2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉണ്ടാക്കപ്പെടുന്ന വിവാദങ്ങളെപ്പറ്റി

എ. സജീവന്‍

എ. സജീവന്‍

എല്‍.ഡി.എഫ് മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ വിളംബരംകുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട്ട് നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ‘വിവാദങ്ങള്‍ക്കു പിറകെ പോകാന്‍ സര്‍ക്കാരിനു സമയമില്ല’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
”സര്‍ക്കാരിനു നടപ്പാക്കാന്‍ ഹരിതകേരളവും സമ്പൂര്‍ണശുചിത്വവും പട്ടയവിതരണവുംപോലെ ജനക്ഷേമകരമായ ധാരാളം പദ്ധതികളുണ്ട്. അതൊക്കെ ഫലപ്രദമായി നടപ്പാക്കി വരുന്നുമുണ്ട്. അനാവശ്യവിവാദങ്ങള്‍ക്കിടയില്‍ അവയെല്ലാം മുങ്ങിപ്പോവുകയും മങ്ങിപ്പോവുകയുമാണ്.” എന്നും മുഖ്യമന്ത്രി പറഞ്ഞു.
തീര്‍ച്ചയായും, രാഷ്ട്രീയം തലയ്ക്കുപിടിച്ചിട്ടില്ലാത്തവരൊക്കെ ആഹ്ലാദത്തോടെ കേട്ട വാക്കുകളായിരുന്നു അത്. കാരണം, കുറേക്കാലമായി കേരളം രാഷ്ട്രീയവിവാദത്തിന്റെ ചെളിക്കുണ്ടില്‍ ആണ്ടുകിടക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫിന്റെ ഭരണകാലത്ത് സോളാറും സരിതയും ബാര്‍ക്കോഴയും മെത്രാന്‍കായലും സന്തോഷ്മാധവനും മുതല്‍ എന്തെല്ലാം വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ജനങ്ങളുടെ കണ്ണിലും കാതിലുമെത്താതായി.
ആ വിവാദങ്ങളുടെ ബലത്തിലാണ് എല്‍.ഡി.എഫ് അധികാരത്തിലേറിയത്. വന്‍ഭൂരിപക്ഷമുള്ളതിനാല്‍ വിവാദങ്ങളില്‍ ആടിയുലയാതെ പിണറായി സര്‍ക്കാരെങ്കിലും കാലാവധി തികയ്ക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. കനത്ത തോല്‍വിയുടെ ആഘാതത്തില്‍ പ്രതിപക്ഷം, പ്രത്യേകിച്ചു കോണ്‍ഗ്രസ് ദുര്‍ബലമായതിനാല്‍ അതിനു സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍, ശത്രു മക്കളുടെ രൂപത്തിലും പുനര്‍ജനിക്കുമെന്നു പറഞ്ഞപോലെ പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്താനുള്ള വിവാദനായകന്മാരായി സി.പി.എമ്മിലെ മന്ത്രിമാരും ഘടകകക്ഷി നേതാക്കളും മാറി.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലൂടെ മന്ത്രിസഭ അധികാരത്തിലേറി ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ അന്നത്തെ വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവെടി പൊട്ടിച്ചു. അതോടെ സി.പി.ഐയുടെ കടന്നല്‍ക്കൂട്ടില്‍ കല്ലേറുപതിച്ച അവസ്ഥയായി. സുനില്‍കുമാറും കാനവും ബിനോയ് വിശ്വവുമെല്ലാം രംഗത്തിറങ്ങി.
‘എന്റെ ബന്ധുക്കള്‍ക്കു പലയിടത്തും നിയമനം ലഭിക്കു’മെന്ന വീരവാദത്തോടെ ബന്ധുനിയമനവിവാദത്തില്‍ ഇ.പി ജയരാജന്‍ ക്ലീന്‍ബൗള്‍ഡ്. മൂന്നാറില്‍ കടന്നുപിടിച്ചു മണിയും സി.പി.എമ്മും ചെളി ചവിട്ടി. സെന്‍കുമാറിനെ ഡി.ജി.പി കസേരയില്‍നിന്നു വലിച്ചിറക്കിയതിന്റെ പേരില്‍ കോടതിയില്‍ മാപ്പുപറഞ്ഞും പിഴകെട്ടിയും നാണം കെട്ടു. മഹിജപ്രശ്‌നവും മാണിപ്രശ്‌നവുമെല്ലാം കാലില്‍വീണ മഴുവായി.
ഇതിന്റെയൊക്കെ അവസാനത്തിലാണ് ‘ഇനി വിവാദത്തിനില്ല’ എന്നു മുഖ്യമന്ത്രി പറഞ്ഞത്.
ആര്‍ക്കും ആശ്വാസം തോന്നുന്ന വാക്ക്.
എന്നാല്‍, അന്നു കാസര്‍കോട്ടുനിന്നു കണ്ണൂരില്‍ എത്തിയപ്പോഴേയ്ക്കും മുഖ്യമന്ത്രി തന്നെ വിവാദത്തിനു തിരികൊളുത്തി. പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തില്‍ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി കേന്ദ്രത്തെ ഇടപെടുവിച്ചു രാഷ്ട്രപതിഭരണമോ അഫ്‌സ്പയോ ഏര്‍പ്പെടുത്തി നേട്ടം കൊയ്യാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയുടെ കൈയില്‍ ആയുധം കൊടുക്കലായി മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
രാഷ്ട്രീയകൊലക്കളമെന്ന ചീത്തപ്പേരില്‍നിന്നു കണ്ണൂരിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്തു നടപ്പാക്കിവന്ന സമാധാനശ്രമങ്ങളുടെ കഴുത്തില്‍ കത്തിവയ്ക്കലായിരുന്നു അതിനുശേഷം കണ്ണൂരിലുണ്ടായ രണ്ടു രാഷ്ട്രീയകൊലപാതകങ്ങള്‍. അവയിലെ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നതു പ്രശ്‌നം ഗൗരവമുള്ളതാക്കുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ കൊലപാതകികളെ തള്ളിപ്പറയുകയും ശക്തമായ നടപടികള്‍ എടുക്കുമെന്നു പ്രഖ്യാപിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. അതിനുപകരം, ‘ഒറ്റപ്പെട്ട’ പരാമര്‍ശം എതിരാളികള്‍ക്ക് ആയുധം നല്‍കലായി.
ഇതേദിവസമാണ് മലപ്പുറത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറ്റൊരു തിരികൊളുത്തല്‍ നടത്തിയത്. ഭൂപരിഷ്‌കരണത്തിന്റെ ഇരകളാണു ബ്രാഹ്മണരെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ‘ഭൂപരിഷ്‌കരണത്തിലെ അപാകതമൂലം ബ്രാഹ്മണര്‍ ഭൂരഹിതരായി, സാമുദായികസംവരണത്തിലൂടെ അവര്‍ക്കു തൊഴില്‍സാധ്യതയും ഇല്ലാതായി. അതിനാല്‍ സാമുദായികസംവരണം മാറ്റി സാമ്പത്തികസംവരണം നടപ്പാക്കണം. അതാണു സി.പി.എമ്മിന്റെ നിലപാട് ‘ ഇതാണു കമ്മ്യൂണിസ്റ്റു മന്ത്രിയുടെ വാക്കുകള്‍.
ഇ.എം.എസ് മന്ത്രിസഭയുടെ കാലത്തു നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമമാണ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കമ്മ്യൂണിസ്റ്റുകാര്‍ അഭിമാനിച്ചുകൊണ്ടിരുന്നത്. പട്ടിക്കും പൂച്ചയ്ക്കുമുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പോലുമില്ലാതെ, താന്‍ വിയര്‍പ്പൊഴുക്കി കൃഷിചെയ്തു പൊന്നുവിളയിക്കുന്ന ഭൂമിയിലെ ഒരുതരി മണ്ണിനുപോലും അവകാശികളല്ലാതെ കഴിയേണ്ടിവന്ന അധഃസ്ഥിതവിഭാഗക്കാരുടെ ജീവിതത്തിലേയ്ക്കു പ്രത്യാശയുടെ കൈത്തിരിയുമായാണു ഭൂപരിഷ്‌കരണനിയമം വന്നത്. അതിനെയാണ് ആ രാഷ്ട്രീയപ്രസ്ഥാനത്തില്‍ അംഗമായ ഒരു മന്ത്രി തള്ളിപ്പറഞ്ഞിരിക്കുന്നത്.
ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാശില്‍പ്പികള്‍ തയാറായതു പക്ഷപാതം മൂലമായിരുന്നില്ല, നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍വേണ്ടിയായിരുന്നു. കോടികള്‍ ചെലവഴിച്ചിട്ടും ആദിവാസികളും മറ്റും സ്വസ്ഥജീവിതത്തിലേയ്ക്ക് എത്തിയില്ലെങ്കില്‍ അതിന് ഉത്തരം നല്‍കേണ്ടത് ഇടത്തട്ടുകാരുടെ തീവെട്ടിക്കൊള്ള തടയാന്‍ പറ്റാതിരുന്ന, മാറിമാറി വന്ന ഭരണകൂടങ്ങളാണ്.
സാമൂഹികവും സാമുദായികവുമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന നാട്ടില്‍ സാമ്പത്തികസംവരണമാണു വേണ്ടതെന്നു പറഞ്ഞ മന്ത്രി അനാവശ്യമായ വിവാദങ്ങള്‍ക്കു തിരികൊളുത്തി സര്‍ക്കാരിനും സ്വന്തം പാര്‍ട്ടിക്കും തലവേദന സൃഷ്ടിക്കുക തന്നെയാണു ചെയ്തത്. മലപ്പുറം ഉപതെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ഒരു സമുദായത്തെ തന്നെ ശത്രുപക്ഷത്തു നിര്‍ത്തുകയാണല്ലോ ചെയ്തത്.
വിവാദങ്ങള്‍ക്കു പിന്നാലെ പോകാന്‍ സമയമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയതു നമ്മളാരും പ്രതീക്ഷിക്കാത്ത ഒരാളാണ്, മന്ത്രി എം.എം മണി. തൊട്ടതെല്ലാം വിവാദമാക്കിയിരുന്ന മണി ഈയിടെ നടത്തിയ ഒരു പ്രഖ്യാപനം ആരെങ്കിലും ശ്രദ്ധിച്ചോ. അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നണിക്കുള്ളില്‍ത്തന്നെ ഇതു സംബന്ധിച്ചു പ്രശ്‌നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സര്‍ക്കാരിലെ ആദ്യവിവാദം അതിരപ്പിള്ളിയായിരുന്നല്ലോ. അതിന്റെ പേരിലാണല്ലോ സി.പി.ഐ ഇടഞ്ഞത്. മണിയാശാന് ഇപ്പോള്‍ തോന്നിയ ബുദ്ധി നേരത്തേ അദ്ദേഹത്തിനും കടകംപള്ളിക്കുമൊക്കെ തോന്നിയിരുന്നെങ്കില്‍ അനാവശ്യവിവാദത്തിന്റെ പിറകെപ്പോയി സമയം കളയുമായിരുന്നോ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.