2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇറാഖ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന കലാപത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച മുതല്‍ ബാഗ്ദാദിനെയും നിരവധി തെക്കന്‍ നഗരങ്ങളെയും പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭം നേരിടാന്‍ ഇറാഖ് സര്‍ക്കാര്‍ വിഷമിക്കുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കുക, മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
കലാപത്തില്‍ 104 പേര്‍ കൊല്ലപ്പെട്ടുവെന്നും സുരക്ഷാ സേനയിലെ എട്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 6000 ത്തിലധികം പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് സാദ്മാന്‍ പറഞ്ഞു. വെള്ളിയാഴ്ച ബാഗ്ദാദില്‍ ഉണ്ടായ ഏറ്റവും മാരകമായ അക്രമത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ വിജയത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ഇറാഖ് നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഈ ജനകീയ പ്രക്ഷോഭം. മേഖലയിലെ യു.എസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ കുടുങ്ങിയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ പ്രശ്‌നങ്ങള്‍ ഒരു നിര്‍ണായക സമയത്താണ്. ഇറാഖ് ഇരു രാജ്യങ്ങളുമായും സഖ്യമുണ്ടാക്കുകയും ആയിരക്കണക്കിന് യു.എസ് സൈനികര്‍ക്കും ഇറാനുമായി സഖ്യമുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു.

ഇറാഖിലെ ഏറ്റവും മുതിര്‍ന്ന ഷിയാ ആത്മീയ നേതാവ് അയതുള്ള അലി അല്‍ സിസ്താനി പ്രതിഷേധക്കാരോടും സുരക്ഷാ സേനയോടും അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതേസമയം രാജ്യത്തെ പ്രധാനമന്ത്രി പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ച് പോകാന്‍ ആഹ്വാനം ചെയ്തു. പ്രതിഷേധക്കാര്‍ എവിടെയായിരുന്നാലും ഏറ്റുമുട്ടല്‍ ഇല്ലാതെ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുമെന്ന് പ്രധാനമന്ത്രി അദെല്‍ അബ്ദുള്‍ മഹ്ദി പറഞ്ഞു.

പ്രതിഷേധക്കാരെ പ്രീണിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത നിരവധി നടപടികള്‍ പ്രധാനമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കുകയും കുറഞ്ഞ വരുമാനക്കാര്‍ക്ക് സബ്‌സിഡി നിരക്കില്‍ വീടും സ്ഥലവും നല്‍കുകയും ചെയ്തു. എന്നിട്ടും ചെറിയ തോതില്‍ ആണെങ്കിലും. പ്രകടനക്കാര്‍ ഞായറാഴ്ച വീണ്ടും തെരുവിലിറങ്ങി. പ്രതിവാര റാലികളുടെ ലക്ഷ്യസ്ഥാനമായ തഹ്രിര്‍ സ്‌ക്വയറില്‍ നിന്ന് നാല് കിലോമീറ്റര്‍ (2.5 മൈല്‍) അകലെയുള്ള ബാഗ്ദാദ് നഗരപ്രദേശമായ സദര്‍ സിറ്റിക്കു സമീപം നൂറുകണക്കിന് ആളുകള്‍ തെരുവുകളില്‍ തടിച്ചുകൂടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News