2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഈ സഹോദരങ്ങളുടെ മനസ് നിറയെ പച്ചപ്പാണ്

തമ്പാനും സുധീറിനും കൃഷി തന്നെ ജീവിതം

വിനയന്‍ പീലിക്കോട്‌

അധ്വാനിക്കാനുള്ള മനസുണ്ടെങ്കില്‍ എവിടെയും പൊന്നു വിളയിക്കാമെന്ന് സഹോദരങ്ങളായ തമ്പാനും സുധീറും പറയും. വെറുതെ പറയുക മാത്രമല്ല, കാടുകയറി കിടന്നിരുന്ന ഒന്നര ഏക്കര്‍ പറമ്പിനെ ഒന്നാന്തരം കൃഷിയിടമാക്കി ഇവരിതു കാട്ടിത്തരികകൂടി ചെയ്യുന്നു. കാസര്‍കോട് പിലിക്കോട് സ്വദേശികളാണ് ജൈവകൃഷിയിലൂടെ കാര്‍ഷികവിപ്ലവം തീര്‍ക്കുന്ന കെ.വി സുധീറും ജ്യേഷ്ഠന്‍ തമ്പാനും. കൃഷിയും കാര്‍ഷികവൃത്തിയും ജീവിതവ്രതമാക്കിയവര്‍ എന്നുപറയുന്നതാകും കൂടുതല്‍ ശരി. റെയില്‍പാളങ്ങളോടു ചേര്‍ന്നുകിടക്കുന്ന പിലിക്കോട് കുന്നോത്ത് വളപ്പിലെ ഹരിതകാന്തി കണ്ടാല്‍ ആരും വിസ്മയിക്കും. പടവലം, വെണ്ട, ചേന, വെള്ളരി, മത്തന്‍, കൈപ്പ, വാഴ എന്നിവയെല്ലാം ഇവിടെ സമൃദ്ധിയോടെ വളര്‍ന്നുനില്‍ക്കുന്നു. പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു ശേഖരിച്ച വിത്തുകളും കഴിഞ്ഞ വര്‍ഷത്തെ കൃഷിയിലൂടെ ശേഖരിച്ചുവച്ച വിത്തുകളുമാണ് കൃഷിക്കായി ഉപയോഗിച്ചത്. മഴയെ ആശ്രയിച്ചായിരുന്നു കൃഷി. വെണ്ടയും പടവലവും കൈപ്പയും ഓണക്കാലത്തു തന്നെ വിളവെടുത്തു തുടങ്ങി. പ്രതിദിനം ഇരുപതു കിലോയോളം വെണ്ട ലഭിക്കുന്നുണ്ട്.
വിഷമില്ലാത്ത വിളവാണെങ്കിലും കച്ചവടക്കാര്‍ക്കു നാടന്‍ വെണ്ടയോടു താല്‍പര്യം കുറവാണെന്ന് ഇവര്‍ പറയുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജൈവപച്ചക്കറി വിപണന കേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ വിളവ് എത്തിച്ചുനല്‍കുന്നത്. കൃഷിയിടത്തിലേക്കും ആളുകള്‍ പച്ചക്കറികള്‍ വാങ്ങാന്‍ എത്തുന്നുണ്ട്. കാലിക്കടവില്‍ ഓട്ടോഡ്രൈവറാണ് സുധീര്‍.
ഈ തൊഴിലിനും പച്ചക്കറി കൃഷിക്കുമൊപ്പം കോഴിവളര്‍ത്തലും നന്നായി മുന്നോട്ടുപോകുന്നു. ഇവിടെ നിന്നുള്ള വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. എല്ലാ വര്‍ഷവും വയലുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇവര്‍ കൃഷിയിറക്കാറുണ്ട്. മധുരക്കിഴങ്ങ്, വാഴ, ചേന, കപ്പ എന്നിവ വിളവെടുക്കാറാകുന്നതേയുള്ളൂ. പുകയില കഷായം പോലുള്ള ജൈവ കീടനാശിനികള്‍ മാത്രമാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. എല്ലാംകൊണ്ടും കാര്‍ഷിക മേഖലയില്‍ മാതൃകയാവുകയാണ് ഈ സഹോദരങ്ങള്‍.

തണലും വിളവും നല്‍കും
ഈ പച്ചക്കറി പന്തല്‍

വീട്ടുപറമ്പില്‍ പലയിടങ്ങളിലായി കൃഷി ചെയ്യുന്നതിനു പകരം കൃത്യമായ ആസൂത്രണത്തോടെ വീട്ടുമുറ്റത്തൊരു പച്ചക്കറി പന്തല്‍ ഒരുക്കിയാലോ… തണലും ലഭിക്കും, കൂടെ വിളവും ലഭിക്കും. കാസര്‍കോട് പിലിക്കോട് എരവിലിലെ മോഹനും അനുജന്‍ രാജനും ചേര്‍ന്നു വീട്ടുമുറ്റത്തൊരുക്കിയ പച്ചക്കറി പന്തല്‍ കണ്ടാല്‍ ആരും വിസ്മയിക്കും. തൂങ്ങിനില്‍ക്കുന്ന നരമ്പനും പയറുമെല്ലാം തൊട്ടുതലോടി പച്ചപ്പിന്റെ കുളിര്‍മയിലൂടെ നടന്നുവേണം ഇവരുടെ വീട്ടിലെത്താന്‍. തീര്‍ന്നില്ല, വെണ്ടയും നേന്ത്രവാഴയുമെല്ലാം പറമ്പു നിറയെ വളര്‍ന്നു നില്‍ക്കുന്നു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ജീവനക്കാരനായ മോഹനന്‍ 2008ല്‍ വിരമിച്ചതു മുതല്‍ കൃഷിയിടത്തില്‍ സക്രിയനാണ്.

sudheer thamban krishi pilicode
സഹോദരന്‍ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ പി.വി രാജനും ഇദ്ദേഹത്തോടൊപ്പം തന്നെ കൃഷിയില്‍ സജീവമാകുന്നു. ഇരുവരും ഒരുമിച്ചു തീരുമാനിച്ചതാണ് വീട്ടുമുറ്റത്ത് പച്ചക്കറി പന്തല്‍ ഒരുക്കുക എന്നത്. വീട്ടിലേക്കുള്ള പ്രവേശനവഴിയുടെ ഇരുവശത്തും കൃത്യമായ ദൂരപരിധിയില്‍ നരമ്പന്‍, പയര്‍ വിത്തുകള്‍ നട്ടു. വള്ളികള്‍ പടര്‍ന്നു തുടങ്ങിയപ്പോഴേക്കും മുളയും കയറും ഉപയോഗിച്ച് പന്തലൊരുക്കി. വള്ളികളെല്ലാം അതിനു മുകളിലേക്ക് പടര്‍ത്തിയെടുത്തു. പൂക്കളും കായകളും നിറഞ്ഞു നില്‍ക്കുന്ന ഈ പച്ചക്കറി പന്തല്‍ നല്‍കുന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ഇരുവരും പറയുന്നു. വിളഞ്ഞു നില്‍ക്കുന്ന ഒരു നരമ്പന്‍ ഒരു കിലോയോളം വരും. വീട്ടാവശ്യത്തിനു മാത്രമല്ല, വിപണനത്തിനുള്ള വിളവും ഈ പന്തലില്‍ നിന്നും ലഭിക്കുന്നു. പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. അത്യുല്‍പാദന ശേഷിയുള്ള വിത്ത് കര്‍ണാടകയില്‍ നിന്നു വിലകൊടുത്തു വാങ്ങിയതാണ്. ആദ്യം കുമ്മായമിട്ടു നിലമൊരുക്കിയ ശേഷം ചാലും തടവും എടുത്ത് കോഴിവളമാണ് അടിവളമായി ഉപയോഗിച്ചത്. വളര്‍ന്നുവന്നപ്പോള്‍ കടലപ്പിണ്ണാക്ക് വളമായി നല്‍കി. കീടങ്ങളുടെ ശല്യം കാര്യമായി ഉണ്ടായിട്ടില്ല. ഏതായാലും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുകയാണ് വീട്ടുമുറ്റത്തു സഹോദരങ്ങള്‍ ഒരുക്കിയ ഈ പച്ചക്കറി പന്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.