2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

ഇരുട്ടിന്റെ ഭീതിയില്‍ യാത്രക്കാര്‍

 

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ രാത്രിയാത്ര ദുരിതം. പ്ലാറ്റ്‌ഫോമിന്റെ അരികില്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടും ഇവയൊന്നും പ്രകാശിക്കാത്ത അവസ്ഥയാണ്. ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ ഓഫിസ് കെട്ടിടത്തിന്റെ എതിര്‍ ഭാഗത്ത് മാത്രമാണ് നിലവില്‍ രണ്ടാം പ്ലാറ്റ്‌ഫോമിലേക്കു വെളിച്ചം ലഭിക്കുന്നത്.
പ്ലാറ്റ്‌ഫോമിന്റെ തെക്ക് ഭാഗത്തും വടക്കുഭാഗത്തുമുള്ള പ്രദേശം സസ്യയാകുന്നതോടെ ഇരുട്ടിലാകും. കുട്ടികളും സ്ത്രീകളുമുള്‍പ്പെടുന്ന യാത്രക്കാര്‍ ഒരു സുരക്ഷിതത്വവുമില്ലാതെയാണ് ഇവിടെ ട്രെയിന്‍ കാത്തിരിക്കേണ്ടത്. വടക്കുഭാഗത്ത് നിന്നു സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ ഇറങ്ങിയാലും ഇരുട്ടിലൂടെ വേണം നടക്കാന്‍.
ആഴ്ചകളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ റെയില്‍വേ അധികൃതര്‍ തയാറായിട്ടില്ല. ലൈറ്റുകള്‍ പ്രകാശിക്കാത്തതിന് കാരണം സാങ്കേതിക തകരാറാണെന്നാണ് അധികൃതരുടെ ന്യായീകരണം.
സ്റ്റേഷന്റെ കിഴക്ക് ഭാഗത്തു കൂടി കണ്ടങ്കാളി, മമ്പലം ഭാഗത്തേക്ക് പോകേണ്ടതും വരേണ്ടതുമായ യാത്രക്കാരും വെളിച്ചമില്ലാത്തതിനാല്‍ ദുരിതത്തിലാണ്. ഗുഡ്‌സ് ട്രെയിന്‍, എന്‍ജിന്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുന്നത് മൂന്നാം പ്ലാറ്റ്‌ഫോമിലാണ്. ഇവ കടന്നുവേണം കിഴക്ക് ഭാഗത്തെ യാത്രക്കാര്‍ക്കു കടക്കാന്‍. രണ്ടാം പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന യാത്രക്കാരുടെ ആവശ്യവും ഇതുവരെ ചെവിക്കൊള്ളാന്‍ അധികൃതര്‍ തയാറായിട്ടില്ല.
വല്ലപ്പോഴും പ്രവര്‍ത്തിക്കുന്ന ഒന്നാം പ്ലാറ്റ്‌ഫോമിലെ കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമാണ് യാത്രക്കാരുടെ ആശ്രയം. സ്റ്റേഷന്റെ തെക്കു ഭാഗത്ത് ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ സ്റ്റേഷനിലെത്തി ഉറപ്പു പറഞ്ഞിട്ടും അതെല്ലാം വെറുതെയായി. നേവല്‍ അക്കാദമി, സി.ആര്‍.പി.എഫ് പെരിങ്ങോം ഉള്‍പ്പടെ വരുന്ന ജില്ലയിലെ സുപ്രധാന സ്റ്റേഷനായ പയ്യന്നൂരിനോടാണ് അധികൃതരുടെ ഈ അവഗണന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.