2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉംറ വിസ: കര്‍ശന നിബന്ധനകളുമായി സഊദി

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടക വിസക്ക് സഊദി ഹജ്ജ് ഉംറ കാര്യമന്ത്രാലയം കര്‍ശന നിബന്ധനകള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ഹിജ്‌റ വര്‍ഷം ഉംറ നിര്‍വഹിച്ചവര്‍ക്ക് ഈ വര്‍ഷം വീണ്ടും തീര്‍ഥാടനത്തിന് പോകണമെങ്കില്‍ രണ്ടായിരം സഊദി റിയാല്‍ (ഏകദേശം 36,000 രൂപ) അധികം നല്‍കണമെന്നതാണ് പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം. തുക ആദ്യം അടച്ചാല്‍ മാത്രമേ വിസ അനുവദിക്കൂ. തുടര്‍ച്ചയായുള്ള ഉംറ തീര്‍ഥാടനം തടഞ്ഞ് പുതിയ ആളുകള്‍ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം.
45 വയസിന് താഴെയുളള സ്ത്രീ തീര്‍ഥാടകര്‍ക്കും 40 വയസിന് താഴെയുളള പുരുഷന്മാര്‍ക്കും ഒറ്റക്ക് ഉംറ തീര്‍ഥാടനത്തിന് അനുമതി നല്‍കില്ല. 45 വയസിന് താഴെയുള്ള സ്ത്രീക്കൊപ്പം ഭര്‍ത്താവ്, പിതാവ്,18 തികഞ്ഞ മകന്‍ എന്നിവരാരെങ്കിലും മഹ്‌റമായി കൂടെയുണ്ടായാല്‍ മാത്രമേ വിസ ലഭിക്കൂ. 40 വയസ്സിന് താഴെയുളള പുരുഷന്റെ കൂടെ മാതാവ്, ഭാര്യ, 18 തികഞ്ഞ മകള്‍ എന്നിവരുണ്ടെങ്കിലും അനുമതി ലഭിക്കും. മഹറമില്ലാതെ സ്ത്രീകളെ കൂട്ടത്തോടെ കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്.
പുതിയ നിര്‍ദേശങ്ങള്‍ സ്വകാര്യ ഉംറ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തിരിച്ചടിയാകും. ഉംറ തീര്‍ഥാടനത്തിന് ഓരോ വര്‍ഷവും സ്ഥിരം അമീറുമാരായി പോകുന്ന പണ്ഡിതന്മാര്‍ക്ക് ഇനിമുതല്‍ അവസരം ലഭിക്കില്ല.
രണ്ടായിരം റിയാല്‍ കെട്ടിവച്ച് മാത്രമേ ഇവര്‍ക്കും ഉംറ നിര്‍വഹിക്കാനാകൂ. മിക്ക സ്ഥാപനങ്ങള്‍ക്കും സ്ഥിരം അമീറുമാരാണുള്ളത്. ഇവരെ വീണ്ടും ഉള്‍പ്പെടുത്തുന്നത് ബാധ്യതായാകുമെന്ന് പ്രമുഖ ഉംറ ട്രാവല്‍ ഉടമ പറഞ്ഞു. നിലവില്‍ 55,000 രൂപ വരെയാണ് ഉംറ യാത്രാനിരക്ക്.
ഇതിന് പുറമെയാണ് കഴിഞ്ഞവര്‍ഷം പോയവര്‍ക്ക് രണ്ടായിരം റിയാല്‍ അധികം നല്‍കേണ്ടി വരുന്നത്. മഹ്‌റം അടക്കമുളള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ വ്യക്തതയും ഇളവും വരുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ഉംറ ടൂര്‍ ട്രാവല്‍ ഏജന്റുമാര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.