2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഇ.പി ജയരാജന്‍ തിരിച്ചെത്താന്‍ സാധ്യത: മന്ത്രിസഭാ പുനഃസംഘടനക്ക് കളമൊരുങ്ങുന്നു

തിരുവനന്തപുരം: രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖംമിനുക്കാന്‍ മന്ത്രിസഭാ പുനഃസംഘടനക്ക് ഒരുങ്ങുന്നു. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ നടക്കുന്ന നേതൃയോഗങ്ങളില്‍ പുനഃസംഘടന ചര്‍ച്ച ആയേക്കും.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം തെറിച്ച പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടാനുണ്ടെന്നും അതിന് ജയരാജന് മാത്രമേ കഴിയൂ എന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിലവില്‍ വ്യവസായമന്ത്രിയായ എ.സി മൊയ്തീനെ മാറ്റണമെന്നും കഴിഞ്ഞ തവണ നടന്ന സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നതായാണ് സൂചന. ജയരാജന്‍ വ്യവസായ മന്ത്രിയായി വന്നാല്‍ മൊയ്തീന് പഴയ സഹകരണ വകുപ്പ് നല്‍കും. ഇടക്കുള്ള മന്ത്രിസഭാ പുനഃസംഘടന സി.പി.എം രീതിയല്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുനഃസംഘടന സഹായിക്കുമെന്ന വിലയിരുത്തലിലാണ് സി.പി.എം. ചില പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ജയരാജനെ പരിഗണിക്കാന്‍ ഏതെങ്കിലും മന്ത്രിമാരെ ഒഴിവാക്കണോ, അതോ മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയും പകരം സുരേഷ്‌കുറുപ്പിനെയോ, രാജു എബ്രഹാമിനെയോ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നുമുള്ള തരത്തില്‍ ചര്‍ച്ച നടന്നതായാണ് വിവരം.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തിലും അതൃപ്തി ശക്തമാണ്. എന്നാല്‍ പ്രൊഫ. സി. രവീന്ദ്രനാഥിനെ ഒഴിവാക്കില്ല. ധനവകുപ്പ് അദ്ദേഹത്തിനു നല്‍കി തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. എന്നാല്‍ ഐസക്കിന് ഇതിനോട് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ഈ മാസം 19ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 20, 21 തിയതികളില്‍ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ പുനഃസംഘടന ചര്‍ച്ചയായേക്കും.
ഒന്നിലധികം പ്രധാന വകുപ്പുകള്‍ കൈവശം വച്ചിരിക്കുന്ന മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. അതേസമയം, മോശം ഭരണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്ന ഭീഷണി ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നിപായോടെ ഒഴിവായി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.