2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഇലക്ട്രോണിക് വീടുകളെ തിരുത്താന്‍ ‘സ്‌നേഹവീട്’ കര്‍മപഥത്തിലേക്ക്

എസ്.വി.മുഹമ്മദ് അലി മാസ്റ്റര്‍ ഡയറക്ടര്‍, തദ്‌രീബ്

ഇംഗ്ലീഷ് എഴുത്തുകാരന്‍ ലൊറെയ്ന്‍ എം. ഹാലി (LORRAINE M HALLI)യുടെ ഒരു നിരീക്ഷണം സമകാലികപ്രസക്തമാവുകയാണ്. അ. House, ആ. ഒീാല എന്ന അദ്ദേഹത്തിന്റെ കുട്ടിക്കവിത പുതിയ കാലഘട്ടത്തിലെ ബന്ധങ്ങളുടെ കൃത്രിമത്വത്തെക്കുറിച്ച് ഏറെ സംസാരിക്കുന്നുണ്ട്. കുറേ ഇഷ്ടികകളും വാതിലുകളും ജനാലകളും ഗ്ലാസുകളുമെല്ലാമുള്ളത് House മാത്രമാണെന്നും ആന്തരികമായി ജീവന്‍ നല്‍കി വേണം അതിനെ ഒീാല ആക്കിമാറ്റാനെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.
വലുതും ചെറുതുമായ നമ്മുടെ പല വീടുകളും ഇന്ന് ഒന്നാമത്തെ തരത്തില്‍ മാത്രം പെടുത്താവുന്ന അവസ്ഥയിലെത്തിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വേണ്ടതിലേറെ ഇലക്ട്രോണിക്‌സ് ആയ, ഐ.ടി ബന്ധിതമായ ഹര്‍മ്യങ്ങളാണവ. പക്ഷേ, അവയൊന്നും ഉള്ളിനെ സജീവമാക്കുന്ന ‘സ്‌നേഹ’ഭവനം (home) ആയി മാറുന്നില്ല. ‘നിങ്ങളുടെ വീട് ഖബ്‌റിടമാകരുതേ’… എന്ന ആഹ്വാനം അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) പുതിയകാലത്തിന്റെ സമസ്യകളെ മുന്‍കൂട്ടിക്കണ്ടു നല്‍കിയതാവണം. അത്രമേല്‍ ആലോചനകള്‍ വേണ്ടിയിരിക്കുന്നു നമ്മുടെ വീടുകളുടെ ആന്തരികാവസ്ഥയെക്കുറിച്ച്.
ഒരു സാധാരണ വീട് ‘സ്‌നേഹവീടാ’കുന്നുവോ എന്നറിയാന്‍ അതിന്റെ ആന്തരികഘടനയിലെ മാറ്റങ്ങള്‍തന്നെയാണു നിരീക്ഷിക്കേണ്ടത്. നല്ല ആശയവിനിമയം, മതിയായ കൊടുക്കല്‍വാങ്ങലുകള്‍, ഉള്ളുണര്‍ത്തുന്ന പിന്തുണാമനോഭാവം, ഇഴചേര്‍ന്നുനില്‍ക്കുന്ന പരസ്പരവിശ്വാസം തുടങ്ങിയവയെല്ലാമാണു സ്‌നേഹവീടിന്റെ ലക്ഷണം. അതില്‍ തര്‍ക്കങ്ങളും പരിഹാരങ്ങളും സ്വാഭാവികം. ചോദ്യങ്ങളും ഉത്തരങ്ങളും പിരിയാതെയുണ്ടാകും. അതേസമയം, ഓരോരുത്തര്‍ക്കും അംഗീകാരമുണ്ടെന്നു തോന്നുന്ന, എല്ലാവരും സ്വന്തം ഇടങ്ങളില്‍ സംതൃപ്തമാകുന്ന ആന്തരിക ചൈതന്യം അവിടെയുണ്ടാകും.
ഭയവും ആശങ്കയും തീരാത്ത ആവലാതിയും നിറഞ്ഞുനില്‍ക്കുന്ന വീട് ഒട്ടും സര്‍ഗാത്മകമല്ല. അതിനകത്തു ജീവിക്കുന്നവര്‍ക്കു സന്തോഷിക്കാനാവില്ല. അവര്‍ക്കിടയില്‍ സംശയം പെരുകുന്നു. ഒരു സംശയം മറ്റൊന്നിനെ വളര്‍ത്തിയെടുക്കും. മനോവികാരങ്ങള്‍ അമര്‍ത്തിപ്പിടിച്ചും ആഗ്രഹങ്ങളെ സ്വയം ചതച്ചരച്ചും അതിനകത്തു കുറേപ്പേര്‍ ഒറ്റുപ്പെട്ടു ജീവിക്കും. ഇത്തരം വീടുകളുടെ ചുമരുകള്‍ ഭേദിച്ചാണു കുട്ടികള്‍ ഒളിച്ചോടിപ്പോകുന്നത്. എത്ര വലിയ വീടായാലും അതു സംഭവിച്ചിരിക്കും. ഒളിച്ചോടിപ്പോകുന്ന കുട്ടികളാരും സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ സൗകര്യമില്ലാത്തതിനാലല്ല ആ പാതകം ചെയ്യുന്നത്.
‘സ്‌നേഹവീട്’ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിലെ സന്തോഷവും സമാധാനവും എല്ലാവരുടെയും സ്വപ്നമാണ്. അതിനുവേണ്ട കരുതല്‍ പലരും കൈകൊള്ളുന്നില്ലെന്നു മാത്രം. സ്‌നേഹം ലഭിക്കാനുള്ളതാണെന്നതുപോലെ കൊടുക്കാനുള്ളതുമാണ്. മക്കളെ സ്‌നേഹിക്കാത്ത മാതാപിതാക്കളില്ല. തിരിച്ചുമുണ്ടാകില്ല. എന്നാല്‍, ഓരോരുത്തരുടെയും ഉള്ളം ആഗ്രഹിക്കുന്നതുപോലെ അതു പ്രകടമാകുന്നില്ല. അതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. സ്‌നേഹം ഊഷ്മളമായ അനുഭവമാണ്. അത് ഉള്ളില്‍നിന്നു പുറത്തേക്കു വരുന്നു.
പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് അതു മറ്റൊരാള്‍ക്ക് അനുഭവിക്കാനാകുന്നത്. ”ആഇശയുടെ സ്‌നേഹം നല്‍കി അനുഗ്രഹിച്ച റബ്ബിനു സ്തുതി” എന്ന് പ്രവാചകന്‍ (സ) പ്രിയപത്‌നി കേള്‍ക്കെ പറയുമായിരുന്നുവെങ്കില്‍ ഇതിനു മറ്റൊരു വായന കൂടുതല്‍ ആവശ്യമില്ല. സ്‌നേഹം അനുഭവപ്പെടാതിരിക്കുമ്പോള്‍ ഉള്ളില്‍ സംശയം വളരുന്നു. അതു തിരസ്‌കാരചിന്ത ഉണര്‍ത്തുന്നു. നിരാശ ബാധിച്ചവര്‍ ഒളിച്ചോടുകയോ സ്വയം ഒതുങ്ങുകയോ ചെയ്യും. പുറംലോകത്തെ സാമൂഹികസാഹചര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നുവെന്നു മാത്രം.
വികാരങ്ങള്‍ (emotions) മനസ്സിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നില്ലെന്നതാണു സ്‌നേഹവീട് അനുഭവിക്കുന്ന വലിയ പ്രശ്‌നം. ക്ഷമ നന്നേ കുറഞ്ഞ സമൂഹമാണ് ഇന്നത്തേത്. മാതാപിതാക്കളോടു സഹിഷ്ണുത കാണിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് പലരും അണുകുടുംബങ്ങളിലേക്കു ചുരുങ്ങുന്നത്. ഇതിലെ ചെറിയ അസ്വസ്ഥതകള്‍ ആര്‍ക്കും ഏറ്റെടുക്കാന്‍ പറ്റുന്നില്ല. പെട്ടെന്നു ദേഷ്യപ്പെടുകയും അതിലേറെ സങ്കടപ്പെടുകയും ചെയ്യുന്ന ഇണകള്‍ പെട്ടെന്നു പൊരുത്തമില്ലാത്തവരായി മാറുകയാണ്.
ഇതിനിടയില്‍ കുട്ടികള്‍ അതിലേറെ അസ്വസ്ഥരാകുന്നു. ഫലമോ വീട് പ്രതിലോമ വികാരങ്ങളുടെ (Negative Emotions) വളര്‍ത്തുകൂടാരമായി മാറുന്നു. ഇതിനകത്തു സമാധാനമില്ലെന്ന് ഓരോരുത്തരും ഉറച്ചുവിശ്വസിക്കുന്നു. എല്ലാം ശാന്തമായിരുന്നു സ്വയംവിലയിരുത്താനും മറ്റുള്ളവരോടുള്ള പെരുമാറ്റം നേരെയാക്കാനും ആര്‍ക്കും സമയമില്ല. ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള പരിശീലനം ലഭിക്കുന്നില്ല. ശാന്തതതന്നെയാണ് പ്രധാനം. നമ്മുടെ പ്രാര്‍ഥനകളെ അര്‍ഥവത്താക്കിയാല്‍ മാത്രം മതി അതു ലഭ്യമാകാന്‍.
സ്‌നേഹവീടിനകത്തെ കുട്ടി ഒരു നല്ല സങ്കല്‍പമാണ്. അവന്‍ ശാന്ത പ്രകൃതനും വൈകാരിക പക്വത നേടിയവനുമായിരിക്കും. അവന്റെ സ്വഭാവം നേരെയാക്കിയെടുക്കുക വളരെ എളുപ്പമാകും. നല്ല ആത്മവിശ്വാസവും ആശയ വിനിമയ രീതികളും അവന്‍ സ്വന്തമാക്കിയെടുത്തിട്ടുണ്ടാവും. നന്മയെ ഉള്‍ക്കൊള്ളാനും തിന്മയെ വിപാടനം ചെയ്യാനും അവന്റെ തെളിഞ്ഞ മനസ്സ് പാകപ്പെട്ടിരിക്കും.
പരസ്പര ബഹുമാനവും പരസ്പര വിശ്വാസവും അവന്റെ മുഖമുദ്രകളായിരിക്കും. മറ്റുള്ളവര്‍ക്കു നല്‍കേണ്ട അര്‍ഹമായ പരിഗണനകള്‍ അവന് വശമായിരിക്കും. ഇതിന് എതിര് കാണുന്ന കുട്ടികളുടെ വീടിനകത്ത് എന്തു നടക്കുന്നു എന്ന് പരശോധിച്ചാല്‍ മതി, അരുതായ്മകളുടെ ചുരുളഴിയും. പാവം കുട്ടികള്‍ അവര്‍ ജനിക്കുന്നതിന് മുമ്പു തന്നെ വഷളാകുന്നുണ്ട്. സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഭാരങ്ങള്‍ അവനെ കൂടുതല്‍ വഷളാക്കുന്നുവെന്ന് മാത്രം.
കൊട്ടിഘോഷിക്കപ്പെടുന്ന പ്രഭാഷണങ്ങളുടെയും ചൈതന്യ ശൂന്യമായ പ്രഖ്യാപനങ്ങളുടെയും ഇടയില്‍ ‘സ്‌നേഹവീട്’ ഒരു അജണ്ട മാത്രമായി ചുരുങ്ങിപ്പോകുക സ്വാഭാവികമാണ്. ശാന്തവും സക്രിയവുമായ ഇടപെടലുകളാണ് സമൂഹത്തില്‍ ആവശ്യം. അതു നിരന്തര സ്വഭാവത്തിലുള്ളതും മൂല്യനിര്‍ണയ സ്വഭാവമുള്ളതുമായിരിക്കണം. മൂല്യങ്ങളിലൂന്നിയ ഒരു സ്‌നേഹ സംസ്‌കാരം വീടുകളിലേക്ക് പകര്‍ന്നു ലഭിക്കണം. തിരുത്തലുകള്‍ വേണ്ട സമയത്ത് വേണ്ട രീതിയില്‍ ചെയ്യാനുള്ള പരിശീലനങ്ങള്‍ ലഭിക്കണം. സ്‌നേഹമെന്നാല്‍ എല്ലാം വാരിക്കോരി നല്‍കുകയാണെന്ന മിഥ്യാ ധാരണകള്‍ മാറി വരണം. ഇലക്ട്രോണിക്, ഐ.ടി.ഹബ്ബുകളായി മാറിപ്പോയ വീടുകള്‍ സ്‌നേഹത്തിന്റെയും സഹകരണ സ്ഥാപനങ്ങളായി വളരണം. കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷപോലും ശാന്ത പ്രകൃതിയില്‍ ഉള്ളതാവണം. അതു കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പാകപ്പെടണം. വിഷ്വല്‍ മീഡിയയും ഇലക്ട്രോണിക്‌സ് മീഡിയകളും പക്വമായി കൈകാര്യം ചെയ്യുന്നതിനുള്ള മീഡിയാ ലിറ്ററസി ഇനിയും ഉണരണം.
ഇതിനൊക്കെ നമുക്ക് ‘മദ്‌റസ’ എന്ന മഹത് സ്ഥാപനം എങ്ങനെ ഉപയോഗപ്പെടുത്താമെന്നു ആലോചിക്കാം. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിം കുടുംബങ്ങള്‍ മദ്‌റസയുമായി ബന്ധം പുലര്‍ത്തുന്നവരായിരിക്കെ ഈ ആശയം എത്തിക്കുക വളരെ എളുപ്പമാവുകയാണ്. ഒരു ലക്ഷത്തിലേറെ വരുന്ന നമ്മുടെ മദ്‌റസാധ്യാപകര്‍ പ്രയോക്താക്കളായി മാറുന്നതോടെ നമ്മുടെ കുടുംബങ്ങള്‍ കൂടുതല്‍ ചലിച്ചു തുടങ്ങും. വീട് ഒരു സ്‌നേഹവീടായി മാറിത്തുടങ്ങും.
പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതിരിക്കാനുള്ള കരുതല്‍ ഈ പദ്ധതി നേരത്തെ കൈവരിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷമായി മദ്‌റസാധ്യാപക ശാക്തീകരണ രംഗത്ത് സ്തുത്യര്‍ഹമായി നിലയുറപ്പിച്ച തദ്‌രീബ് പദ്ധതിയുടെ റിസോഴ്‌സ് പേഴ്‌സണ്‍സ് പരിശീലനം നേടി സജ്ജമായിക്കഴിഞ്ഞു. ഇതിന്റെ ട്രയല്‍ ക്ലാസുകള്‍ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. നേരത്തെയുണ്ടായിരുന്ന 380 ലേറെ വരുന്ന റിസോഴ്‌സ് പേഴ്‌സണ്‍സില്‍ നിന്ന് പ്രത്യേക പരീക്ഷകളും ഇന്റര്‍വ്യൂകളും നടത്തി തെരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരാണ് ക്ലാസുകള്‍ നയിക്കുന്നുത്. 31 പേര്‍ അടങ്ങുന്ന ഈ പരിശീലകര്‍ ‘മുദരിബ്’എന്ന പേരിലാണറിയപ്പെടുന്നത്.
ഇവര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സ്ഥിര ജീവനക്കാരായാണ് സേവനമനുഷ്ഠിച്ചു വരുന്നത്. ‘സ്‌നേഹവീട്’ പദ്ധിതക്കു പുറമെ ‘മധുരം മദ്‌റസ’ എന്ന പേരില്‍ എസ്.കെ.എസ്.ബി.വി വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള റെയ്ഞ്ച് മദ്‌റസാ തല പരിശീലനങ്ങളും മദ്‌റസാ മാനേജ്‌മെന്റ് പരിശീലനങ്ങളും നടത്താന്‍ മുദരിബുമാര്‍ സജ്ജമായിക്കഴിഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള റെയ്ഞ്ചു പാഠശാലകളില്‍ നടക്കുന്ന ജനറല്‍ടോക്, ഗ്രൂപ്പ് ചര്‍ച്ച, വര്‍ക്ക് ഷീറ്റ് നിര്‍മാണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഇനി മുതല്‍ മുദരിബുമാര്‍ മുഴുവന്‍ സമയവും ഉണ്ടാകും. മൂല്യങ്ങളെ ഊര്‍ജസ്വലമായി അവതരിപ്പിക്കാനും വിദ്യാഭ്യാസത്തിന്റെ മേന്മ ഉറപ്പിക്കാനും സദാ ജാഗരൂകരായി ഒരു വിഭാഗം.
പുതിയ പ്രതീക്ഷകളാണ് ഉണരുന്നത്. പരിഭവങ്ങളും പരാതികളും കുറയ്ക്കുക തന്നെ വേണം. ഭയം പാടെ ഇല്ലാതാവണം. പൂര്‍ണ ആത്മവിശ്വാസത്തോടെ ഒരു സമൂഹം ഉണര്‍ന്നു മുന്നോട്ടു പോകണം. അതിന് സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നു തന്നെ തുടങ്ങേണ്ടതുണ്ട് നമുക്ക് വീടുകളില്‍ നിന്നു തന്നെ തുടങ്ങാം ‘സ്‌നേഹവീട്’ എന്ന കാലോചിതമായ ആശയത്തിലൂടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.