2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഇ.പിയുടെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് സി.പി.ഐക്ക് കാബിനറ്റ് പദവി

ജലീലിനെ തദ്ദേശ വകുപ്പില്‍നിന്ന് ഒഴിവാക്കിയേക്കും

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലേക്കുള്ള ജയരാജന്റെ രണ്ടാംവരവ് ചിങ്ങം ഒന്നിന്. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിലും തിങ്കളാഴ്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിലും സത്യപ്രതിജ്ഞാ തിയതി സംബന്ധിച്ച് തീരുമാനമെടുക്കും.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.പത്തൊന്‍പത് മന്ത്രിമാരില്‍ കൂടില്ലെന്ന നേരത്തെയുള്ള നിലപാടുമാറ്റി മന്ത്രിമാരുടെ എണ്ണം 20 ആക്കാന്‍ തീരുമാനിച്ചു. ഒരു മന്ത്രി കൂടി സി.പി.എമ്മിനു ലഭിക്കുമ്പോള്‍ പകരം കാബിനറ്റ് റാങ്കില്‍ ചീഫ് വീപ്പ് സ്ഥാനം സി.പി.ഐക്ക് നല്‍കാമെന്ന് ധാരണയായി. ഈ മാസം പത്തൊന്‍പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനുമുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണ് ദ്രുതഗതിയില്‍ നീക്കങ്ങള്‍ നടക്കുന്നത്.
ചിങ്ങം ഒന്നായ ഓഗസ്റ്റ് പതിനേഴിന് സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്താനുള്ള നിര്‍ദേശം സി.പി.എം നേതൃത്വം നല്‍കിയിട്ടുണ്ട്. ജയരാജന്‍ മന്ത്രിസഭയിലേക്ക് വരുന്നതോടെ വ്യവസായ വകുപ്പുതന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് തദ്ദേശ വകുപ്പ് നല്‍കും. പകരം ജലീലിന് ശൈലജയുടെ കീഴിലുള്ള സാമൂഹ്യ ക്ഷേമ വകുപ്പ് നല്‍കും. മറ്റ് അഴിച്ചു പണിയൊന്നുമില്ലെന്നാണ് സൂചന. നേരത്തെ മന്ത്രിസഭയിലെ രണ്ടാമനായ ജയരാജന് തന്നെയായിരിക്കും മുഖ്യമന്ത്രി അമേരിക്കയില്‍ പോകുമ്പോള്‍ ചുമതല നല്‍കുക. വിശ്വസ്തനെ ചുമതല ഏല്‍പ്പിക്കുക എന്നതാണ് എത്രയും പെട്ടെന്ന് ജയരാജനെ മന്ത്രിസഭയിലേയ്ക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.
അതിനിടെ ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. ജയരാജന്‍ അഴിമതി നടത്തിയതായി അദ്ദേഹത്തിന്റെ പാര്‍ട്ടിതന്നെ അന്വേഷണം നടത്തി കണ്ടെത്തിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.