2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ 10,834 പേര്‍ക്ക് അവസരം

 

 

സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോകാന്‍ 10,834 പേര്‍ക്ക് അവസരം. ആകെ ലഭിച്ച 26,081 അപേക്ഷകളില്‍ 2,832 പേരെ നേരിട്ടും 8,002 പേരെ നറുക്കെടുപ്പിലൂടെയുമാണ് തെരഞ്ഞെടുത്തത്.
അപേക്ഷകരില്‍ 70 വയസിനു മുകളിലുള്ളവരുടെ കാറ്റഗറിയിലെ 1,095 പേര്‍ക്കും പുരുഷന്മാരില്ലാതെ 45 വയസിനു മുകളിലുള്ളവരുടെ സംഘമായ ലേഡീസ് വിതൗട്ട് മെഹ്‌റം കാറ്റഗറിയില്‍ 1,737 പേര്‍ക്കുമാണ് നേരിട്ട് അവസരം നല്‍കിയത്.
കഴിഞ്ഞ വര്‍ഷവും 70 വയസ് കാറ്റഗറിക്കാര്‍ക്കും ലേഡീസ് വിതൗട്ട് മഹ്‌റം വിഭാഗത്തിനും നേരിട്ട് അവസരം നല്‍കിയിരുന്നു. ഹജ്ജ് നറുക്കെടുപ്പിനു ശേഷമുള്ള 15,230 അപേക്ഷകരില്‍ വീണ്ടും നറുക്കെടുപ്പ് നടത്തി വെയിറ്റിങ് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകളുടെ അധിക ക്വാട്ട ലഭിക്കുമ്പോള്‍ വെയിറ്റിങ് ലിസ്റ്റിലെ മുന്‍ഗണനാ ക്രമത്തിലുള്ളവര്‍ക്ക് അവസരം നല്‍കും.
ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഹജ്ജ് ഹൗസില്‍ നിന്ന് എസ്.എം.എസ് സന്ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ്ജ് നറുക്കെടുപ്പും വനിതാ ഹജ്ജ് ഹൗസ് കെട്ടിട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പണത്തിന് കരിപ്പൂരിനു പുറമെ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എം.എല്‍.എമാരായ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്‌സിന്‍, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ കെ.സി ഷീബ, കൗണ്‍സിലര്‍ പി. രജനി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാന്‍ (ഇണ്ണി), മുസ്‌ലിയാര്‍ സജീര്‍, കാസിം കോയ പൊന്നാനി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എച്ച്. മുസമ്മില്‍ ഹാജി, എം.എസ് അനസ് ഹാജി, പി.കെ അഹമ്മദ്, വി. സുലൈഖ, ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ ജാഫര്‍ മാലിക്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. എ.കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.