2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഈ പെരുന്നാള്‍ വേദനിക്കുന്നവര്‍ക്കൊപ്പം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞ പ്രതീക്ഷയുടെ താഴ്‌വാരങ്ങളിലേക്ക് ത്യാഗത്തിന്റെ സന്ദേശവുമായി ബലിപെരുന്നാള്‍ കടന്നുവരികയാണ്. ജലം മുറിവേല്‍പ്പിച്ചവര്‍ ഇപ്പോഴും പൂര്‍ണാര്‍ഥത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. പലയിടങ്ങളിലും വെള്ളമിറങ്ങാത്തതിനാല്‍ മരണസംഖ്യയെകുറിച്ചു തന്നെ വ്യക്തമായ ധാരണയില്ലാത്ത സ്ഥിതിവിശേഷമാണ്. എല്ലാം നഷ്ടപ്പെട്ട പലര്‍ക്കും ജീവിതത്തിന്റെ അലകും പിടിയും ഒന്നില്‍ നിന്നു തന്നെ ചേര്‍ത്തുവെച്ചു തുടങ്ങേണ്ട സന്നിഗ്ധ സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ, പ്രബുദ്ധ മലയാളി ഈ സംഹാരതാണ്ഡവമാടുന്ന മലവെള്ളപ്പാച്ചിലിനു മുമ്പിലും ഒട്ടും പതറാതെ തലയെടുപ്പോടെ നിലകൊണ്ടു. അവന്റെ മനക്കരുത്തിനും പോരാട്ടവീര്യത്തിനും മുമ്പില്‍ ലോകം നമ്രശിരസ്‌കരാവുകയും നമ്മോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തിരക്ക് കൂട്ടുകയുമാണ്. ത്യാഗവും മനക്കരുത്തും അര്‍പ്പണബോധവും പ്രതീക്ഷയും ദൈവികസമര്‍പ്പണവും സഹജീവിസ്‌നേഹവും വലിയ അര്‍ഥത്തില്‍ പ്രവാഹം പോലെ പെയ്തിറങ്ങിയ ചരിത്രസന്ധിയിലേക്ക് പ്രസ്തുത സന്ദേശത്തിന്റെ മാര്‍ഗരേഖയായി ബലിപെരുന്നാള്‍ കടന്നുവരികയാണ്. നിരാശയുടെ മലവെള്ളപ്പാച്ചിലിലും പ്രതീക്ഷയുടെയും മനക്കരുത്തിന്റെയും ദൈവികസമര്‍പ്പണത്തിന്റെയും ഉരുക്കുകോട്ടകള്‍ പണിയണമെന്ന വലിയ സന്ദേശമാണ് ബലിപെരുന്നാള്‍ മുന്നോട്ടുവെക്കുന്നത്.

അശാന്തി അരങ്ങുവാഴുന്ന ലോകത്തോട് ആത്മാര്‍പ്പണത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും കഥ പറയുകയാണ് ഈദുല്‍ അക്ബര്‍. വിശ്വാസത്തിന് ചാഞ്ചല്യം സംഭവിക്കുമ്പോള്‍, സദാചാരങ്ങള്‍ക്ക് മൂല്യം കുറയുമ്പോള്‍, നന്മകള്‍ വിസ്മരിക്കപ്പെടുമ്പോള്‍, അചഞ്ചല വിശ്വാസത്തിന്റെ പ്രതീകങ്ങളായി ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും മാനസാന്തരങ്ങളില്‍ ആദരിക്കപ്പെടുന്നു. ആത്മാര്‍പ്പണത്തിന്റെ വീരഗാഥ തീര്‍ത്ത ഒരു കാലത്തിലേക്ക് ഈദുല്‍ അക്ബര്‍ നമ്മെ സധൈര്യം ആനയിക്കുന്നു. മിഥ്യകള്‍ക്കെതിരെ പോരാടാനും തിന്മയുടെ ആധിപത്യത്തിന് വിലങ്ങ് നില്‍ക്കാനും.

മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അമരശബ്ദം മാറ്റൊലി കൊണ്ട, മാനവ കുലത്തിന്റെ മാതാപിതാക്കള്‍ ഭൂമിയില്‍ സന്ധിച്ച അറഫ, ഭൂലോകത്തെ ആദ്യ ദൈവീക ഗേഹം കഅ്ബ, വിശ്വാസത്തിന്റെ കഠാരയുയര്‍ന്ന മിനാ, ചരിത്രത്തിന്റെ അനശ്വര സ്മരണകള്‍ വഹിക്കുന്ന സ്വഫാ മര്‍വ, ജബലുന്നൂറും ജബലുര്‍റഹ്മയും, ആശ്വാസത്തിന്റെ നിലക്കാത്ത ജലപ്രവാഹം സംസം… ജനമനസ്സുകളില്‍ കോറിയിടപ്പെട്ട സുപ്രധാന സംഭവങ്ങളുടെ ഓര്‍മകള്‍. വര്‍ണവെറിക്കെതിരെ മാനവികതയുടെ മഹാസംഗമത്തിനെത്തിയ ജനകോടികളുടെ ഒത്തുചേരലിന്റെ വിശിഷ്ട മുഹൂര്‍ത്തത്തിലാണ് നാം ഈദ് ആഘോഷിക്കുന്നത്. അന്തരീക്ഷത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി കേള്‍ക്കട്ടെ.
സാഹോദര്യത്തിന്റെയും വിശ്വമാനവികതയുടെ ഐക്യത്തിന്റെയും പ്രതീകമായ ഹജ്ജ് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതാണ് പാശ്ചാത്യ പത്രപ്രവര്‍ത്തക മറിയം ജമീലയും വിയന്നക്കാരന്‍ ലിയോപോള്‍ വെയ്‌സും നീഗ്രോയായ കാഷ്യസ് ക്ലേ എന്ന മുഹമ്മദലി ക്ലേയും പാശ്ചാത്യന്‍ തീരത്ത് ഇസ്‌ലാമിന്റെ പൊന്‍കിരണങ്ങള്‍ പരത്തിയ അല്‍ഹാജ് മാലികുശ്ശഹ്ബാസ് എന്ന മാല്‍ക്കം എക്‌സും ലോകത്തോട് വിളിച്ചോതിയത്.

തകര്‍ന്ന് പോകുന്ന മത സൗഹാര്‍ദാന്തരീക്ഷം രാജ്യത്ത് പുനഃസ്ഥാപിക്കുന്നതിനും തീക്ഷ്ണമായ ജീവിത സന്ധികളില്‍ ഇബ്രാഹീമീ മില്ലത്ത് മുറുകെ പിടിച്ച് ക്ഷമയും സഹനവും സ്ഥൈര്യവും ആര്‍ജവവും കൈമുതലാക്കി കര്‍മ്മ രംഗത്തിറങ്ങാന്‍ ഈ ബലിപെരുന്നാള്‍ നമുക്ക് തുണയാകട്ടെ. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.