2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇസ്രാഈല്‍ ജയിലിലടച്ച ഫലസ്തീനി പെണ്‍കുട്ടിയെ മോചിപ്പിച്ചു: 440 കുട്ടികള്‍ ഇനിയും ജയിലില്‍

വെസ്റ്റ് ബാങ്ക്: രണ്ടര മാസക്കാലത്തെ തടവിനു ശേഷം ഫലസ്തീനിലെ പന്ത്രണ്ടുകാരി പെണ്‍കുട്ടിയെ ഇസ്രാഈല്‍ മോചിപ്പിച്ചു. അല്‍വാമി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് മോചിപ്പിച്ചത്.

ജന്മനാടായ ഹാല്‍ഹൂലിന് സമീപത്തെ കര്‍മേയ് സൂറില്‍ അനധികൃതമായി താമസിച്ചെന്നു കാട്ടിയാണ് ഫെബ്രുവരി ഒന്‍പതിന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി കയ്യില്‍ കത്തി സൂക്ഷിച്ചുവെന്ന കുറ്റവും ചുമത്തി. സ്‌കൂള്‍ യൂനിഫോമിനകത്ത് കത്തി സൂക്ഷിച്ചിരുന്നുവെന്ന് ഇസ്രാഈല്‍ കോടതിയും വിധിച്ചിരുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടികളെ തടഞ്ഞുവയ്ക്കരുതെന്ന അന്താരാഷ്ട്ര നിയമം ലംഘിച്ചതിനെതിരെ മാതാപിതാക്കള്‍ അപ്പീല്‍ നല്‍കിയിരുന്നു.

ജയിലില്‍ നിന്നു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തുല്‍കരീം ചെക്ക് പോയിന്റിന് സമീപത്ത് കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിയിരുന്നു.

ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ആദ്യ കുട്ടിയാണ് ജയിലിലടക്കപ്പെട്ട പെണ്‍കുട്ടി. കാല്‍നൂറ്റാണ്ടു കാലമായി ഇസ്രാഈലില്‍ ജോലി ചെയ്യുന്ന പിതാവ് ഇസ്മാഈല്‍ അല്‍ വാവിയുടെ പെര്‍മിറ്റ് പെണ്‍കുട്ടി അറസ്റ്റിലായതോടെ റദ്ദാക്കുകയും ചെയ്തു.

ഏഴായിരത്തിലധികം ഫലസ്തീനികളാണ് ഇപ്പോള്‍ ഇസ്രാഈല്‍ ജയിലിലുള്ളത്. ഇതില്‍ 70 പേര്‍ സ്ത്രീകളും 750 പേര്‍ വിവിധ ഉദ്യോഗസ്ഥരും 700 രോഗികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ കണക്ക്. 440 കുട്ടികളെയും സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ഇതില്‍ നൂറിലധികവും 12നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. 12 പേര്‍ പെണ്‍കുട്ടികളുമാണ്. ഈ കുട്ടികളെല്ലാം ശാരീരികമായി അക്രമിക്കപ്പെടുന്നുവെന്നും ഒദ്യോഗിക റിപ്പോര്‍ട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.