2017 November 13 Monday
മനുഷ്യാവസ്ഥയെക്കുറിച്ചു നിരാശപ്പെടുന്നവന്‍ ഭീരു തന്നെ; അതില്‍ മോഹം കൊള്ളുന്നവന്‍ വിഡ്ഢിയും
ആല്‍ബര്‍ട്ട് കാമ്യു

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ വന്‍ഭൂകമ്പം; 400 മരണം

ടെഹ്‌റാന്‍: ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 400 പേര്‍ മരിച്ചു. ഏഴായിരം പേര്‍ക്ക് പരുക്കേറ്റു. പ്രാദേശികസമയം ഞായറാഴ്ച രാത്രി 9.18നായിരുന്നു ഭൂകമ്പമാപിനിയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാഖിലെ കുര്‍ദിസ്താനിലെ സുലൈമാനിയ നഗരത്തിനടുത്തു ഹലാബ്ജയുടെ തെക്കുപടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും ശക്തമായ ഭൂകമ്പത്തില്‍ ഗള്‍ഫ് മേഖലയും കുലുങ്ങി.
ഭൂമികുലുക്കം അനുഭവപ്പെട്ടതോടെ ആളുകള്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പലരും തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയും ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതസൗകര്യവും മറ്റു വാര്‍ത്താവിതരണ സൗകര്യങ്ങളും താറുമാറായി. ഇതോടെ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും തടസപ്പെട്ടു. ദുരന്തത്തില്‍ എഴുപതിനായിരത്തിലേറെ പേര്‍ ഭവനരഹിതരായതായി ഇറാന്‍ സുരക്ഷാസേന അറിയിച്ചു. ഇറാഖിനും ഇറാനും പുറമേ കുവൈത്ത്, യു.എ.ഇ, തുര്‍ക്കി, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാഖിലും ഇറാനിലുമാണ് ദുരന്തത്തില്‍ ആളപായമുണ്ടായത്. നാശനഷ്ടങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാനിലാണ്. ഇറാനില്‍ മാത്രം 341 പേര്‍ മരിക്കുകയും ആറായിരത്തോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ കെര്‍മാന്‍ഷ റീജിയനിലെ സര്‍പോളെ സാഹബ് നഗരത്തിലാണ് നാശനഷ്ടങ്ങളിലേറെയും. ഇറാഖ് അതിര്‍ത്തിയില്‍നിന്ന് 15 കിലോമീറ്റര്‍ മാത്രം മാറിയുള്ള ഇവിടെ മിക്ക വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. കെര്‍മാന്‍ഷ റീജിയനില്‍ എട്ടോളം ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഇവിടങ്ങളില്‍ മാത്രം 129 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് ഇറാന്‍ ഭരണകൂടം അറിയിച്ചു.
ഇറാഖില്‍ കുറഞ്ഞത് ഏഴു പേര്‍ ഭൂകമ്പത്തില്‍ മരിച്ചു. സുലൈമാനിയ റീജിയനിലടക്കം ജനങ്ങള്‍ വീടുകളില്‍ കയറാതെ തെരുവില്‍ കഴിയുകയാണ്. ഇറാഖില്‍ കുര്‍ദിസ്താന്‍ റീജിയനിലെ ദര്‍ബന്ധിഖാന്‍ ടൗണിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.