2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഈയാഴ്ചത്തെ കൃഷിപ്പണി

പാടത്ത്

Exuberant rice seedlings are seen growing here and are tended to by the local farmers.

ഒന്നാം വിളയായി നെല്‍കൃഷി ചെയ്തവര്‍ വയലിലെ കളനീക്കി വളം ചെയ്യാന്‍ സമയമായി. നെല്ലിന്റെ വളര്‍ച്ചയ്ക്കനുസരിച്ചുവളപ്രയോഗത്തിലും ഏറ്റക്കുറച്ചിലാവാം. അടുത്ത ആഴ്ചയോടെ കതിരു വന്നു തുടങ്ങും. കതിരായതിനുശേഷമുള്ള വളപ്രയോഗം വലിയ ഗുണം ചെയ്യില്ല.
കതിരിനോടനുബന്ധിച്ചു കൂടുതല്‍ പശിമ നല്‍കിയാല്‍ നാടന്‍ നെല്ലുകളാണെങ്കില്‍ ചായാനുള്ള സാധ്യത ഏറെയാണ്.
മൂപ്പുകൂടിയ വിത്തിനങ്ങള്‍ കരിങ്കൊറയായി നടാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ ആഴ്ചയെങ്കിലും ഞാറിടണം. ഞാറിടുന്നതിനു മുന്‍പ് പച്ചിലവളം ചേര്‍ത്ത് ഉഴുന്നത് വളരെ നല്ലതാണ്.

പറമ്പത്ത്

Betel-Leaf-farming2

കൊമ്പുകുത്തി പിടിപ്പിക്കുന്ന ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയമാണിത്. തൈകള്‍ വച്ചുപിടിപ്പിക്കാനാഗ്രഹിക്കുന്നവര്‍ ഈയാഴ്ചയെങ്കിലും നട്ടുതുടങ്ങണം. വാഴ, കമുക് എന്നിവയ്ക്ക് തടമെടുക്കലും നടലും ഈ ആഴ്ച തുടങ്ങണം.
ഔഷധസസ്യങ്ങള്‍, പടുമരങ്ങള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയുടെ തൈകളും കൊമ്പുകളും അതിരുകളില്‍ നടാം. പരമാവധി സൂര്യപ്രകാശത്തെ ഇലകളില്‍ ശേഖരിച്ച് മണ്ണിലിറക്കുന്ന വിധത്തിലായിരിക്കണം നടീല്‍.
കപ്പകൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ ആഴ്ചയെങ്കിലും തടം ഒരുക്കണം. കൂര്‍ക്ക നടലും ഇപ്പോള്‍ തുടങ്ങാം. അമര, ചതുരപ്പയര്‍ എന്നിവയും നടാന്‍ പറ്റിയ സമയമാണിത്. മഴ പെയ്യുന്നതിനാല്‍ കുഴികള്‍ കൂടുതല്‍ ആഴം കൂട്ടാതെ നടണം. അമരയും ചതുരപ്പയറും വളരുന്ന മുറയ്ക്ക് തടം പോലെ മണ്ണുകൂട്ടിക്കൊടുത്താലും മതി.
എള്ള്, മുതിര കൃഷിക്കും ഏറെ അനുയോജ്യമായ സമയമാണിത്. വെറ്റിലക്കൊടി നട്ടുപിടിപ്പിക്കലും ഇപ്പോള്‍ തുടങ്ങാം. ഇനിയും കുരുമുളക് വള്ളികള്‍ നട്ടുപിടിപ്പിക്കാത്തവര്‍ ഇനി സമയം പാഴാക്കരുത്.
തെങ്ങ്, കമുക്, ജാതി, കൊക്കോ തുടങ്ങിയ തോട്ടവിളകള്‍ക്കു സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ചേന, ചേമ്പ് എന്നിവയ്ക്കു ജൈവവളം ചേര്‍ത്ത് മണ്ണുകയറ്റി കൊടുക്കണം.
ഇഞ്ചിക്കും മഞ്ഞളിനും ചാണകപ്പൊടിയോ പച്ചച്ചാണകമോ ചേര്‍ത്തു മണ്ണ് കയറ്റിക്കൊടുക്കേണ്ടതാണ്. വര്‍ഷകാല പച്ചക്കറികളായ വെണ്ട, വഴുതിന, ചീര, പയര്‍, മുളക്, കുമ്പളം, മത്തന്‍, കക്കിരി എന്നിവയെ പശിമ ചേര്‍ത്ത് പരിചരിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.