2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഇ-ഡാറ്റാ റെക്കോര്‍ഡ് ആരോഗ്യ പദ്ധതി അടുത്തമാസം ഒന്നിനു തുടക്കമാകും

തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച ഇ-ഡാറ്റാ റെക്കോര്‍ഡ് ആരോഗ്യ പദ്ധതി അടുത്തമാസം ഒന്നിനു തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ 13 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് പൈലറ്റ് പദ്ധതി ആരംഭിക്കുന്നത്. ഈ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധിക്കും. ഓരോ സ്ഥലത്തുമെത്തുന്ന രോഗികളുടെ പൂര്‍ണവിവരം അസുഖത്തിന് നല്‍കിയ ചികിത്സാവിവരം എന്നിവ അപ്പോള്‍ തന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യും.
ഇത് മെഡിക്കല്‍ കോളജിലിരുന്ന് അതാത് രോഗങ്ങള്‍ക്ക് സ്‌പെഷലൈസ് ചെയ്ത ഡോക്ടര്‍മാര്‍ പരിശോധിച്ച് വേണ്ട ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കും. ഒരുരോഗി വീണ്ടും ചികിത്സ തേടിയെത്തുമ്പോള്‍ ഒ.പി ടിക്കറ്റ് വച്ച് പഴയ ഫയല്‍ ഓണ്‍ലൈനില്‍ കണ്ടെത്താം. കൂടാതെ ഏത് ആശുപത്രിയിലും ചികിത്സ തേടാം. ഈ പദ്ധതിയ്ക്കായി 96 കോടി രൂപയാണ് ലോകബാങ്ക് സഹായിച്ചത്. എല്ലാവര്‍ക്കും ആരോഗ്യം എന്ന നിലയിലാണ് എല്ലാവരുടെ ചികിത്സാവിവരം ഓണ്‍ലൈനാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചത്.
ഫണ്ട് അനുവദിച്ചപ്പോള്‍ സോഫ്റ്റ്‌വെയര്‍ രൂപീകരിക്കാന്‍ സി.ഡിറ്റിനെ ഏല്‍പ്പിച്ചു. എന്നാല്‍ പകുതി വച്ച് സി.ഡിറ്റ് അത് ഉപേക്ഷിച്ചു. പിന്നീട് ഐ.ടിമിഷന്‍ മുന്‍കൈ എടുത്താണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. ഇപ്പോള്‍ കമ്മിഷന്‍ ചെയ്യുന്ന പദ്ധതിയുടെ സോഫ്റ്റ്് വെയര്‍ തയാറാക്കിയത് ഹാലറ്റ് പാക്കാര്‍ഡ് എന്റര്‍പ്രൈസസാണ്. ഇവര്‍ സംസ്ഥാന ഐ.ടി മിഷനും കെല്‍ട്രോണുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി വിപുലീകരിക്കുമ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ ചികിത്സാവിവരം ആരോഗ്യ വകുപ്പ് ആസ്ഥാനത്തുള്ള ഡാറ്റാ സര്‍വറില്‍ സേവ് ചെയ്യും. ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഏരിയ തിരിച്ച് മോണിറ്റര്‍ ചെയ്യും. ഇ ഹെല്‍ത്ത് രേഖയില്‍ പ്പെട്ടവരില്‍ തുടര്‍ചികിത്സ വേണ്ടി വരുന്നവര്‍ക്കും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ക്കും മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. കൂടാതെ കുട്ടികളുടെ ചികിത്സാസംരക്ഷണം, കുടുംബാസൂത്രണം എന്നിവയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വീട്ടിലെത്തി ബോധവല്‍ക്കരണം നടത്തും.
പദ്ധതിയുടെ രണ്ടാഘട്ടം സംസ്ഥാന വ്യാപകമാക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവിഭാഗം രോഗികളുടെ ചികിത്സാവിവരവും ലാബ് പരിശോധനകള്‍ ഉണ്ടെങ്കില്‍ അതും കൂട്ടിചേര്‍ത്ത് ആധാറില്‍ ലിങ്ക് ചെയ്യാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിക്കും. രോഗികള്‍ക്ക് ബയോമെട്രിക് ഐ.ഡി കാര്‍ഡ് നല്‍കും. ഇതോടെ സംസ്ഥാനത്തെ ഏത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയാലും പൂര്‍ണവിവരം വിരല്‍ തുമ്പിലെത്തും.
ഓഗസ്്റ്റ് ഒന്നു മുതല്‍ ഇത് എല്ലാ താലൂക്ക് ആശുപത്രികളിലും നടപ്പിലാക്കും. സെപ്റ്റംബറില്‍ എല്ലാ മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിക്കും. അടുത്ത മാര്‍ച്ചോടെ എല്ലാ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഒരു സര്‍വറിനു കീഴില്‍ കൊണ്ടു വരും. പൈലറ്റ് പദ്ധതി വിജയം കണ്ടാല്‍ ലോകബാങ്കില്‍ നിന്നും ഇനിയും സാമ്പത്തിക സഹായം ലഭിയ്ക്കും. മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സഹായവും ലഭിയ്ക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.