2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇവിടുത്തെ കാറ്റാണ് കാറ്റ്

റിയോയില്‍ നിന്നു മുഹമ്മദ് കുഞ്ഞി

നാട്ടില്‍ നിന്നു വിട്ടുനിന്ന് മറ്റൊരു വിദേശ നാട്ടില്‍ നില്‍ക്കുകയാണെന്നു തോന്നില്ല ബ്രസീലിലെ എവിടെ നിന്നാലും. കാറ്റ്, വെയില്‍, ചൂട്, ഭക്ഷണങ്ങള്‍ അങ്ങനെയെല്ലാം നമ്മുടെ നാട്ടിലേതിനു തുല്യമാണിവിടെ. പറങ്കികളുടെ കോളനിയായിരുന്ന ബ്രസീലിലെ കൃഷിയാണ് ഏറെക്കുറെ നമ്മുടെ മലയാള നാട്ടിലുമുള്ളത്. പരിശീലനത്തിനെത്തുമ്പോള്‍ കാലാവസ്ഥയുടെ പ്രശ്‌നം ഇതുവരെ ഉണ്ടായിട്ടില്ല. ലണ്ടന്‍ ഒളിംപിക്‌സില്‍ താരങ്ങള്‍ക്ക് പരിശീലനം നടത്തുന്നതിനു കാലാവസ്ഥ പ്രശ്‌നമായിരുന്നു. പ്രത്യേകിച്ച് അത്‌ലറ്റുകളെയാണ് പ്രതികൂല കാലാവസ്ഥ ബാധിക്കുക. കാലാവസ്ഥയ്ക്കനുസരിച്ചിരിക്കും പിന്നീടുള്ള പ്രകടനം.

എന്നാല്‍ ഇവിടെ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടും നമ്മുടെ നാടാണെന്ന് തോന്നിപ്പോകും. ബീച്ചിലെ സായാഹ്നങ്ങളടക്കം എല്ലാത്തിലും കേരളത്തനിമ നിറഞ്ഞു നില്‍ക്കുന്നു. ഒളിംപിക്‌സ് വില്ലേജിനടുത്ത് തന്നെ മൂന്നിലധികം ബീച്ചുകളുണ്ട്. എല്ലാം വൃത്തിയുള്ളവ. നമ്മുടെ നാട്ടിലെ ബീച്ചു പോലെയല്ല. എല്ലാം സുരക്ഷിതമായി പരിപാലിച്ചിരിക്കുന്നു. പരിയ ഡി യോട്ടിങ്ങാന, കോപ്പാ കബാന, പ്രൈന്‍ഹ ബീച്ചുകള്‍ ഗെയിംസ് വില്ലേജില്‍ നിന്നു കുറച്ചകലെയാണ്. വന്ന ദിവസം തന്നെ കപ്പയും കാന്താരിയും കണ്ട ഞങ്ങള്‍ ഇതു കേരളം തന്നയോ എന്ന് ആശ്ചര്യപ്പെട്ടു.

ആറാം ദിവസവും ഇന്ത്യയുടെ പ്രകടനം ദയനീയമായി തന്നെ തുടരുന്നു. പ്രതീക്ഷയര്‍പ്പിച്ച പലയിനങ്ങളിലും നമ്മുടെ താരങ്ങള്‍ പുറത്താകുന്നു. ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ നിരാശയുള്ള ഒളിംപിക്‌സ്. തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ച. ഹോക്കി ടീം രണ്ടാമതും പരാജയപ്പെട്ടിരിക്കുന്നു. വനിതാ ടീം ആസ്‌ത്രേലിയയോട് ദയനീമായി പരാജയപ്പെട്ട് പുറത്തായി. പിന്നെലെയായിരുന്നു പുരുഷ ഹോക്കി ടീമിന്റെ തോല്‍വിയും. അടുത്ത മത്സരത്തില്‍ കാനഡയോട് വിജയിച്ചാല്‍ ചെറിയൊരുപ്രതീക്ഷയെങ്കിലും നമുക്കുണ്ടാകും. മലയാളി താരം ശ്രീജേഷിന്റെത് തകര്‍പ്പന്‍ പ്രകടനമാണ്.

ഗുസ്തിയില്‍ മനോജ് കുമാറിന്റെ പ്രകടനം ശുഭ പ്രതീക്ഷ നല്‍കുന്നു. ഒളിംപിക്‌സ് ജേതാവിനെ അട്ടിമറിച്ചാണ് അദ്ദേഹം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുള്ളത്. വനിതാ അമ്പെയ്തില്‍ ഇന്ത്യയുടെ ബോംബെയ് ദേവി, ദീപ കുമാരി എന്നിവരും പുറത്തായിരിക്കുന്നു. ഈയിനത്തില്‍ ഇന്ത്യക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടും മതിയായ പ്രകടനം പുറത്തെടുക്കാന്‍ താരങ്ങള്‍ക്കായില്ല. ഒരു മെഡലിനായി ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്.

അത്‌ലറ്റിക്‌സ് തുടങ്ങുകയാണ്. ശക്തന്‍മാരുമായിട്ടായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊമ്പുകോര്‍ക്കേണ്ടി വരിക. അതിനായി അരയും തലയും മുറുക്കി ഒരുങ്ങുന്നുണ്ട് എല്ലാവരും. ഉഷയുടെ കുട്ടികള്‍ പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞു. അവരും തികഞ്ഞ ആത്മവിശ്വാസത്തിലാവും എത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.