2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇ-മാലിന്യം

ടി.പി

ഇന്റര്‍നെറ്റ് യുഗത്തില്‍ ഏറ്റവും പ്രചാരമുള്ള വാക്കുകളിലൊന്നാണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് വേസ്റ്റ്.

എന്താണ് ഇ- മാലിന്യം..?

ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്, ഇലക്ട്രോണികസ് ഉപകരണങ്ങളടങ്ങിയ മാലിന്യമാണിത്. ഇവ മണ്ണില്‍ ലയിച്ചു ചേരുകയോ വിഘടനത്തിനു വിധേയമാവുകയോ ഇല്ല. നിര്‍ബന്ധിതമായ അത്തരം ശ്രമങ്ങളുടെ ഫലമായും മണ്ണും ജലാശയങ്ങളും മലിനമാകുകയും പല ജീവജാലങ്ങളുടേയും നില നില്‍പ്പിനു ഭീഷണിയാകുകയും ചെയ്യും.
കമ്പ്യൂട്ടര്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, മൊബൈല്‍ ഫോണ്‍, ബാറ്ററി സെല്ലുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയവ ഇവയില്‍പെടും.
പ്രിന്റഡ് സര്‍ക്യൂട്ട് ബോഡുകളും വിനാശകാരികളാണ്. പ്ലാസ്റ്റിക് ബോഡുകളില്‍ സര്‍ക്യൂട്ട് ചെയ്തിട്ടുള്ള ഇവയെ താപ പ്രതിരോധികളാക്കി മാറ്റാനായി ക്ലോറേഡുകളേയും ബ്രോമേഡുകളേയും ഹാലോജനേറ്റ് ചെയ്യുകയാണു പതിവ്. ഇവ കത്തിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന ഡയോക്‌സിനുകള്‍ മാരകരോഗങ്ങളിലേക്കു നമ്മെ തള്ളി വിടുന്നു.

വില്ലന്മാരുടെ പേരുകള്‍

ടെലിവിഷനിലെ കാഥോഡ് റേ ട്യൂബുകളിലടങ്ങിയ ലെഡ്, ഫോസ്ഫറസ് തുടങ്ങിയ വസ്തുക്കള്‍ക്ക് കാന്‍സറുണ്ടാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഫ്‌ളൂറസെന്റ് ട്യൂബുകളില്‍നിന്നു പുറത്തുവരുന്ന മെര്‍ക്കുറി, ഇലക്ട്രോണിക്‌സ് ബോര്‍ഡുകളിലെ സോള്‍ഡറുകളിലടങ്ങിയ ലെഡ്, കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ സമ്മാനിക്കുന്ന കാഡ്മിയം,ബെറിലിയം പ്ലാസ്റ്റിക് തുടങ്ങിയവയും രോഗകാരികള്‍ തന്നെ.

കുഴിച്ചു മൂടിയാല്‍…

ഇവയില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന വിഷപദാര്‍ഥങ്ങള്‍ മണ്ണിനെ വിഷലിപ്തമാക്കുകയും ഭൂഗര്‍ഭ ജലസ്‌ത്രോതസുകളിലിറങ്ങി ദുരിതങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യുന്നു.

സംസ്‌കരിക്കുന്നവര്‍ക്കും
രക്ഷയില്ല

അനാരോഗ്യപരമായ ചുറ്റുപാടിലുള്ള ഇ-മാലിന്യങ്ങളുടെ സംസ്‌കരണം അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ വരുത്തും.
ചില വിദേശരാജ്യങ്ങള്‍ അവരുടെ മാലിന്യം ഉപേക്ഷിക്കാനുള്ള ഇടങ്ങളാക്കി മാറ്റുകയാണ് വികസ്വര രാജ്യങ്ങളുടെ സെക്കന്റ് ഹാന്‍ഡ് ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റുകള്‍.
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ തന്നെ പ്രതിവര്‍ഷം പതിനയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയ്ക്ക് ടണ്ണാണ് ഇ-മാലിന്യ സംസ്‌കരണ മേഖലയില്‍നിന്നു കൈകാര്യം ചെയ്യപ്പെടുന്നത്. മുന്‍കരുതലില്ലാത്ത ഇത്രയും മാലിന്യങ്ങളുടെ സംസ്‌കരണത്തിനൊരുങ്ങുന്ന തൊഴിലാളികളുടെ കാര്യമൊന്നോര്‍ത്തു നോക്കൂ…
ലോകത്ത് കഴിഞ്ഞ വര്‍ഷം റെഫ്രിജറേറ്റര്‍ ,ടെലിവിഷന്‍, വാക്വം ക്ലീനര്‍, വാഷിംഗ് മെഷീന്‍, കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ എന്നിങ്ങനെ 41.8 മില്യന്‍ ടണ്ണാണ് ഇ- മാലിന്യപ്പട്ടികയിലേക്കു കടന്നു വന്നതായാണ് കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്. 2013ല്‍ ഇത് 39.8 മില്യന്‍ ടണ്ണായിരുന്നു. ലോകത്ത് ഇ- മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ അമേരിക്കയും ചൈനയുമാണ്. ചൈനയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത് ഇലക്ട്രോണിക് വേസ്റ്റ് ബിന്‍ എന്നാണ്.
ചൈനയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുടില്‍ വ്യവസായമായാണ് നിര്‍മിക്കുന്നത്. ഇവിടെയുള്ള ഗിയു(ഏൗശ്യൗ)വിനെ ഇ- വേസ്റ്റ് ക്യാപിറ്റല്‍ ഓഫ് ദി വേള്‍ഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒന്നര ലക്ഷത്തിലേറെയുള്ള തൊഴിലാളികള്‍ ഈ നഗരത്തില്‍വച്ച് ദിനംപ്രതി പതിനാറു മണിക്കൂറോളം ഇലക്ട്രോണിക്‌സ് സംബന്ധമായ ജോലിയില്‍ മുഴുകുന്നുവെന്നാണ് കണക്ക്.

പരിഹാരം
യഥാസമയം റീ സൈക്കിളിങ്, റീ യൂസ് എന്നിവ ഉപയോഗപ്പെടുത്തുക.
ഇലക്ട്രിക് ഉപകരണങ്ങളുടെ എണ്ണത്തില്‍ കുറവു വരുത്തലും ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വാങ്ങലും പുനരുപയോഗം നടത്തലും പരിഹാരമാര്‍ഗങ്ങള്‍ തന്നെയാണ്.

ഗ്രീന്‍ കംപ്യൂട്ടിങിന്റെ
സാധ്യതകള്‍
ലോകം മുഴുവനും ഇ- മാലിന്യം കൊണ്ടുനിറയുമ്പോഴും കംപ്യൂട്ടര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കു ദോഷമാകാത്ത വിധത്തിലേക്കു മാറ്റുകയെന്നതാണ് ഗ്രീന്‍ കംപ്യൂട്ടിങിന്റെ പ്രാഥമിക ലക്ഷ്യം. അമേരിക്കന്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി, എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റും കൈകോര്‍ത്തുകൊണ്ടാണ് 1992 ല്‍ എനര്‍ജി സ്റ്റാര്‍ റെയ്റ്റിംഗ് പ്രോഗ്രാമിനും അതു വഴി ഗ്രീന്‍ കംപ്യൂട്ടിങിനും തുടക്കം കുറിക്കുകയായിരുന്നു.

പുനര്‍നിര്‍മാണ സാധ്യതകള്‍
ഇ- മാലിന്യങ്ങള്‍ പുനര്‍നിര്‍മാണത്തിന് വിധേയമാക്കുകയാണെങ്കില്‍ വര്‍ഷം ശരാശരി പതിനയ്യായിരം കിലോ ടണ്‍ ഇരുമ്പ്, ആയിരത്തിയെണ്ണൂറു കിലോ ടണ്‍ കോപ്പര്‍, ഇരുന്നൂറ് ടണ്‍ സ്വര്‍ണം എന്നിവ ലഭിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഇതുവഴി നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്കു ലഭിക്കുന്ന ഗുണങ്ങളും ഏറെയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.