2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഇവിടെ വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കണമെങ്കില്‍ കുതിരയോ കഴുതയോ വേണം

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കണ്ട നിയോജക മണ്ഡലത്തില്‍പെട്ട 4141 വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കണമെങ്കില്‍ കുതിരയോ, കഴുതയോ കനിയണം. മണ്ഡലത്തിലെ കൊട്ടക്കുട്ടി, കുരങ്കണി, കൊഴുക്കുമല, രാസിമല, ടോപ് സ്റ്റേഷന്‍, ബോഡിവെട്ട്, അകമല, മുന്തല്‍ കോളനി ഉള്‍പ്പെടെ 12 ഓളം മലയോര ഗ്രാമങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് കുതിരയുടെയോ, കഴുതയുടെയോ സഹായം അനിവാര്യമാകുന്നത്.
തീരെ ഗതാഗത യോഗ്യമല്ലാത്ത ഈ മലയോര പ്രദേശത്തേക്കു 22 കിലോമീറ്റര്‍ നടന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളുമായി എത്തിയത്. കുതിരയുടെ പുറത്താണ് വോട്ടിങ് ഉപകരണങ്ങളും, സാമഗ്രികളും കെട്ടിവെച്ചത്. 3, 4 കലകള്‍ കയറിയിറങ്ങിയാലേ ഊത്തുക്കാട് ഗ്രാമത്തിലും സെന്‍ട്രല്‍ സ്റ്റേഷന്‍ ഗ്രാമത്തിലും എത്താന്‍ കഴിയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഊത്തുക്കാട് ഗ്രാമത്തില്‍ 458 വോട്ടര്‍മാരും, സെന്‍ട്രല്‍ സ്റ്റേഷനില്‍ 185 വോട്ടര്‍മാരുമാണുള്ളത്.
ലോറി വഴി കുരങ്കനിമല ഗ്രാമത്തില്‍ വോട്ടിങ് ഉപകരണങ്ങള്‍ എത്തിച്ചതിനു ശേഷം കുതിരപ്പുറത്ത് കെട്ടിവെച്ച് ഉദ്യോഗസ്ഥര്‍ പോവുകയായിരുന്നു. 5 സോണല്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 15 ഓളം ജീവനക്കാരാണ് ഈ ഭാഗത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്.
നക്‌സലൈറ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ 30 ഓളം ജവാന്മാരും വോട്ടിങ് ഉപകരണങ്ങള്‍ക്ക് അകമ്പടി സേവിച്ചു. വോട്ടിങ്ങിനുശേഷം യന്ത്രങ്ങള്‍ തിരിച്ചു കുരങ്കനി ഗ്രാമത്തില്‍ എത്തുമ്പോള്‍ അര്‍ധരാത്രി രണ്ടുമണിയെങ്കിലും ആകുമെന്ന് അധികൃതര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.