്‍, സന്മാര്‍ഗ ജീവിതം  നയിക്കുവിന്‍, കുടുംബബന്ധം നന്നാക്കുവിന്‍, അഗതികളെ സഹായിക്കുവിന്‍ എന്നിങ്ങനെ ഉപദേശങ്ങള്‍ ആര്‍ക്കും ആരോടും നടത്താന്‍ കഴിയും. സ്വന്തം  ജീവിതത്തില്‍ ആ സല്‍ഗുണങ്ങള്‍ ഇല്ലെങ്കില്‍പോലും മറ്റുള്ളവരെ ഉപദേശിക്കുവാന്‍ പലരും ബഹുമിടുക്കരാണ്.

എന്നാല്‍ രണ്ടാമതായി പറയുന്നത് ‘ദുരാചാരത്തെ വിലക്കുക’ എന്നതാണ്. ഇതാണ് പലരും ചെയ്യാന്‍ വിമ്മിഷ്ടം കാണിക്കുന്ന കാര്യം. ഉപദേശിച്ചിട്ട് ഞാനെന്തിന് അവന്റെ വെറുപ്പും വിദ്വേഷവും നേടണം എന്നതാണ് പലരുടേയും ചിന്ത. ഇതിനാല്‍തന്നെ പലരും പിന്നോട്ട് പോകുന്നു. നല്ലത് പറയല്‍ മാത്രമല്ല ദഅ്‌വത്ത്, ചീത്ത കാര്യങ്ങള്‍ വിരോധിക്കലും ദഅ്‌വത്താണ്. ഒരര്‍ഥത്തില്‍ നന്മ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ തിന്മ വിരോധിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

നല്ലത് ചെയ്യാനുള്ള ഉപദേശം അനുസരിച്ചില്ലെങ്കിലും അത് കേള്‍ക്കുന്നത് അനുവാചകര്‍ക്ക് അരോചകരമല്ല. എന്നാല്‍ തിന്മ ചെയ്യുന്നവനെ വിലക്കുന്നത് അങ്ങനെയല്ല. സുഖപരതയുടെ ആലസ്യത്തില്‍ അഭിരമിച്ച് കിടക്കുന്നവനോട് അരുതെന്ന് പറയുന്നത്  അവനു ദഹിക്കുകയില്ല. ലുഖ്മാനുല്‍ ഹകീം തന്റെ  മകനോട് നടത്തുന്ന ഉപദേശത്തില്‍ നമുക്ക് ഇങ്ങനെ കാണാം. ‘എന്റെ പ്രിയമകനേ, നീ നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തെ വിരോധിക്കുകയും നിനക്കു നേരിടുന്ന വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യണം.

നിശ്ചയമായും അതെല്ലാം ഒഴിച്ചുകൂടാത്ത കാര്യങ്ങളില്‍ പെട്ടതാണ് ‘( ലുഖ്മാന്‍ 17).
നിസ്‌കാരത്തിന്റെയും മറ്റും പ്രധാന്യം ബോധ്യപ്പെടുത്തി പറയുന്നത് സദാചാരം  കല്‍പ്പിക്കുവാനും  ദുരാചാരത്തെ വിപാടനം ചെയ്യാനുമാണ്.  ഇത്തരം അവസരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നും അപ്പോള്‍ ക്ഷമ അവലംബിക്കണമെന്നും വ്യക്തമാക്കുന്നു. വ്യക്തികള്‍ ചെയ്യുന്ന കാര്യങ്ങളിലെ അരുതായ്മകള്‍ സമൂഹത്തില്‍ ആകമാനം അരാജകത്വം സൃഷ്ടിച്ചാല്‍ അത് സമൂഹത്തില്‍ ഉറക്കെ പറയേണ്ടി വരികയാണ്.

തിന്മകള്‍ നടക്കുമ്പോള്‍ നാം അതിനൊപ്പം നില്‍ക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും ഗുണകരമല്ല. ഒരു സംഘത്തില്‍ നിന്നുള്ള തിന്മകള്‍ എതിര്‍ക്കാതെ അവരോടൊപ്പം ചേരുന്നത് നമ്മുടെ അസ്ഥിത്വം തന്നെ തകര്‍ക്കുന്നതാണ്.

അനുസരണക്കേടിന്റെ വഴിയില്‍ നിരവധി ചരിത്രം രചിച്ച ഇസ്രാഈല്‍ സമുദായത്തെ പരിചയപ്പെടുത്തി ഖുര്‍ആന്‍ പറഞ്ഞു:’സമുദ്രതീരത്ത് സ്ഥിതിചെയ്തിരുന്ന പട്ടണവാസികളെക്കുറിച്ച് അവരോട് ചോദിക്കുക, അവര്‍ ശനിയാഴ്ച ദിവസം അതിക്രമം പ്രവര്‍ത്തിച്ചപ്പോഴത്തെ സ്ഥിതിയെക്കുറിച്ച്, അതായത് അവര്‍ സാബ്ബത്ത് (ശനി) നാള്‍ ആചരിക്കുന്ന ദിവസം മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ പൊന്തിവരികയും സാബ്ബത്ത് ആചരിക്കാത്ത ദിവസങ്ങള്‍ മത്സ്യങ്ങള്‍ വരാതിരിക്കുകയും ചെയ്തപ്പോഴുണ്ടായ സ്ഥിതിയെക്കുറിച്ച്.

ധിക്കാരം പ്രവര്‍ത്തിക്കുന്നവരായതുകൊണ്ട് അവരെ നാം അപ്രകാരം പരീക്ഷിച്ചു. അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യുന്ന ഒരു ജനതക്ക് നിങ്ങള്‍ എന്തിനാണ് ഉപദേശം നല്‍കുന്നതെന്ന് അവരില്‍ ഒരു വിഭാഗം ചോദിച്ച സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും അവര്‍ സൂക്ഷിച്ചെങ്കിലോ എന്നോര്‍ത്തുമാണ്. അങ്ങനെ തങ്ങളെ ഓര്‍മപ്പെടുത്തിയ കാര്യം അവര്‍ മറന്നപ്പോള്‍ തിന്മയെപ്പറ്റി വിരോധിക്കുന്നവരെ നാം രക്ഷപ്പെടുത്തി. ധിക്കാരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ അക്രമികളെ കഠിനശിക്ഷ കൊണ്ട് പിടിക്കുകയും ചെയ്തു. അങ്ങനെ തങ്ങളോട് വിരോധിക്കപ്പെട്ട കാര്യം അവര്‍ ധിക്കരിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളാകുക!'(അഅ്‌റാഫ് 163 166 ).

അതായത്, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ലംഘിച്ച് സാബ്ബത്ത് നാളില്‍ ആരാധനാ കര്‍മങ്ങള്‍ക്ക് വരാതെ ഇസ്‌റാഈല്യര്‍ മത്സ്യം പിടിക്കാന്‍ പോയി. ഇസ്‌റാഈല്യരുടെ ധാര്‍ഷ്ട്യവും അഹങ്കാരവും ആര്‍ക്കും വ്യക്തമാണല്ലോ. അല്ലാഹു  പറഞ്ഞത് നിങ്ങള്‍ സാബ്ബത്ത് നാളില്‍ മറ്റുപരിപാടികളില്‍ നിന്നെല്ലാം അകന്ന് അന്നത്തെ ദിവസം ആരാധനാ കര്‍മങ്ങളില്‍ നിരതരാകണം എന്നാണ്. ധാര്‍ഷ്ട്യവും ധിക്കാരവും മാത്രം കൈമുതലാക്കിയ ഇസ്‌റാഈല്യര്‍  അല്ലാഹുവിനോട്  അതിക്രമം കാണി ച്ച്  ചില വിദ്യകളൊപ്പിച്ചു.

ദാവൂദ് നബി(അ)യുടെ കാലത്ത് ചെങ്കടല്‍ തീരത്തെ ഐലത്ത് എന്ന സ്ഥലത്ത് (ജോര്‍ദാനിലെ അക്വാബ, തുറമുഖത്തിനടുത്തുള്ള ഒരു സ്ഥലമാണ് ഐല. അഖബ ഉള്‍ക്കടല്‍ അറിയപ്പെടുന്നതും മേല്‍പറഞ്ഞ തുറമുഖത്തിന്റെ പേരില്‍ തന്നെയാണ്). താമസിച്ചിരുന്ന യഹൂദികളാണ് ഈ സംഭവത്തില്‍ പരാമര്‍ശിക്കുന്നത്.

ശനിയാഴ്ച ധാരാളം മത്സ്യങ്ങള്‍ വെള്ളത്തിനു മുകളില്‍ പൊങ്ങി കരയോട് അടുത്തുവന്നിരുന്നു. മറ്റു ദിവസങ്ങളില്‍ അങ്ങനെ വന്നിരുന്നില്ല. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമായിരുന്നു. (അപ്രകാരം നാം അവരെ പരീക്ഷിക്കും) എന്ന വാക്ക് അത് വ്യക്തമാക്കുന്നുണ്ട്. അങ്ങനെ അവര്‍ കടല്‍ക്കരയില്‍ നിരവധി കുഴികളുണ്ടാക്കി അവയില്‍നിന്ന് ചില ചാലുകള്‍ കടലിലേക്ക് തുറന്നു. ശനിയാഴ്ച ദിവസം പ്രസ്തുത ചാലുകള്‍ വഴി ധാരാളം മത്സ്യങ്ങള്‍ കുഴികളിലേക്ക് കടക്കും. അപ്പോള്‍ അവര്‍ ചെന്ന് ചാലുകള്‍ കെട്ടി കടലിലേക്കുള്ള വഴി മുടക്കും.

ശനിയാഴ്ച സൂര്യന്‍ അസ്തമിച്ചാല്‍ അവര്‍ കുഴികളില്‍ നിന്ന് മത്സ്യം പിടിക്കും. ചാലുകള്‍ അടച്ചു മത്സ്യം പിടിച്ചിരുന്ന ഈ കുതന്ത്രം തൗറാത്തിന്റെ വിധിയെ അക്ഷരത്തില്‍ അല്ലെങ്കിലും അര്‍ഥത്തില്‍ ലംഘിക്കലായിരുന്നു.

ഇമാം ഖുര്‍ഥുബി എഴുതുന്നു: ദാവൂദ് നബി(അ)യുടെ കാലത്തായിരുന്നു ഇത് സംഭവിച്ചത്. ഇബ്‌ലീസ് അവര്‍ക്ക് ഇങ്ങനെ തോന്നിക്കുകയായിരുന്നു. ശനിയാഴ്ച മത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നാണ് നിങ്ങള്‍ നിരോധിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ കുഴികള്‍ ഉണ്ടാക്കുക. (തഫ്‌സീര്‍ ഖുര്‍ഥുബി 7:306). ഇങ്ങനെ അല്ലാഹുവിന്റെ ആജ്ഞ കുതന്ത്രപരമായി ലംഘിക്കാന്‍ തുടങ്ങിയ അവര്‍ കാലക്രമത്തില്‍ ശനിയാഴ്ച തന്നെയും മത്സ്യം പിടിച്ചുതുടങ്ങി.

അവര്‍ നേരിട്ട് അല്ലാഹുവിന്റെ കല്‍പ്പനകള്‍ ലംഘിച്ചില്ല. മത്സ്യം പിടിക്കുന്നത് ശനിയാഴ്ച സൂര്യന്‍ അസ്തമിച്ചാല്‍ മാത്രമായിരുന്നു. അത് തെറ്റല്ലെന്നായിരുന്നു അവരുടെ ന്യായം. അവരില്‍  തന്നെയുള്ള   ചിലയാളുകള്‍ അതിനെ എതിര്‍ത്തു. നിങ്ങളുടെ ഈ ധിക്കാരം ശരിയല്ലെന്ന്  ഉപദേശിച്ചു.

പക്ഷെ അവര്‍ പ്രസ്തുത ഉപദേശം   സ്വീകരിച്ചില്ല. എന്നാല്‍ മൂന്നാമതൊരു വിഭാഗം നന്മകൊണ്ട് കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കുകയായിരുന്നു. എന്തിനാണ് ഉപദേശം നല്‍കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. അല്ലാഹു തിന്മ ചെയ്തവരോടൊപ്പം അവരെയും നശിപ്പിച്ചു.
ഇതൊരു ഉത്തമപാഠമാണ്. നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ എതിര്‍ക്കുകയുമെന്നത് വിശ്വാസിയുടെ യഥാര്‍ഥ സ്വഭാവമാണെന്ന് തിരിച്ചറിഞ്ഞ് നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും ചീത്ത കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമുദായത്തിന്റെ ഉത്തമ അടയാളം നേടിയവരാകാന്‍ നാം പ്രയത്‌നിക്കണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.