2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇസ്ലാമോഫോബിയയുടെ പ്രസിഡന്റ്

പ്രൊഫ. ഖാലിദ് എ. ബെയ്ദാന്‍ tweets @khaledbey-doun

ഇസ്‌ലാം വിരുദ്ധതയിലൂന്നി പ്രചാരണം നടത്തുക വഴി വിജയം കൈവരിച്ച ആളാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രചാരണകാലത്ത് ഇസ്‌ലാം വിരുദ്ധ ആശയങ്ങള്‍ ഊന്നിപ്പറഞ്ഞ ട്രംപിന്റെ ഔദ്യോഗിക നയം തന്നെ ഇസ്‌ലാം വിരുദ്ധതയായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ചരിത്രം കുറിക്കപ്പെടുന്ന വാര്‍ത്തക്കായി കാതോര്‍ത്തിരുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് കേള്‍ക്കാനായത് അമേരിക്കയുടെ ആദ്യത്തെ ഇസ്‌ലാമോഫോബിയ പ്രസിഡന്റ് എന്ന വാര്‍ത്തയാണ്. 2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആദ്യാവസാനം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതും ഇസ്‌ലാമോഫോബിയ തന്നെയായിരുന്നു. ഇസ്‌ലാം വിരുദ്ധതയിലൂന്നി നടത്തിയ പ്രചാരണം ട്രംപിനെ വൈറ്റ്ഹൗസിലെത്തിച്ചുവെന്നത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മറ്റൊരു ചരിത്രം.

ഓഹിയോ, ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന പോലുള്ള സംസ്ഥാനങ്ങളില്‍ ഇസ്‌ലാം വിവേചനത്തിലൂന്നിയുള്ള പ്രചാരണം ട്രംപിന് സഹായകമായി എന്നുവേണം വിലയിരുത്തേണ്ടത്. 2015 ഡിസംബറില്‍ എ.ബി.സി നടത്തിയ എക്‌സിറ്റ് പോളില്‍ 25 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ ഇസ്‌ലാംവിരുദ്ധ നിലപാടുകളെ അനുകൂലിക്കുന്നവരാണെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ 2016 മാര്‍ച്ചില്‍ നടത്തിയ പ്രതിഫലിച്ചു കണ്ടത് അതിന്റ ഇരട്ടിയോളം വരുന്ന പിന്തുണയായിരുന്നു. 51 ശതമാനമാണ് ട്രംപിന്റെ ഇസ്‌ലാം വിരുദ്ധതക്ക് ലഭിച്ച വോട്ട്. ഇസ്‌ലാമോഫോബിയയിലൂന്നിയുള്ള പ്രചാരണത്തിന് ശക്തമായ പിന്തുണ തന്നെയാണ് ലഭിച്ചതെന്നു വേണം ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

ട്രംപിന്റെ പ്രചാരണത്തില്‍ അങ്ങോളമിങ്ങോളം അമേരിക്കന്‍ മുസ്‌ലിംകളുടെ അസാന്നിധ്യമായിരുന്നു നിഴലിച്ചു കാണാനായ മറ്റൊരു വസ്തുത. ട്രംപ് ഭരണത്തിലേറുന്ന അവസരത്തില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും അമേരിക്കന്‍ മുസ്‌ലിംകളുടെ അഭാവം ദൃശ്യമാകാനാണ് സാധ്യത. ട്രംപിന്റെ മുന്‍ഗാമികളായ ജോര്‍ജ് ഡബ്ല്യു ബുഷും മിറ്റ് റോംനിയും ഇത്തരത്തില്‍ ഇസ്‌ലാം വിരുദ്ധത കൈക്കൊണ്ടവരായിരുന്നു. എന്നാല്‍ അത് അല്‍പ്പം കൂടി ജാഗ്രതയോടെയായിരുന്നു എന്നു വേണം പറയാന്‍. ട്രംപിന്റെ ഇസ്‌ലാം വിരുദ്ധതയെന്നത് മുന്നു പിന്നും നോക്കാത്ത വിധത്തിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഇത് ട്രംപിന് വിരുദ്ധഫലം നല്‍കുമോ എന്നു പോലും പലരും ഭയന്നു. ഇതുവരെയുള്ള എല്ലാ രാഷ്ട്രീയരീതികളെയും തള്ളിയായിരുന്നു ട്രംപിന്റെ പ്രചാരണം. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് പറഞ്ഞു വച്ച ബരാക് ഒബാമയുടെയോ ഹിലരി ക്ലിന്റന്റെയോ പാത സ്വീകരിക്കാന്‍ ട്രംപ് ഒരുക്കമായിരുന്നില്ല. പകരം തങ്ങള്‍ ഇസ്‌ലാമിനെ വെറുക്കുന്നു എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദിവസം അമേരിക്കയിലെ മനുഷ്യാവകാശങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയ ദിനമായാണ് പലരുടെയും അഭിപ്രായം. മുസ്‌ലിംകള്‍ക്ക് യു.എസില്‍ പ്രവേശനം നല്‍കില്ല എന്നു പോലും പറഞ്ഞ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ മിഷിഗണ്‍, ഡിയര്‍ബോണ്‍ എന്നീ അമേരിക്കന്‍ മുസ്‌ലിംകള്‍ ഏറെയുള്ള സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് കാണാനായത് പലവിധ കാഴ്ചകളായിരുന്നു. മുതിര്‍ന്നവര്‍ കരയുന്നു, ചെറുപ്പക്കാര്‍ പ്രാര്‍ഥിക്കുന്നു… ജനങ്ങളുടെ പ്രതികരണം വളരെ വികാരഭരിതമായിരുന്നു. ഇത്തരം കാഴ്ചകളില്‍ നിന്നു മനസിലാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അമേരിക്കയിലെ മുസ്‌ലിംകള്‍ വളരെ ദുര്‍ബലരാണ് എന്ന യാഥാര്‍ഥ്യം!

(കടപ്പാട്- അല്‍ ജസീറ
ഇസ്‌ലാംഭീതിയെ കുറിച്ച് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ സീനിയര്‍ റിസര്‍ച്ച് ഫാക്വല്‍റ്റിയും മിഷിഗണലെ ഡെട്രോയിറ്റ് മേഴ്‌സി സ്‌കൂള്‍ ഓഫ് ലോയിലെ അസോസിയേറ്റ് ലോ പ്രൊഫസറുമാണ് ലേഖകന്‍.
മൊഴിമാറ്റം- ഗീതുതമ്പി)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.