2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഇരുട്ട് നിറഞ്ഞ മനസിന്റെ അകമുറിവുകള്‍

ആയ

By വെള്ളിയോടന്‍
സൈകതം ബുക്‌സ്
വില 75.00 രൂപ

 

ഹംസ അറക്കല്‍

മനുഷ്യജീവിതത്തിന്റെ ദുരൂഹവും സങ്കീര്‍ണവുമായ ജീവിതാവസ്ഥകളെ വൈകാരികതീക്ഷ്ണതയോടെ ആഖ്യാനം ചെയ്യുന്ന കഥകളാണ്് വെള്ളിയോടന്റെ ‘ആയ’ എന്ന കഥസമാഹാരം. ജീവിതമെന്ന യാഥാര്‍ഥ്യത്തോട് ഏറ്റുമുട്ടുന്ന സാധാരണ മനുഷ്യരുടെ കഥകളായി വായനക്കാരന്റെ സംവേദനശീലങ്ങളില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു അവ.
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ വ്യക്തികളുടെ മനസിലേക്കും സ്വഭാവ വൈചിത്രങ്ങളിലേക്കും മൗനമായ നിലവിളികളിലേക്കും ആഴ്ന്നിറങ്ങുകയാണു കഥാകാരന്‍. ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള നൈതികമായ അന്വേഷണമായി ഒരോ കഥകളും പരിണമിക്കുന്നു. എല്ലാം തുറന്നുപറ ുന്ന രീതിയല്ല വെള്ളിയോടന്റെ കഥാശില്‍പം. കഥയില്‍ ഒളിപ്പിച്ചുവച്ച മൗനങ്ങളിലൂടെ, പൂരിപ്പിക്കാതെ യപോയ അപൂര്‍ണങ്ങളിലൂടെ ജീവിത ദര്‍ശനത്തിന്റെ പുതി തലങ്ങളിലേക്കു നയിക്കുന്ന രചനാതന്ത്രം ചില കഥകളിലെങ്കിലും വെള്ളിയോടന്‍ പരീക്ഷിക്കുന്നുണ്ട്.
‘വെള്ളാരം കണ്ണുകള്‍ അയാളോടു പറഞ്ഞത് ‘ എന്ന കഥ തന്നെ ഉദാഹരണം: തീവ്രവാദം ആരോപിക്കപ്പെട്ട്, ചെയ്യാത്ത കുറ്റത്തിന് ഒന്‍പതു വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അയാളിലേക്കു കുറേപേര്‍ നടന്നടുക്കുന്നു. അവരില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ട്. അവരുടെയെല്ലാം കൈകളില്‍ ഓരോ കല്ലുകളും. അവര്‍ക്കിടയില്‍നിന്നു രണ്ട്ു വെള്ളാരം കണ്ണുകള്‍ അയാളെ ആര്‍ദ്രതയും ദേഷ്യവും കലര്‍ന്ന രീതിയില്‍ നോക്കുന്നു. നിരവധി ചുഴികളില്‍ അകപ്പെട്ട അയാളുടെ ജീവിതത്തില്‍ വീണ്ടും ബസ് സ്റ്റോപ്പും ജയന്തി ബസും കടന്നുവന്നു. കാമുകിയും കഥാനായികയുമായ അമുദ്രതയുടെ ആര്‍ദ്രമായതും ദേഷ്യം കലര്‍ന്നതുമായ നോട്ടത്തില്‍ കഥാകാരന്‍ ഒളിപ്പിച്ചുവയ്ക്കുന്ന മൗനത്തില്‍ വിവിധങ്ങളായ അര്‍ഥോല്‍പാദന സാധ്യതകള്‍ കഥയില്‍ വിക്ഷേപിക്കുന്നുണ്ട്.
ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ രണ്ടു മത വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രണയമാണു കഥയുടെ പ്രമേയം. അതിന്റെ അപജയങ്ങള്‍ക്കു കാരണമായിത്തീരുന്നതിനെ ആഖ്യാതാവ് സൂക്ഷ്മമായി കഥയില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ പുതിയ ഭാവുകത്വം കൈവരുന്നു. ഒരു തെറ്റും ചെയ്യാതെ ഗുജറാത്തിന്റെ തെരുവുകളിലൂടെ കൂട്ടുകാരനായ നസീംഖാനുമൊത്ത് വെറുതെ നടക്കാനിറങ്ങിയ അയാളെ പൊലിസ് പിടികൂടുന്നതു തികച്ചും യാദൃച്ഛികമായി നമുക്കനുഭവപ്പെടാം. എന്നാല്‍, എല്ലായ്‌പ്പോഴും നമ്മുടെയുള്ളില്‍ ഒരു കരുതല്‍ വേണമെന്നു തുടര്‍ന്നുള്ള സംഭവങ്ങളിലൂടെ കഥ ഓര്‍മിപ്പിക്കുന്നു. അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പരിച്ഛേദിക്കപ്പെട്ടവരെ കണ്ടെത്തി തീവ്രവാദം ആരോപിക്കുകയും കൊടുംശിക്ഷകളിലൂടെ പുരുഷയൗവനത്തെ ചതച്ചരച്ചുകളയുകയും ചെയ്യുന്നതിനെ സര്‍ഗാത്മകമായി പ്രതിരോധിക്കുകയാണ് എഴുത്തുകാരന്‍. ഗോദ്ര സംഭവത്തെ തുടര്‍ന്നുള്ള കലാപവും ന്യൂനപക്ഷവേട്ടയും ഈ കഥ ഓര്‍മിപ്പിക്കുന്നുണ്ട്. ടയര്‍ പഞ്ചറായ ബസിന്റെ വരവു കാത്തുനില്‍ക്കുന്നിടത്താണ് വെള്ളിയോടന്‍ ഈ കഥ അവസാനിപ്പിക്കുന്നത്.
ദാരിദ്ര്യം ഒരു മൂല്യപ്രശ്‌നമായി മാറുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. ‘അടിയൊഴുക്കില്‍പെട്ട പരല്‍മീനുകള്‍’ ഭര്‍തൃഗൃഹത്തില്‍ പീഡനമനുഭവിക്കുന്ന ഒരമ്മയുടെ നിലവിളികളാണ്. പുരുഷകേന്ദ്രീകൃതമായ കുടുംബവ്യവസ്ഥയെ ഈ കഥ ചോദ്യം ചെയ്യുന്നു. തനിക്കുകൂടി അവകാശപ്പെട്ട വീടിന്റെ സൂക്ഷിപ്പുമുറിയില്‍ കയറി കള്ളനെപ്പോലെ പച്ച ഗോതമ്പുകൊണ്ടു വിശപ്പകറ്റാന്‍ ശ്രമിക്കുന്ന അമ്മയും, അമ്മയുടെ കഴുത്തില്‍ മരണത്തിന്റെ ചരടു മുറുക്കുന്ന മകളും ഒരു ഭാവതലം സൃഷ്ടിക്കുന്നു.
സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു തെറിച്ചുപോയ താഴേതട്ടില്‍പെട്ട മനുഷ്യരാണ് വെള്ളിയോടന്റെ കഥാപാത്രങ്ങളില്‍ അധികവും. അവരുടെ വൈകാരികതയും ചിന്താഭാവങ്ങളും സ്വഭാവവ്യതിയാനങ്ങളും സൂക്ഷ്മവും തീവ്രവവുമായ ഭാഷയില്‍ കഥാകാരന്‍ ആവിഷ്‌കരിക്കുന്നു.
‘നിഴല്‍ വ്യാപാരികള്‍’ എന്ന കഥയിലെ പരമുവേട്ടന്‍ തിരസ്‌കൃതരുടെ പ്രതിരൂപമാണ്. ശക്തമായ കാറ്റും മഴയും ഇടിയും മിന്നലുമുള്ള രാത്രിയില്‍ അയാളുടെ ഭാര്യ കൊറുമ്പി മരിച്ചതുപോലും ഈ ലോകം അറിയാതെ പോയത് അതുകൊണ്ടാണ്.
”പരമുവേട്ടന്‍ ഉച്ചത്തില്‍ നിലവിളിച്ചു. അയലത്തെ ചാത്തുട്ടിയെയും ചീരുവിനെയുമെല്ലാം വിളിച്ചു. മിന്നല്‍പ്പിണരിനിടയിലൂടെ വരാനുള്ള ഭയമോ അതോ ഇടിയുടെ പരുക്കന്‍ ശബ്ദത്തിനിടയില്‍ ആ രോദനം വീണുടഞ്ഞതോ എന്തോ ആരും വന്നില്ല. പുലരുംവരെ ആത്മാവുപേക്ഷിച്ച ദേഹത്തിന് പരമുവേട്ടന്‍ കാവലിരുന്നു.”
വെള്ളിയോടന്‍ കഥ പറയുകയല്ല, അനുഭവിപ്പിക്കുകയാണു ചെയ്യുന്നത്. അത്രമാത്രം സ്വാഭാവികതയോടെയാണു കഥാപാത്രങ്ങളും സംഭവങ്ങളും നമുക്കുമുന്‍പില്‍ തെളിയുന്നത്. ലക്ഷം കോളനിയിലെ കുഞ്ഞുവീട്ടിലെ ഒരു മുറിക്കുള്ളില്‍ അടക്കം ചെയ്ത ഭാര്യ കൊറുമ്പിയുടെയും മകള്‍ മാതുവിന്റെയും രണ്ടാത്മാക്കള്‍ക്കു കാവലായ് അന്തിയുറങ്ങുന്ന സഖാവ് പരമുവേട്ടന്‍ താന്‍ അനുഭവിച്ച ദുരന്തങ്ങള്‍ക്കപ്പുറം, ആ കൊച്ചുവീട്ടില്‍ പെയ്തിറങ്ങിയ സ്‌നേഹത്തിന്റെയും പരിലാളനയുടെയും ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നു. വായനക്കാര്‍ക്കു പെട്ടെന്നു മറക്കാനാവില്ല ഈ കഥാപാത്രത്തെ. കേവലം ഒറ്റപ്പെട്ട മനുഷ്യന്റെ കഥയെന്നതിലുപരി ഒരു വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന കഥയായി മാറുന്നു ‘നിഴല്‍ വ്യാപാരികള്‍’. വേട്ടയാടപ്പെടുന്നവരുടെ നിരാലംബമനസിനെ വലവീശുന്ന ഭരണകൂട താല്‍പര്യങ്ങളെ കഥ വിചാരണ ചെയ്യുന്നുണ്ട്.
ടൈറ്റില്‍ കഥയായ ‘ആയ’ ഉള്‍പ്പെടെ പതിനാലു കഥകളാണ് ഈ സമാഹാരത്തില്‍. മരുഭൂമിയിലെ വന്യമായ ഏകാന്തതയെ അതിജീവിക്കാനാണു പലപ്പോഴും കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ ബേബി സിറ്റിങ് ജോലികളില്‍ ഏര്‍പ്പെടുന്നത്. മാതാവിന്റെ മാറിടത്തിന്റെ ചൂടില്‍നിന്ന് അവരെ വേര്‍പ്പെടുത്തുമ്പോള്‍ നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മുലപ്പാല്‍ ചുരത്തി മാറിടം നനയ്ക്കുന്ന പ്രവാസമണ്ണിലെ കുട്ടികളില്ലാത്ത ആയമാരെ ഈ കഥ ഓര്‍മിപ്പിക്കുന്നു. ആംഗലേയ ഭാഷയിലാണു മനുഷ്യന്റെ സ്വത്വവും ഉന്നതമായ സംസ്‌കാരവുമെന്ന മിഥ്യാധാരണയില്‍ ജീവിക്കുന്ന പുതുയുഗത്തിലെ കൊച്ചമ്മമാര്‍ക്കുള്ളതാണ് ഈ കഥ.
മ്യൂസ് മേരി ജോര്‍ജാണ് അവതാരിക നിര്‍വഹിച്ചിരിക്കുന്നത്. സൈകതം ബുക്‌സ് ആണു പ്രസാധകര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.