
ജിദ്ദ: വിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാനെത്തിയ തീര്ഥാടകരെല്ലാം മക്കയിലെയും മദീനയിലെയും ജിദ്ദ, ത്വാഇഫ് തുടങ്ങി വിവിധ പ്രദേശിങ്ങളിലെ ഇസ്ലാമിക് ചരിത്രശേഷിപ്പുകള്‍ തേടിയുള്ള യാത്രയിലാണ്.
ഹജ്ജ് സീസണ് തുടങ്ങിയത് മുതല്‍ തന്നെ വിവിധ ചരിത്രശേഷിപ്പുകളില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
എന്നാല്‍ ഹജ്ജിന് ശേഷം ഇതു ഇരട്ടിയായി വര്‍ധിച്ചതായി ചരിത്ര ശേഷിപ്പുകളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിവസവും ബസുകളിലും ചെറുവാഹനങ്ങളിലുമായി നൂറുകണക്കിന് തീര്‍ഥാടകരാണ് ഇത്തരം പ്രദേശങ്ങളിലെത്തുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യോനേഷ്യ, മലേഷ്യ, ഇവര്‍ക്ക് പുറമെ യൂറോപ്യന്‍ മേഖലയില്‍ നിന്നള്ള തീര്‍ഥാടകരാണ് ഏറെയുമെത്തുന്നത്.
മക്കയിലെ ജനത്തുല്‍ മുഅല്ല, ഖദീജാ ബീവിയുടെ വീട്, മുഹമ്മദ് നബി ജനിച്ച വീട് (മക്കത്തുല്‍ മുകറമ) , ഹിറാ ഗുഹ, സൗര്‍ ഗുഹ തുടങ്ങിയ പ്രദേശങ്ങളാണ്.
ത്വായിഫിലെ പൗരാണികതയുടെയും ഇസ്ലാമിക ചരിത്രത്തിന്റെ പ്രൗഢിയും അടയാളപ്പെടുത്തുന്ന സൂഖ്ബലദിന് സമീപമുള്ള ഇബ്നു അബ്ബാസ് മസ്ജിദ് സന്ദര്‍ശിക്കുന്നതിനാണ് തീര്‍ഥാടകരില്‍ അധികവും പ്രാമുഖ്യം നല്‍കുന്നത്.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന അര്‍ഥം വരുന്ന റഈസുല്‍ മുഫസ്സിരീന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ട പ്രമുഖ സ്വഹാബി അബ്ദുല്ലാ ബിന്‍ അബ്ബാസ് പ്രവാചകന്റെ വിയോഗാനന്തരം ശിഷ്ടകാലം ത്വായിഫിലാണ് കഴിച്ചുകൂട്ടിയിരുന്നത്.
ഇദ്ദേഹത്തിന്റെ പേര് നല്കപ്പെട്ട മസ്ജിദിനോട് ചേര്‍ന്ന് പ്രശസ്തമായ ലൈബ്രറിയുമുണ്ട്. ഇവിടെ എത്തുന്ന തീര്‍ഥാടകര്‍ക്കെല്ലാം ചരിത്രങ്ങള്‍ പറഞ്ഞുകൊടുക്കാനും ജീവനക്കാരെ തന്നെ നിയമിച്ചിട്ടുണ്ട്.
ഇതിനു പുറമെ ത്വായിഫിലുള്ള മറ്റു ചരിത്ര പ്രസിദ്ധമായ മസ്ജിദ് അല്കൂഹ്, മസ്ജിദ് അല്‍മദ്ഹൂന്‍ എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്.
മദീനയില്‍ തീര്‍ഥാടകരില്‍ അധികപേരും സന്ദര്‍ശനം നടത്തുന്ന പ്രധാന കേന്ദ്രങ്ങള്‍ ജന്ന്തതുല് ബഖീ, മസ്ജിദ് കുഭാ, മസ്ജിദ് ഖിബ്ലതൈന്, ഉഹ്ദ്, ഖന്തക്ക് , ഖുര്‍ആന്‍ പ്രസ്സ് തുടങ്ങിയവയാണ്.