2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

ഈ വീട്ടില്‍ ഇനി ഇവര്‍ തനിച്ചാണ്

വേദനകളുടെ ലോകത്തുനിന്ന് സുകുമാരന്‍ വേദനകളില്ലാത്ത ലോകത്തേക്കു വിരുന്നുപോയി. പൂവണിയാത്ത സ്വപ്നങ്ങള്‍ക്കു പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും കാവലിരുത്തി യാത്രപോലും പറയാതെ മരണത്തിന്റെ മാലാഖമാര്‍ക്കൊപ്പമായിരുന്നു ആ യാത്ര. ഇപ്പോള്‍ ആ കുടുംബം നാട്ടുകാരൊരുക്കിയ സ്‌നേഹകൂടാരത്തിലന്തിയുറങ്ങുമ്പോള്‍ പച്ചമണ്ണില്‍ നിത്യനിദ്രയിലാണ്ട സുകുമാരനും ചിരിക്കുന്നുണ്ടാകണം, ഒരു നാടിന്റെ കാരുണ്യത്തിനു മുന്‍പില്‍
വേദനകളുടെ ലോകത്തുനിന്ന് സുകുമാരന്‍ വേദനകളില്ലാത്ത ലോകത്തേക്കു വിരുന്നുപോയി. പൂവണിയാത്ത സ്വപ്നങ്ങള്‍ക്കു പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും കാവലിരുത്തി യാത്രപോലും പറയാതെ മരണത്തിന്റെ മാലാഖമാര്‍ക്കൊപ്പമായിരുന്നു ആ യാത്ര. ഇപ്പോള്‍ ആ കുടുംബം നാട്ടുകാരൊരുക്കിയ സ്‌നേഹകൂടാരത്തിലന്തിയുറങ്ങുമ്പോള്‍ പച്ചമണ്ണില്‍ നിത്യനിദ്രയിലാണ്ട സുകുമാരനും ചിരിക്കുന്നുണ്ടാകണം, ഒരു നാടിന്റെ കാരുണ്യത്തിനു മുന്‍പില്‍.

സക്കീര്‍ ഹുസൈന്‍ അടക്കാക്കുണ്ട്‌

സുകുമാരന്റേതു വളരെ ചെറിയൊരു ജീവിതമായിരുന്നു. മരിച്ചപ്പോഴാണ് അവനൊരു കഥാകൃത്താണെന്ന് നാട്ടുകാര്‍ പോലുമറിഞ്ഞത്, ചിത്രകാരനായിരുന്നു എന്ന്

സുകുമാരന്‍

സുകുമാരന്‍

തിരിച്ചറിഞ്ഞത്. നല്ലൊരു വായനക്കാരനും സഹൃദയനുമായിരുന്നുവെന്നും അയാളുടെ രഹസ്യ സമ്പാദ്യങ്ങള്‍ ഇന്നു പറയുന്നു. എന്നാല്‍ വലിയൊരു നോവായിരുന്നു കാളികാവ് അടക്കാക്കുണ്ട് എന്ന കൊച്ചു ഗ്രാമത്തിന് ആ മരണം. 33 വയസു മാത്രം പ്രായമുള്ള സുകുമാരന്‍ രോഗങ്ങളോട് മല്ലയുദ്ധം ചെയ്തു തുടങ്ങിയിട്ടേറെ നാളായി. ഒടുവില്‍ അര്‍ബുദത്തോടാണ് പോരാട്ടമെന്ന് തിരിച്ചറിഞ്ഞ ശേഷം ഒരു മാസത്തോളമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നത്. കുറേനാള്‍ വീട്ടിലും. ഇനിയൊരിക്കലും ജീവിതത്തിലേക്കു തിരിച്ചില്ലെന്ന് മരണം മണക്കുന്ന ആ കട്ടിലില്‍ നിന്നു സുകുമാരന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷ വറ്റിയ ആ മനസിന് ഒരാഗ്രഹം ബാക്കിയുണ്ടായിരുന്നു.

സുകുമാരന്റെ  ഭാര്യ സുശീലയും കുട്ടികളും

സുകുമാരന്റെ ഭാര്യ സുശീലയും കുട്ടികളും

പ്രസവത്തിനു വീട്ടില്‍പോയ ഭാര്യ സുശീല തിരിച്ചുവരും മുന്‍പ് ചിതലരിച്ച് ഏതുസമയവും നിലംപൊത്താറായ വീട് മാറ്റിപ്പണിയണം. ആ മേല്‍ക്കൂരക്കുള്ളില്‍ കുടുംബത്തെ മഴയും വെയിലുമേല്‍ക്കാത്തവിധം സുരക്ഷിതമാക്കണം. ആ വേദന കണ്ടപ്പോള്‍ കുറച്ചാളുകളുടെ നെഞ്ചുപൊള്ളി. അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ആ സ്വപ്നത്തിനും ജീവന്‍ വച്ചു.

സുഖമില്ലാത്ത സുകുമാരനെ ബന്ധുവീട്ടിലേക്ക് മാറ്റി അവര്‍ വീടുപണി തുടങ്ങി. നാല്‍പ്പതു ദിവസം മാത്രം പ്രായമുള്ള രണ്ടു ചോരക്കുഞ്ഞുങ്ങളെയുമായി സുശീല ഭര്‍തൃവീട്ടിലേക്കു തിരിച്ചുവരുമ്പോള്‍ നാട്ടുകാര്‍ തിരക്കിട്ട വീടുപണിയിലായിരുന്നു. തൊട്ടപ്പുറത്തെ വീട്ടില്‍ പ്രിയതമന്റെ ജീവനില്ലാത്ത ശരീരം വെള്ളപുതച്ചു കിടക്കുകയായിരുന്നു അപ്പോള്‍. വൈകിട്ട് മൂന്നോടെയായിരുന്നു മരണം. വീടിന്റെ ഓടുമേഞ്ഞു തീരാന്‍ കാത്തുനിന്നു നാട്ടുകാരും ബന്ധുക്കളും. രാത്രി എട്ടോടെയാണത് അവസാനിച്ചത്. അതിനുശേഷം സുകുമാരനെ അവസാനമായി ആ വീട്ടില്‍ കയറ്റി. അന്ത്യയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തി. അങ്ങനെയായിരുന്നു അയാളുടെ മടക്കം.

അഞ്ചു മണിക്കൂറുകൊണ്ടാണ് ആ വീടിന്റെ പ്രവൃത്തി നാട്ടുകാര്‍ പൂര്‍ണതയിലെത്തിച്ചത്. സുകുമാരന്റെ ഭാര്യക്കും പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കും തകരുന്ന വീടിനെ ഇനി തല്‍ക്കാലം ഭയക്കേണ്ട. പക്ഷേ, ജീവനായ കുടുംബനാഥന്‍ മാത്രം അവിടെ ഉണ്ടാകില്ലെന്നുമാത്രം.

സുകുമാരനെപ്പോലെ ദൈന്യത മുറ്റിയ മുഖങ്ങളും സഹായം ആവശ്യമുള്ള കുടുംബങ്ങളും ഒട്ടേറെയുണ്ടാകാം. നാളെ ഞാനോ നിങ്ങളോ ഈ അവസ്ഥ നേരിടേണ്ടി വരില്ലെന്നാരു കണ്ടു? ഈ ചിന്തയാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിനു ഞങ്ങളെ മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. വേദനിപ്പിച്ച ഒരനുഭവത്തില്‍ നിന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രചോദനമായെങ്കില്‍…

കാരുണ്യത്തിന്റെ കൈത്തിരികള്‍

 

അമ്മയും അച്ഛനും ചെറുപ്പത്തിലേ നഷ്ടപ്പെട്ടു സുകുമാരന്. സുഖമില്ലാതായ അയാളെ പരിചരിക്കാന്‍ 10 കിലോമീറ്റര്‍ ദൂരത്തുനിന്നും സഹോദരി എന്നും രാവിലെ വന്നു വൈകിട്ട് തിരിച്ചു മടങ്ങി.  രോഗശുശ്രൂഷയ്‌ക്കെത്തിയ കാളികാവ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകരെ ഈ കാഴ്ച വേദനിപ്പിച്ചു. വീട് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ അവരെത്തിച്ചു. മുഴുവന്‍ നിര്‍മാണ ജോലികളും നാട്ടുകാര്‍ ഏറ്റെടുത്തു. സുകുമാരന്റെ  ആഗ്രഹം നിറവേറ്റാതെ വിശ്രമമില്ലെന്ന തീരുമാനത്തിലും അവരുറച്ചു.
മരം തികഞ്ഞില്ല. ഒരു തെങ്ങ് കൂലി വാങ്ങാതെ അയല്‍വാസി മുറിച്ചു നല്‍കി. മരമില്ലിലെ ഈര്‍ച്ചക്കൂലിയും സൗജന്യമായി. വാഹനവും വിട്ടുനല്‍കിയത് മറ്റൊരു നാട്ടുകാരന്‍. ജോലിക്കാര്‍ക്കാവശ്യമായ ഭക്ഷണച്ചെലവ് നല്‍കിയത് വേറെ രണ്ടുപേര്‍. അങ്ങനെ പലതുള്ളിയെ പെരുവള്ളമാക്കി ജനകീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു യുവാക്കള്‍ നേതൃത്വം നല്‍കി. കൊച്ചുകുട്ടികള്‍പോലും പല ജോലികളിലും പങ്കാളികളായി.
ഒടുവില്‍ വീടിന്റെ ഓടുമേയല്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു സുകുമാരന്‍ മരണത്തിലേക്കു നടന്നത്. ചേതനയറ്റ ആ ശരീരം അവസാനം നാട്ടുകാര്‍ ഒരുക്കിയ സ്‌നേഹകൂടാരത്തില്‍ നിന്നാണു ശാന്തി കുടീരത്തിലേക്കു യാത്രയായത്.
നമ്മുടെ പരിസരങ്ങളില്‍ എപ്പോഴും കണ്ടുവരുന്ന കാഴ്ചയാണിത്. സുകുമാരനെപ്പോലെ ദൈന്യത മുറ്റിയ മുഖങ്ങളും സഹായം ആവശ്യമുള്ള കുടുംബങ്ങളും ഒട്ടേറെയുണ്ടുതാനും. നാളെ ഞാനോ നിങ്ങളോ… ഈ അവസ്ഥ നേരിടേണ്ടി വരില്ലെന്നാരു കണ്ടു? ഈ ചിന്തയാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിനു ഞങ്ങളെ മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. വേദനിപ്പിച്ച ഒരനുഭവത്തില്‍ നിന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രചോദനമായെങ്കില്‍….
ഈ കുടുംബവുമായി ബന്ധപ്പെടാം
9745793418 (സുരേഷ്)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.