2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഇ അഹമ്മദിന്റെ ഖബറടക്കം രാവിലെ 11 മണിക്ക് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍

കണ്ണൂര്‍: അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരം കണ്ണൂരിലെ സ്വവസതിയായ താണയിലെ സിതാരയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 8.30 ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കോംപൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. 10.30 മണി വരെ ഇവിടെ പൊതുദര്‍ശനത്തിനു വച്ച് 11 മണിക്ക് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ ഖബറടക്കും. അവസാന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

കോഴിക്കോട് ലീഗ് ഹൗസിലെ പൊതുദര്‍ശനത്തിനും കടപ്പുറത്തെ മയ്യിത്ത് നിസ്‌കാരത്തിനും ശേഷമാണ് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട് കടപ്പുറത്ത് വച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

രാത്രി 8.15 ഓടെയാണ് മയ്യിത്ത് കോഴിക്കോട് ലീഗ് ഹൗസിലെത്തിച്ചത്. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മയ്യിത്ത് ലീഗ് ഹൗസിലെത്തിച്ചത്. വൈകീട്ട് 5.30ഓടെയാണ് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ എത്തിച്ചത്.

അന്തിമോപചാരം അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് ഹജ്ജ് ഹൗസിലെത്തിയിരുന്നത്. ലീഗ് ഹൗസിലെ പൊതുദര്‍ശനം 8.30 വരെയായിരുന്നു നിശ്ചിയിച്ചിരുന്നതെങ്കിലും വന്‍ ജനാവലി എത്തിയതോടെ സമയക്രമം തെറ്റുകയായിരുന്നു.
കോഴിക്കോട് ലീഗ് ഹൗസിലും ആയിരക്കണക്കിനു പേരാണ് പ്രിയനേതാവിനെ ഒരു നോക്കു കാണാനായി ഒഴുകിയെത്തുന്നത്.

കോഴിക്കോട് നിന്നു ഇന്നു രാത്രി കണ്ണൂര്‍ താണയിലെ വസതിയായ ‘സിതാര’യില്‍ എത്തിക്കുന്ന മയ്യിത്ത് നാളെ രാവിലെ 8.30 മുതല്‍ 10.30 വരെ കണ്ണൂര്‍ കോര്‍പറേഷന്‍ കോംപൗണ്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 10.30ന് കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിനു ശേഷം 11ന് ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഖബറടക്കത്തിനു ശേഷം കണ്ണൂര്‍സിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ സര്‍വകക്ഷി അനുശോചന യോഗവും നടക്കും.

നേരത്തെ ഹജ്ജ് ഹൗസില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മക്കളും മരുമക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങി ഹജ്ജ് ഹൗസിലെത്തിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.