2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇവര്‍ പറയുന്നു; തരിശുഭൂമിയില്‍ ഞങ്ങള്‍ പൊന്നുവിളയിക്കും

കോഴിക്കോട്: മലയാളപ്പിറവിയുടെ അറുപതാം വാര്‍ഷിക വേളയില്‍ മണ്ണും ചേറും നിറഞ്ഞ മലയാളിയുടെ തൊഴില്‍ സംസ്‌കാരം ചരിത്രമാകില്ലെന്ന പ്രഖ്യാപനവുമായി തരിശുഭൂമിയില്‍ ഒരു കൂട്ടം സ്ത്രീകളുടെ വിജയഗാഥ. കോഴിക്കോട് താമരശ്ശേരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികളാണ് തരിശുഭൂമിയില്‍ പൊന്നുവിളയിക്കുമെന്ന ദൃഢനിശ്ചയവുമായി കര്‍മനിരതരായത്. പണിയായുധങ്ങളും പഴയ ഞാറ്റുപാട്ടിന്റെ ഈരടികളുമായി ചേറിലിറങ്ങിയ തൊഴിലാളികള്‍ക്ക് പൂര്‍ണ പിന്തുണയുമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷിഭവനും എത്തിയതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാക്കാവുന്ന കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു.
വരമ്പ് കെട്ടലും ഉഴുതുമറിക്കലും ഉള്‍പ്പെടെ പുരുഷന്‍മാരുടെ കായികാധ്വാനം മാത്രം ഉപയോഗപ്പെടുത്തിയിരുന്ന തൊഴില്‍ മേഖലയില്‍ ആത്മവിശ്വാസത്തിന്റെ മുതല്‍ക്കൂട്ടുമായി ഇവര്‍ വയലിലിറങ്ങുമ്പോള്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ പൈതൃകം വീണ്ടെടുക്കാന്‍ കൊതിക്കുന്നവര്‍ക്ക് അത് മനം കുളിര്‍ക്കുന്ന കാഴ്ചയേകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തരിശുരഹിത നെല്‍കൃഷി വികസന പദ്ധതിയില്‍പ്പെടുത്തിയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കാടുമൂടി കിടന്ന പാടം വെട്ടിത്തെളിച്ചും വരമ്പ് കെട്ടിയും പതിമൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പ്രവൃത്തി ഇന്ന് ഞാറുനടലില്‍ എത്തിനില്‍ക്കുകയാണ്. താമരശ്ശേരി പാടശേഖരത്തില്‍പ്പെട്ട കയ്യേരി മുതല്‍ വട്ടക്കുണ്ടുങ്ങല്‍ വരെയുള്ള ദേശീയപാതയോട് ചേര്‍ന്നുള്ള സ്ഥലത്താണ് മുണ്ടകന്‍ കൊയ്‌തെടുക്കാനായി വിത്തിറക്കുന്നത്. ഫെബ്രുവരിയോടെ ഏകദേശം 65 ടണ്ണോളം നെല്ലുല്‍പാദിപ്പിക്കാനാകുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വിത്ത് സൗജന്യമായും വളവും മറ്റും ചെറിയ നിരക്കിലും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്ഥല ഉടമകളില്‍ നിന്നും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. ദിവസവരുമാനം 240 രൂപയാണെങ്കിലും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ മണ്ണില്‍ വിയര്‍പ്പൊഴുക്കാനുള്ള ആവേശത്തിലെത്തുന്നസ്ത്രീതൊഴിലാളികള്‍ക്കു മുമ്പില്‍ പ്രതിസന്ധികള്‍ ഇല്ലാതാകുന്നു.
തെങ്ങിന് തടംവെട്ടാനും റോഡരികുകള്‍ ശുചിയാക്കാനുമുള്ളവരെന്ന് സമൂഹം മുദ്രചാര്‍ത്തിയ സംസ്ഥാനത്തെ തൊഴിലുറപ്പുകാര്‍ക്ക് തന്നെ ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്നതാണ് 25ഏക്കറോളം വരുന്ന തരിശുഭൂമിയിലെ ഇവരുടെ കാര്‍ഷിക മുന്നേറ്റം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.