2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇവിടെ റംലത്തും ഖമറുദ്ദീനും തിരക്കിലാണ്

തൃക്കരിപ്പൂര്‍: യോഗങ്ങളില്‍ നിന്ന് യോഗങ്ങളിലേക്കും ചര്‍ച്ചകളില്‍ നിന്നു ചര്‍ച്ചകളിലേക്കും തിരക്കിട്ട ജീവിതവുമായി മുന്നേറുകയാണ് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദിന്‍. എന്നാല്‍ ഭര്‍ത്താവിനെക്കാള്‍ തിരക്കിലാണ് ഭാര്യ റംലത്ത് ഖമറുദ്ദിന്‍. ഭര്‍ത്താവിനു രാഷ്ട്രീയത്തിലെ തിരക്കാണെങ്കില്‍ റംലത്തിന്റെ തിരക്ക് വീട്ടുപറമ്പിലെ കൃഷി തോട്ടത്തിലാണെന്നു മാത്രം. പടന്ന എടച്ചാക്കൈയിലെ വീട്ടില്‍ പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിന് ശേഷം തുടങ്ങും റംലത്തിന്റെ കൃഷി പരിചരണം.
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ദേവതാരു മരങ്ങളോട് കഥപറഞ്ഞു തുടങ്ങും വിവിധതരം പച്ചക്കറികളുടെ പരിചരണം. റംലത്തിന്റെ നിഴല്‍ ദൂരെ നിന്നു കാണുന്നതോടെ വിവിധ കൂടുകളില്‍ പാര്‍പ്പിച്ചിട്ടുള്ള കരിങ്കോഴിയുടെയും വിവിധയിനം പക്ഷികളുടെയും ശബ്ദ കോലാഹലങ്ങളും ഉയരും. വീടിന്റെ മുന്‍ ഭാഗം മാത്രം ഒഴിച്ചിട്ട് ബാക്കിയുള്ള ഭാഗങ്ങളിലെല്ലാം പക്ഷികളും കോഴികളും പച്ചക്കറി കൃഷിയും ഔഷധ സസ്യങ്ങള്‍ വര്‍ണം വിതറുന്ന പൂക്കളും ചെടികളുമെല്ലാമുണ്ട്. വീട്ടാവശ്യങ്ങള്‍ക്കുള്ള എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട് റംലത്ത്.

അഞ്ചുതരം പയര്‍ വര്‍ഗങ്ങള്‍ കൂടാതെ തക്കാളി, വെണ്ട, ഞരമ്പന്‍, വിവിധയിനം ചീരകള്‍ കോളിഫ്‌ളവര്‍,കൊത്തവര, സലാഡ് വള്ളരി, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങളും സപ്പോട്ട വാഴ,പേരക്ക, പപ്പായ, ചെറി തുടങ്ങിയ പഴങ്ങളും വിവിധയിനം ചെടികളും കൃഷിയിടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ വിവിധ വര്‍ണങ്ങളിലുള്ള കോഴികളെയും പക്ഷികളെയും വളര്‍ത്തുന്നുണ്ട്.

ഖമറുദ്ദീനും മൂത്തമകന്‍ ഡോ. മുഹമ്മദ് മിന്‍ഹാജും റംലത്ത് നട്ടുവളര്‍ത്തിയ വിശാലമായ പച്ചക്കറി പന്തലിനു താഴെ പ്രഭാതസവാരി ചെയ്ത് ആസ്വാദനം കണ്ടെത്തുന്നു. മറ്റു രണ്ടുമക്കളായ മിന്‍ഹാജും മറിയമ്പിയും ഒഴിവുസമയങ്ങളില്‍ ഉമ്മയെ സഹായിക്കുമെങ്കിലും പക്ഷികള്‍ക്ക് തീറ്റയും വെള്ളവും ദിവസവും കൊടുക്കേണ്ട ജോലി മിന്‍ഹാജിനാണ്.
ഒരു വാസ്തുശില്‍പിയുടെ കരവിരുതോടെയാണ് തോട്ടവും പക്ഷിക്കൂടുകളും ഭംഗിയായി റംലത്ത് ഒരുക്കിയിരിക്കുന്നത്.
സ്വന്തമായി ഉണ്ടാക്കുന്ന ജൈവ വളം ഉപയോഗിച്ചാണ് കൃഷി. വിത്തുകള്‍ ശേഖരിക്കുന്നതും കൃഷിക്കുവേണ്ട ഉപദേശങ്ങള്‍ തേടുന്നതും പടന്നക്കാട് കാര്‍ഷിക കോളജില്‍ നിന്നാണ്.
കൃഷിയില്‍ താല്‍പര്യം തോന്നിയത് എങ്ങിനെയെന്നു ചോദിച്ചാല്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പച്ചക്കറി തോട്ടം ടിവിയില്‍ കണ്ടാണെന്ന് റംലത്തിന്റെ ഒറ്റവാക്കിലുള്ള ഉത്തരം.

 


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.